മുംബൈ- വിദേശ വിനിമയ വിപണിയില്‍ ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യത്തകര്‍ച്ച ഏല്ലാ റെക്കോര്‍ഡുകളും ഭേദിക്കുന്നത് തുടരുന്നു. രൂപയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു ഡോളറിന് 71 രൂപ എന്ന ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തി. ക്രൂഡ് ഓയില്‍ വില ഉയരുന്ന പശ്ചാത്തലത്തില്‍ ഡോളറിന്റെ ഡിമാന്റ് ഉയര്‍ന്നു തന്നെ നിന്നതാണ് രൂപയുടെ മൂല്യം 26 പൈസ കൂടി ഇടിഞ്ഞ് 71 രൂപയിലെത്തിച്ചത്. വിദേശ വിനിമയ വിപണിയില്‍ വെള്ളിയാഴ്ച ഒരു ഡോളറിന് 70.95 രൂപ എന്ന നിലയിലാണ് വ്യാപാരം തുടങ്ങിയത്. താമസിയാതെ ഇത് 71 രൂപയിലെത്തി. എണ്ണ ഇറക്കുമതിക്കാര്‍ക്കിടയില്‍ ഡോളറിന്റെ ഡിമാന്റ് കൂടിയതിനു പുറമെ പലിശ നിരക്ക് ഉയരുമെന്ന പ്രതീക്ഷയില്‍ എതിരാളികള്‍ക്കെതിരെ ഡോളര്‍ കൂടുതല്‍ കരുത്താര്‍ജ്ജിച്ചതും ഇന്ത്യന്‍ രൂപയ്ക്ക് തിരിച്ചടിയായെന്ന് ഫോറെക്‌സ് ഇടപാടുകാര്‍ പറയുന്നു. വ്യാഴാഴ്ച 15 പൈസ ഇടിഞ്ഞ് രൂപയുടെ മൂല്യം 70.74 രൂപയിലെത്തിയിരുന്നു.