Sorry, you need to enable JavaScript to visit this website.

കണ്ണൂരില്‍ ഡോണിയര്‍ പറന്നിറങ്ങി; റണ്‍വേ ഉണരാന്‍ ഇനി രണ്ട് മാസം

കാലിബ്രേഷന്‍ പരിശോധനക്കായി കണ്ണൂര്‍ വിമാനത്താവളത്തിലിറങ്ങിയ ഡോണിയര്‍ വിമാനം.
കണ്ണൂര്‍ - കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിനു അന്തിമാനുമതി നല്‍കുന്നതിനു മുന്നോടിയായുള്ള കാലിബ്രേഷന്‍ ടെസ്റ്റ് ആരംഭിച്ചു. വിമാനത്താവളത്തില്‍ സ്ഥാപിച്ച ഇന്‍സ്ട്രുമെന്റേഷന്‍ ലാന്‍ഡിംഗ് സിസ്റ്റത്തിന്റെ (െഎ.എല്‍.എസ്) കൃത്യത പരിശോധിക്കുന്നതിനായി വ്യാഴാഴ്ച ഉച്ചയോടെ ദല്‍ഹിയില്‍ നിന്നുള്ള ഡോണിയര്‍ വിമാനം റണ്‍വേയിലിറങ്ങി. പരിശോധന വെള്ളിയാഴ്ചയും തുടരും. ഐ.എല്‍.എസ് നേരത്തെ സ്ഥാപിച്ചിരുന്നുവെങ്കിലും കാലാവസ്ഥാ പ്രശ്‌നങ്ങള്‍ മൂലമാണ് കാലിബ്രേഷന്‍ പരിശോധന വൈകിയത്.
 
വിമാനങ്ങല്‍ സുരക്ഷിതമായി ഇറങ്ങുന്നതിനു നിര്‍ദേശങ്ങള്‍ ലഭ്യമാക്കുന്ന ഉപകരണമാണ് ഐ.എല്‍.എസ്. ഡോണിയര്‍ ഇനത്തില്‍ പെട്ട ചെറു വിമാനമാണ് ഇന്നലെ പരിശോധനക്കായി റണ്‍വേയിലിറങ്ങിയത്. പൂനെയിലെ അന്തരീക്ഷ വിജ്ഞാന കേന്ദ്രത്തിലെ ഉദ്യോഗസ്ഥരും വിമാനത്തിലുണ്ടായിരുന്നു.
 
കണ്ണൂര്‍ വിമാനത്താവളത്തിനു മുകളിലൂടെ പറക്കുന്ന വിമാനങ്ങള്‍ക്കു വിമാനത്താവളത്തെക്കുറിച്ചു കൃത്യമായ വിവരങ്ങള്‍ നല്‍കുന്ന ഡോപ്ലര്‍ വെരിഫൈ ഫ്രീക്വന്‍സി ഓംനി റേഞ്ച് (ഡി.വി.ഒ.ആര്‍) എന്ന ഉപകരണത്തിന്റെ കൃത്യത അറിയാനായി നേരത്തെ കണ്ണൂര്‍ വിമാനത്താവളത്തില്‍ പരിശോധനാ വിമാനം ഇറങ്ങിയിരുന്നു.

പ്രളയക്കെടുതിയില്‍ ദുരിതാശ്വാസ സഹായ സാമഗ്രികള്‍ കൊണ്ടുപോകുന്നതിനു കഴിഞ്ഞ രണ്ടാഴ്ചക്കിടെ മൂന്നു തവണ വ്യോമ സേനയുടെ വിമാനം കണ്ണൂര്‍ വിമാനത്താവളത്തിലിറങ്ങിയിരുന്നു.
കണ്ണൂര്‍ വിമാനത്താവളത്തിനു സെപ്റ്റംബര്‍ 15 നകം എല്ലാ സാങ്കേതികാനുമതികളും ലഭ്യമാക്കുമെന്ന് കേന്ദ്ര വ്യോമയാന സെക്രട്ടറി ഉറപ്പു നല്‍കിയിട്ടുണ്ട്. വിമാന കമ്പനികളുടെ ശൈത്യകാല സര്‍വീസ് ഷെഡ്യുളില്‍ തീരുമാനമാകുന്ന മുറക്ക് കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടന തീയതിയും നിശ്ചയിക്കും.
 
ഒക്‌ടോബര്‍ അവസാന വാരം ഉദ്ഘാടനം നടത്തി, നവംബര്‍ ആദ്യ വാരം വിദേശ - ആഭ്യന്തര സര്‍വീസുകള്‍ ആരംഭിക്കാനാവുമെന്നാണ് കരുതുന്നത്. കുറഞ്ഞ ചെലവില്‍ വിമാന യാത്ര സാധ്യമാക്കുന്ന ഉഡാന്‍ പദ്ധതിയില്‍ കണ്ണൂര്‍ ഉള്‍പ്പെടുത്തിയിരുന്നുവെങ്കിലും, തുടക്കം മുതല്‍ വിദേശ സര്‍വീസുകള്‍ നടത്തുന്നതിനായി നിബന്ധനകളില്‍ ഇളവു നല്‍കുകയായിരുന്നു.


            

              

Latest News