Sorry, you need to enable JavaScript to visit this website.

ഏകസിവിൽകോഡ് ബില്ലിൽ ലിവിങ് ടുഗെതർ ബന്ധം തോന്നിയതുപോലെ പറ്റില്ല; രജിസ്റ്റർ ചെയ്തില്ലെങ്കിൽ 25000 രൂപ പിഴയും തടവും

ഡെറാഡൂൺ - ഉത്തരാഖണ്ഡിൽ ലിവിങ് ടുഗെതർ ബന്ധത്തിർ ഏർപ്പെട്ടവരും അതിന് ആഗ്രഹിക്കുന്നവരും ജില്ലാ ഉദ്യോഗസ്ഥർക്ക് മുമ്പിൽ രജിസ്റ്റർ ചെയ്യണം. ഇന്ന് നിയമസഭയിൽ അവതരിപ്പിച്ച ഏക സിവിൽ കോഡ് ബില്ലിലാണ് ഇത് സംബന്ധിച്ച നിർദേശമുള്ളത്. 
 ലിവിംഗ് റിലേഷനിൽ ഏർപ്പെടുന്നവർ 21 വയസിന് താഴെയുള്ളവരാണെങ്കിൽ അവർക്ക് രക്ഷിതാക്കളുടെ സമ്മതം ലഭിക്കണം. ഉത്തരാഖണ്ഡിലെ താമസക്കാർ സംസ്ഥാനത്തിന് പുറത്താണ് ലിവിങ് ടുഗെതർ ബന്ധത്തിൽ ഏർപ്പെടുന്നതെങ്കിലും നിയമം ബാധകമായിരിക്കും. രജിസ്‌ട്രേഷൻ നിർബന്ധമാണെങ്കിലും ബന്ധങ്ങൾ പൊതുനയങ്ങൾക്കോ ധാർമിക മര്യാദകൾക്കോ നിരക്കാത്തതാണെങ്കിൽ ലിവിങ് ടുഗെതർ ബന്ധങ്ങൾക്ക് അനുമതി നിഷേധിക്കാനും ബില്ലിൽ വ്യവസ്ഥകളുണ്ട്.
 ലിവിങ് ടുഗെതർ ബന്ധങ്ങൾ രജിസ്റ്റർ ചെയ്യാതിരിക്കുകയോ തെറ്റായ വിവരങ്ങൾ നല്കുകയോ ചെയ്താൽ മൂന്ന് മാസം തടവോ 25,000 രൂപയോ അതല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. രജിസ്റ്റർ ചെയ്യാത്തവർക്ക് പരമാവധി ആറുമാസം വരെ തടവും 25000 രൂപ പിഴയും ലഭിക്കാം. രജിസ്റ്റർ ചെയ്യാൻ ഒരു മാസം വൈകിയാൽ മൂന്ന് മാസം തടവോ 10,000 രൂപ പിഴ ഈടാക്കാനും  നിർദ്ദിഷ്ട
ഏകസിവിൽ കോഡിൽ വ്യവസ്ഥ ചെയ്യുന്നു. 
 ലിവിങ് ടുഗെതർ ബന്ധത്തിലൂടെ ജനിക്കുന്ന കുട്ടികളെ വിവാഹബന്ധത്തിൽ ജനിക്കുന്ന കുട്ടികളെപ്പോലെ കാണണമെന്നും അവർക്ക് സ്വത്തവകാശം ഉൾപ്പെടെ എല്ലാ അവകാശങ്ങളും നൽകണമെന്നും വ്യവസ്ഥയുണ്ട്. വിവാഹബന്ധത്തിൽ നിന്നോ തത്സമയ ബന്ധങ്ങളിൽ നിന്നോ ഇൻകുബേഷൻ വഴിയോ ജനിക്കുന്ന എല്ലാ കുട്ടികളുടെയും അവകാശങ്ങൾ ഒന്നുതന്നെയായിരിക്കും. ഒരു കുട്ടിയെയും 'അവിഹിതം' എന്ന് നിർവചിക്കാനാവില്ല.
കൂടാതെ എല്ലാ കുട്ടികൾക്കും മാതാപിതാക്കളുടെ സ്വത്ത് ഉൾപ്പെടെയുള്ള അനന്തരാവകാശത്തിൽ തുല്യ അവകാശം ഉണ്ടായിരിക്കും. കൂടാതെ മറ്റ് വ്യക്തിപരമായ കാര്യങ്ങൾക്കൊപ്പം വിവാഹം, വിവാഹമോചനം, അനന്തരാവകാശം, ദത്തെടുക്കൽ എന്നിവയുമായി ഇടപെടുമ്പോൾ മതത്തെ അടിസ്ഥാനമാക്കിയുള്ളതാവില്ല നിയമം.
 ലിവിങ് ടുഗെതർ പങ്കാളി ഉപേക്ഷിച്ചുപോകുന്ന സ്ത്രീയ്ക്ക് നഷ്ടപരിഹാരത്തിന് അവകാശമുണ്ടാവും. പങ്കാളികളിൽ ഒരാൾ നേരത്തെ വിവാഹം ചെയ്തതോ അല്ലെങ്കിൽ മറ്റൊരു ബന്ധത്തിലോ ഉള്ള ആളാവുക, പങ്കാളികളിൽ ഒരാൾ 21 വയസിൽ താഴെയുള്ള ആളായിരിക്കുകയും രക്ഷിതാക്കളുടെ അനുമതി സംബന്ധിച്ച രേഖകൾ വ്യാജമായോ തട്ടിപ്പിലൂടെയോ ആൾമാറാട്ടത്തിലൂടെയോ ഉണ്ടാക്കിയതാവുക തുടങ്ങിയ സാഹചര്യങ്ങളിലെല്ലാം ലിവിംഗ് ടുഗെതർ ബന്ധം നിഷേധിക്കപ്പെടാനും ശിക്ഷയ്ക്കു വിധേയരാവാനും വകുപ്പുകളുണ്ട്..
 ലിവിങ് ടുഗെതർ ബന്ധങ്ങൾ സംബന്ധിച്ച അപേക്ഷ സ്വീകരിക്കാൻ ഒരു വെബ്‌സൈറ്റ് തുടങ്ങും. ഇതുവഴി ലഭിക്കുന്ന അപേക്ഷകൾ ജില്ലാ രജിസ്ട്രാർ പരിശോധിക്കും. ജില്ലാ രജിസ്ട്രാറുടെ അന്വേഷണത്തിന് ശേഷമാവും ബന്ധങ്ങൾക്ക് അംഗീകാരം നല്കുക. അന്വേഷണത്തിനായി ഉദ്യോഗസ്ഥന് പങ്കാളികളിൽ ഒരാളെയോ രണ്ടുപേരെയുമോ മാതാപിതാക്കളെയോ മറ്റ് വ്യക്തികളെയോ വിളിച്ചുവരുത്താനും മറ്റും അധികാരമുണ്ടാവും.
 രജിസ്‌ട്രേഷൻ നിഷേധിച്ചാൽ അക്കാര്യം ഉദ്യോഗസ്ഥൻ കാരണം സഹിതം രേഖാമൂലം അപേക്ഷകരെ അറിയിക്കണം. ലിവിങ് ടുഗെതർ ബന്ധം അവസാനിപ്പിക്കുകയാണെങ്കിലും രേഖാമൂലം അറിയിക്കണം. ഇതിന് ഉന്നയിക്കുന്ന കാരണം തെറ്റാണെന്നോ സംശയകരമാണെന്നോ തോന്നിയാൽ രജിസ്ട്രാർക്ക് പോലീസ് അന്വേഷണം ആവശ്യപ്പെടാം. പങ്കാളികളിൽ ഒരാൾ 21 വയസിൽ താഴെയുള്ള ആളാണെങ്കിൽ രക്ഷിതാക്കളെയും അറിയിക്കാം. ഏത് മതാചാരപ്രകാരം വിവാഹം നടത്തിയാലും വിവാഹമോചനം ജുഡീഷ്യൽ നടപടിക്രമത്തിലൂടെ സാധ്യമാകൂ. സ്ത്രീയോ പുരുഷനോ മതം മാറിയാൽ അത് വിവാഹമോചന ഹർജി നൽകുന്നതിന് കാരണമാക്കാമെന്നും മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിഅവതരിപ്പിച്ച ബില്ലിൽ പറയുന്നു. വിവാഹ മോചനത്തിൽ കോടതി വിധി പ്രഖ്യാപിക്കുകയും ആ വിധിയ്ക്ക് എതിരെ അപ്പീൽ നൽകാനുള്ള അവകാശം ഇല്ലാതിരിക്കുകയും ചെയ്യുമ്പോൾ മാത്രമേ ഏതൊരു വ്യക്തിക്കും പുനർവിവാഹത്തിനുള്ള അവകാശമുണ്ടാകൂ. നിയമവിരുദ്ധ വിവാഹങ്ങൾക്ക് ആറുമാസം തടവും 50,000 രൂപ വരെ പിഴയും ഈടാക്കും. ഇതിനു പുറമെ ചട്ടങ്ങൾക്ക് വിരുദ്ധമായി വിവാഹമോചനം നേടിയാൽ മൂന്നുവർഷം വരെ തടവ് ശിക്ഷ ലഭിക്കാനും ബില്ലിൽ വകുപ്പുകളുണ്ട്.
  കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബി.ജെ.പി നടത്തിയ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്നത്. ബഹുഭാര്യത്വത്തിനും ശൈശവവിവാഹത്തിനും പൂർണമായ നിരോധം, എല്ലാ മതങ്ങളിലുമുള്ള പെൺകുട്ടികൾക്ക് വിവാഹപ്രായം, വിവാഹമോചനത്തിനുള്ള ഏകീകൃത നടപടിക്രമം എന്നിവയും നിർദ്ദേശങ്ങളിൽ ഉൾപ്പെടുന്നു. വിവാഹമോചനത്തിനോ ഭർത്താവിന്റെ മരണത്തിനോ ശേഷം സ്ത്രീ കടന്നുപോകേണ്ട ഇസ്‌ലാമിക ആചാരങ്ങളായ 'ഇദ്ദ' പോലുള്ള ആചാരങ്ങളും ബില്ലിൽ നിരോധിക്കുന്നു. ബി.ജെ.പി ഭരിക്കുന്ന അസമിലും ഏകീകൃത സിവിൽ കോഡ് നടപ്പാക്കാനുള്ള ഊർജിത നീക്കത്തിലാണ് സർക്കാർ. ഈ വർഷാവസാനത്തോടെ ഇത് നടപ്പാക്കാനാകുമെന്നാണ് അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ പറയുന്നത്.

Latest News