ന്യൂദല്‍ഹി- ഗ്യാന്‍വാപി പള്ളിയുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായി ഹര്‍ജികള്‍ നല്‍കുന്നതിനെതിരെ അലഹബാദ് ഹൈക്കോടതിയുടെ വിമര്‍ശനം. പബ്ലിസിറ്റിക്കു വേണ്ടിയാണ് പല ഹര്‍ജികളും വരുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.
കേസുമായി ബന്ധപ്പെട്ട എല്ലാ ഹര്‍ജികളും ഒന്നിച്ചാക്കണമെന്ന് ഹിന്ദു വിഭാഗത്തോട് ജഡ്ജി ആവശ്യപ്പെട്ടു. പള്ളി കമ്മറ്റിയുടെ ഹര്‍ജിയിലെ ഭേദഗതി കോടതി അനുവദിച്ചു. ബുധനാഴ്ച 10 മണിക്ക് ഹര്‍ജി വീണ്ടും പരിഗണിക്കും.
ഗ്യാന്‍വാപി പള്ളിയിലെ അടച്ചിട്ട മറ്റു നിലവറകളിലും ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഒഫ് ഇന്ത്യ (എ. എസ്. ഐ)യുടെ പരിശോധന ആവശ്യപ്പെട്ട് ഹിന്ദു വിഭാഗം കോടതിയെ സമീപിച്ചു. പളളിയുടെ തെക്കേ നിലവറയില്‍ പൂജ നടത്താന്‍ വാരാണസി ജില്ലാ കോടതി അനുമതി നല്‍കിയതിനു പിന്നാലെയാണു പുതിയ നീക്കം.
പള്ളിയിലെ ശൃംഗാര ഗൗരി പ്രതിഷ്ഠയില്‍ എല്ലാ ദിവസവും പൂജ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച വിശ്വവേദിക് സനാതന്‍ സംഘിന്റെ സ്ഥാപകാംഗം രാഖി സിങ്ങാണ് മുഴുവന്‍ നിലവറകളിലും പരിശോധന ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. അഭിഭാഷകന്‍ അനുപം ദ്വിവേദി വഴി സമര്‍പ്പിച്ച ഹര്‍ജിയില്‍ രഹസ്യ നിലവറകളുടെ രൂപരേഖയും സമര്‍പ്പിച്ചു. ഇതു പരിശോധിച്ചാല്‍ മാത്രമേ പള്ളിയെക്കുറിച്ചുളള എല്ലാ സത്യങ്ങളും പുറത്തുവരൂ എന്നു ഹര്‍ജിയില്‍ പറയുന്നു.