Sorry, you need to enable JavaScript to visit this website.

കടലില്‍ വള്ളങ്ങള്‍ കൂട്ടിയിടിച്ച് മത്സ്യത്തൊഴിലാളി മരിച്ചു

ആലപ്പുഴ- കടലില്‍ മത്സ്യ ബന്ധനത്തിടെ വള്ളങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മത്സ്യത്തൊഴിലാളി മരിച്ചു. മാരാരിക്കുളം വടക്ക് പഞ്ചായത്തില്‍ 17-ാം വാര്‍ഡില്‍ ചെത്തി  കാക്കരിയില്‍ ഫ്രാന്‍സീസ് (കുഞ്ഞാപ്പന്‍- 63) ആണ് മരിച്ചത്. 

അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കുണ്ട്. ഇവരെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ പുലര്‍ച്ചെ തൈക്കല്‍ കടലില്‍ ചെത്തിയിലെ പിള്ളേര്‍ വള്ളത്തില്‍ തൃക്കുന്നപ്പുഴ പടന്നയില്‍ വള്ളം ശക്തമായി വന്ന് വന്നിടിക്കുകയായിരുന്നു. 

പിള്ളേര്‍ വള്ളത്തിന്റെ ക്യാരിയര്‍ വള്ളത്തില്‍ ഉണ്ടായിരുന്ന ഫ്രാന്‍സീസ് ഉടന്‍ തന്നെ മരിക്കുകയായിരുന്നു. വള്ളത്തില്‍ ഉണ്ടായിരുന്ന ഭാര്‍ഗവന്‍ (66), ജയ്സണ്‍ (20), സണ്ണി (45), മോനച്ചന്‍ (45) സെബാസ്റ്റ്യന്‍ (60), ദിനേശന്‍ (60) എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. 

പിള്ളേര്‍ വള്ളത്തിന് നാല് ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി ഉടമ ബിജു സെബാസ്റ്റ്യന്‍ കാക്കരിയില്‍ പറഞ്ഞു. ഫ്രാന്‍സീസിന്റെ സംസ്‌ക്കാരം നടത്തി. ഭാര്യ: സ്റ്റെല്ല. മക്കള്‍: ആനിറ്റ്, ഷര്‍ഡില്‍, ജോസ് പ്രദീപ്.

Latest News