പനാജി- ഇന്ത്യയിലെ ഏറ്റവും വലിയ ദ്രവീകൃത പ്രകൃതിവാതക (എല്‍എന്‍ജി) ഇറക്കുമതിക്കാരായ പെട്രോനെറ്റ് എല്‍എന്‍ജി ലിമിറ്റഡ്, വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിനും വളങ്ങള്‍ ഉണ്ടാക്കുന്നതിനും സിഎന്‍ജി ആക്കി മാറ്റുന്നതിനുമായി പ്രതിവര്‍ഷം 7.5 ദശലക്ഷം ടണ്‍ ഗ്യാസ് വാങ്ങുന്നതിനുള്ള കരാര്‍ നീട്ടാന്‍ ഖത്തര്‍ എനര്‍ജിയുമായി കരാര്‍ ഒപ്പിട്ടു.
നിലവിലെ ഇടപാടിനേക്കാള്‍ 'ഗണ്യമായി' കുറഞ്ഞ വിലയിലാണ് കരാര്‍ പുതുക്കിയതെന്ന് വൃത്തങ്ങള്‍ പറഞ്ഞു. പുതുക്കിയ നിബന്ധനകളില്‍ ഒരു ദശലക്ഷം ബ്രിട്ടീഷ് തെര്‍മല്‍ യൂണിറ്റിന് ഏകദേശം 0.8 ഡോളര്‍ ഇന്ത്യ ലാഭിക്കും. ഇത് കരാര്‍ കാലയളവില്‍ ആറ് ബില്യണ്‍ യുഎസ് ഡോളറിന്റെ ലാഭമായി മാറും.
രണ്ട് കരാറുകള്‍ക്ക് കീഴില്‍ ഖത്തറില്‍ നിന്ന് പെട്രോനെറ്റ് പ്രതിവര്‍ഷം 8.5 ദശലക്ഷം ടണ്‍ (എംടിപിഎ) എല്‍എന്‍ജി ഇറക്കുമതി ചെയ്യുന്നു. ആദ്യ 25 വര്‍ഷത്തെ കരാര്‍ 2028ല്‍ അവസാനിക്കേണ്ടതാണ്. അതാണ് ഇപ്പോള്‍ അത് 20 വര്‍ഷത്തേക്ക് കൂടി നീട്ടിയയത്. 2015ല്‍ ആരംഭിച്ച രണ്ടാമത്തെ ഇടപാട് പ്രത്യേകം ചര്‍ച്ച ചെയ്യുമെന്ന് കമ്പനിവൃത്തങ്ങള്‍ അറിയിച്ചു.