ഇസ്താംബുൾ- ഇസ്താംബൂളിലെ കോടതിക്ക് പുറത്തുള്ള സുരക്ഷാ ചെക്ക്‌പോസ്റ്റിന് നേരെ ആക്രമണം നടത്തിയ രണ്ടു പേരെ പോലീസ് വെടിവെച്ചുകൊന്നു. ഇടതുപക്ഷ സംഘടനയിൽ നിന്നുള്ള രണ്ട് അക്രമികളെയാണ് തുർക്കി പോലീസ് വെടിവച്ചു കൊന്നത്. അക്രമികൾ റവല്യൂഷണറി പീപ്പിൾസ് ലിബറേഷൻ പാർട്ടിഫ്രണ്ടിന്റെ (ഡി.എച്ച്.കെ.പി.സി) അംഗങ്ങളാണെന്ന് ആഭ്യന്തര മന്ത്രി അലി യെർലികായ പറഞ്ഞു. 1980കൾ മുതൽ തുർക്കിയിൽ ഇടയ്ക്കിടെ ആക്രമണങ്ങൾ നടത്തിയിട്ടുള്ള ഇടതുപക്ഷ ഗ്രൂപ്പാണിത്. അമേരിക്ക തീവ്രവാദ സംഘടനയായി കണക്കാക്കുന്ന സംഘം മിഡിൽ ഈസ്റ്റിലും ലോകമെമ്പാടുമുള്ള യുഎസ് സ്വാധീനത്തിനെതിരെ പോരാടുന്ന വിഭാഗമാണ്. ഒരു സ്ത്രീയും പുരുഷനും അടങ്ങുന്ന സംഘത്തെയാണ് തുർക്കി സൈന്യം വധിച്ചത്. അക്രമണത്തിൽ ഒരു പോലീസുകാരൻ കൊല്ലപ്പെട്ടു. മൂന്നു സാധാരണക്കാർക്കും പരിക്കേറ്റു.
വിശാലമായ കോടതി കെട്ടിടത്തിലേക്കുള്ള പ്രധാന കവാടത്തിലേക്ക് നയിക്കുന്ന ചെക്ക് പോയിന്റിലാണ് അക്രമികൾ വെടിയുതിർത്തത്. ആക്രമണത്തെ സൗദി അപലപിച്ചു.