Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കേരളത്തിന്റേത് പ്രവാസികളെ ചേർത്തുപിടിച്ച ബജറ്റ് -കേളി

റിയാദ്- കേന്ദ്ര സർക്കാരിന്റെ ശത്രുതാപരമായ സമീപനംമൂലം സംസ്ഥാനം നേരിടുന്ന സാമ്പത്തിക ഞെരുക്കം നിലനിൽക്കുമ്പോഴും ജനങ്ങൾക്കു വേണ്ടിയുള്ള വികസന  ക്ഷേമ പ്രവർത്തനങ്ങളിൽ കുറവു വരാതിരിക്കാൻ ബജറ്റിൽ ശ്രദ്ധിച്ചിട്ടുണ്ടെന്ന് കേളി കലാ സാംസ്‌കാരിക വേദി ബജറ്റിനോടനുബന്ധിച്ച് ഇറക്കിയ പത്രക്കുറിപ്പിൽ പറഞ്ഞു. കേന്ദ്ര ബജറ്റിൽ പ്രവാസികളെ പൂർണമായും അവഗണിച്ചപ്പോൾ കേരള ബജറ്റിൽ 44 കോടി രൂപ പ്രവാസി പുനരധിവാസത്തിനായി വകയിരുത്തി. 
തിരിച്ചെത്തിയ പ്രവാസികൾക്ക് ചികിത്സാ സഹായം, സ്വയം തൊഴിൽ കണ്ടെത്തുന്നതിനുള്ള വായ്പ തുടങ്ങിയ പദ്ധതികൾക്ക് തുക വകയിരുത്തിയത് പ്രവാസികൾക്ക് ആശ്വാസകരമാണ്. വിവിധ പദ്ധതികൾക്കായി 257.81 കോടി രൂപ വകയിരുത്തിയതിൽ 143.81 കോടി രൂപ നോർക്കയുടെ പ്രവർത്തനങ്ങൾക്കുള്ളതാണ്. സുസ്ഥിര ജീവനോപാധി പുനരധിവാസ പദ്ധതിയായ എൻഡിപിആർഇഎമ്മിന് 25 കോടിരൂപയും  സാന്ത്വന പദ്ധതിക്ക് 33 കോടിരൂപയും വിവിധ  ക്ഷേമ പദ്ധതികൾക്കായി 12 കോടി രൂപയുമാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിൽ പ്രവാസികൾക്കായി വകയിരുത്തിയിരിക്കുന്നത്.  
പ്രവാസികൾക്ക് ഏറെ ആശ്വാസം പകരുന്ന 'സാന്ത്വന' പദ്ധതിയിലൂടെ, കുറഞ്ഞത് രണ്ട് വർഷം വിദേശത്ത് ജോലി ചെയ്ത് മടങ്ങി വന്ന മലയാളികൾക്ക് 50,000 രൂപ വരെ ചികിത്സാ സഹായവും ഒരു ലക്ഷം രൂപവരെ മരണാനന്തര ധനസഹായവും 15,000 രൂപവരെ വിവാഹ ധനസഹായവും നൽകുന്നുണ്ട്. വൈകല്യമുള്ളവർക്ക് സഹായ ഉപകരണങ്ങൾ വാങ്ങാൻ 10000 രൂപയും ഒറ്റതവണയായി നൽകുന്നുണ്ട്. 33 കോടിരൂപയാണ് ഇതിനായി ബജറ്റിൽ നീക്കിവെച്ചത്.  
പൊതു വിദ്യാഭ്യാസ മേഖലക്ക് 1736 കോടിയിലധികം മാറ്റി വെച്ചപ്പോൾ 457 കോടിയോളം ഉന്നത വിദ്യാഭ്യാസത്തിനായി മാറ്റിവെച്ചത്തിലൂടെ  പ്രവാസികളുടെ കുട്ടികൾക്കും തുടർപഠനത്തിന് പുതിയ അവസരങ്ങൾ സൃഷ്ടിക്കപെടുമെന്ന് കരുതാം.  
സംസ്ഥാനത്തിന്റെ സമഗ്രപുരോഗതി ലക്ഷ്യം വെച്ചുള്ള ബജറ്റ്  സാമൂഹ്യസുരക്ഷ ഉറപ്പു നൽകുന്നതുമാണ്. പൊതുമേഖല ശക്തിപ്പെടുത്തുന്നതിനൊപ്പം സ്വകാര്യമേഖലയെ ആകർഷിക്കാനും ബജറ്റിൽ പദ്ധതികളുണ്ട്. ഇത് പുതുതായി സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്കും മടങ്ങിയെത്തുന്ന പ്രവാസികൾക്കും ശുഭപ്രതീക്ഷ നൽകുന്നു. സംസ്ഥാന സർക്കാരിനേയും ധനമന്ത്രി കെ.എൻ ബാലഗോപാലനെയും കേളി കലാ സാംസ്‌കാരിക വേദി അഭിനന്ദിക്കുന്നതായി പത്രക്കുറിപ്പിൽ പറഞ്ഞു.
 

Latest News