കൊച്ചി- എറണാകുളം ടൗണ്‍ ഭാഗങ്ങളില്‍ കാറില്‍ കറങ്ങി നടന്ന് രാസലഹരി വില്‍പ്പന നടത്തി വന്നിരുന്ന സംഘത്തിലെ രണ്ട് പേര്‍ എക്‌സൈസ് പിടിയിലായി. എളമക്കര പാറയില്‍ റോഡില്‍ താമസിക്കുന്ന കൊല്ലം മണ്‍റോത്തുരുത്ത് പട്ടംതുരുത്ത് സുകേഷിനി വിലാസം വീട്ടില്‍ അമില്‍ ചന്ദ്രന്‍ (28), കലൂര്‍ എളമക്കര പുല്യാട്ട് പറമ്പില്‍ വീട്ടില്‍ അഭിജിത്ത് (30) എന്നിവരാണ് സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് (സീസ്) ടീം, എക്‌സൈസ് ഇന്റലിജന്‍സ്, എറണാകുളം സ്‌പെഷ്യല്‍ സ്‌ക്വാഡ് പാര്‍ട്ടി എന്നിവരുടെ സംയുക്ത നീക്കത്തില്‍ പിടിയിലായത്.
ഇവരില്‍ നിന്നും ക്രിസ്റ്റല്‍ രൂപത്തിലുള്ള ഏഴു ഗ്രാം എം. ഡി. എം. എ കണ്ടെടുത്തു. മയക്കുമരുന്ന് ഇടപാടിന് ഉപയോഗിച്ച കാര്‍, രണ്ട് മൊബൈല്‍ ഫോണുകള്‍, മയക്കുമരുന്ന് തൂക്കി നോക്കുന്നതിന് ഉപയോഗിച്ച നാനോ വേയിംഗ് മെഷീന്‍ എന്നിവയും എക്‌സൈസ് കസ്റ്റഡിയിലെടുത്തു.
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ് ഇരുവരും. എറണാകുളം ടൗണ്‍ കേന്ദ്രീകരിച്ച് കാറില്‍ എത്തി യുവതിയുവാക്കള്‍ക്കും മറ്റും മയക്കുമരുന്ന് വില്‍പ്പന നടത്തിവരുന്ന സംഘത്തെക്കുറിച്ചുള്ള വിവരം സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് (സീസ്) ടീമിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ടീം ഇവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയിരുന്നു.
അമില്‍ ചന്ദ്രന്റെ മേല്‍നോട്ടത്തില്‍ ഓണ്‍ലൈന്‍ ടാക്‌സിയായി ആറു കാറുകള്‍ എറണാകുളം ടൗണില്‍ ഓടുന്നുണ്ടെന്ന് എക്‌സൈസ് സംഘം കണ്ടെത്തുകയായിരുന്നു. ഇതേ കുറിച്ചുള്ള വിശദമായ അന്വേഷണത്തില്‍ അമിലും അഭിജിത്തും സ്ഥിരമായി എറണാകുളം ടൗണില്‍ കറങ്ങി നടക്കുന്ന കാര്‍ തിരിച്ചറിഞ്ഞ എക്‌സൈസ് സംഘം ഇവരുടെ നീക്കങ്ങള്‍ നിരീക്ഷിച്ച് വരുകയായിരുന്നു. കാറില്‍ കറങ്ങി ആവശ്യക്കാര്‍ക്ക് മയക്ക് മരുന്ന് സിഗരറ്റ് പാക്കറ്റിലാക്കിയ ശേഷം കാറില്‍ ഇരുന്ന് തന്നെ എറിഞ്ഞ് കൈമാറുന്നതായിരുന്നു ഇവരുടെ രീതി.
ഗ്രാമിന് 3000 രൂപ മുതല്‍ ഡിമാന്റ് അനുസരിച്ച് 7000 രൂപ വരെയുള്ള നിരക്കിലാണ് വില്‍പ്പനയെന്ന് ഇവര്‍ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി. സ്ത്രീകളും പുരുഷന്‍മാരുമായി ഫാമിലി എന്ന രീതിയില്‍ സംഘമായി ഗോവയില്‍ പോയാണ് കൊച്ചിയിലേക്ക് വന്‍ തോതില്‍ മയക്ക് മരുന്ന് എത്തിച്ച് വില്‍പ്പന നടത്തിയിരുന്നത്. ഇവരുടെ സംഘത്തില്‍പ്പെട്ട മറ്റുള്ളവരെ കുറിച്ച് സൂചന ലഭിച്ചിട്ടുണെന്നും കൂടുതല്‍ അറസ്റ്റ് വരും ദിവസങ്ങളിലും ഉണ്ടാകുമെന്നും സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് തലവന്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ടി. അനികുമാര്‍ അറിയിച്ചു.