ശ്രീനഗര്‍- ദക്ഷിണ കശ്മീരിലെ വിവിധയിടങ്ങളില്‍ നിന്നായി അഞ്ചു പോലീസ് ഉദ്യോഗസ്ഥരുടെ കുടുംബങ്ങളെ ഭീകരര്‍ തട്ടിക്കൊണ്ടു പോയതായി റിപോര്‍ട്ട്. വ്യാഴാഴ്ച വൈകുന്നേരം ഭീകരര്‍ ഇവരുടെ വീടുകള്‍ റെയ്ഡ് നടത്തിയാണ് കുടുംബാംഗങ്ങളെ തട്ടിക്കൊണ്ടു പോയതെന്ന് സുരക്ഷാ സേനാ വൃത്തങ്ങള്‍ പറഞ്ഞതായി എന്‍.ഡി.ടി.വി റിപോര്‍ട്ട് ചെയ്യുന്നു. പുല്‍വാമ, അനന്ത്‌നാഗ്, കുല്‍ഗാം ജില്ലകളില്‍ നിന്നാണ് ഇവരെ തട്ടിക്കൊണ്ടു പോയത്. സുരക്ഷാ സേന ഈ മേഖലകളില്‍ ഭീകരര്‍ക്കു വേണ്ടി വ്യാപക തിരച്ചില്‍ നടത്തിയിരുന്നു. ഇതിനിടെ ഭീകരരുടെ ഏതാനും കുടുംബാംഗങ്ങള്‍ അറസ്റ്റിലാകുകയും ചെയ്തിരുന്നു. തൊട്ടുപിന്നാലെയാണ് ഭീകരരും പോലീസുകാരുടെ വീടുകളില്‍ റെയ്ഡ് നടത്തി കുടുംബാംഗങ്ങളെ തട്ടിക്കൊണ്ടു പോയത്. ഇത് ഭീകരരുടെ സമ്മര്‍ദ്ദ തന്ത്രമാണെന്ന് സുരക്ഷാ സേന പറയുന്നു.
പുല്‍വാമ ജില്ലയില്‍ നിന്ന് വ്യാഴാഴ്ച ഒരു പോലീസുകാരനെ ഭീകരര്‍ തട്ടിക്കൊണ്ടു പോയിരുന്നു. മര്‍ദ്ദിച്ചവശനാക്കിയ ശേഷം ഇദ്ദേഹത്തെ പിന്നീട് മോചിപ്പിച്ചു. ഒരു പോലീസ് ഉദ്യോഗസ്ഥന്റെ സഹോദരനും മറ്റൊരു പോലീസുദ്യോഗസ്ഥന്റെ അച്ഛനും തട്ടിക്കൊണ്ടു പോയവരില്‍പ്പെടും. ബുധനാഴ്ച മറ്റൊരു പോലീസുദ്യോഗസ്ഥന്റെ മകനേയും തട്ടിക്കൊണ്ടു പോയിരുന്നു. ഭീകരരുടെ പിടിയിലുള്ള പോലീസുകാരുടെ കുടുംബാംഗങ്ങളുടെ സുരക്ഷ ഉറപ്പു വരുത്താനുള്ള ശ്രമത്തിലാണെന്ന് സുരക്ഷാ സേന അറിയിച്ചു.
അതിനിടെ ഭീകരരുടെ കുടുംബാംഗങ്ങളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ദക്ഷിണ കശ്മീരില്‍ പലയിടങ്ങളിലും ഗ്രാമീണര്‍ സുരക്ഷാ സേനയ്‌ക്കെതിരെ പ്രതിഷേധിച്ചു തെരുവിലിറങ്ങി. ഷോപ്പിയാനില്‍ നാലു പോലീസുകാര്‍ കൊല്ലപ്പെട്ടതിനു പിന്നാലെ സൈനികള്‍ ഭീകരരുടെ വീടുകള്‍ തീയിട്ടു നശിപ്പിച്ചതായും പ്രദേശ വാസികള്‍ ആരോപിക്കുന്നു.