ഹര്‍ദ - മധ്യപ്രദേശിലെ ഹര്‍ദ ജില്ലയിലെ ബൈരാഗഡ് പ്രദേശത്തെ അനധികൃത പടക്കനിര്‍മ്മാണശാലയില്‍ ചൊവ്വാഴ്ച രാവിലെയുണ്ടായ സ്‌ഫോടനത്തെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം പതിനൊന്നായി. അമ്പതോളം പേര്‍ക്ക് പരിക്കേറ്റു.
സ്‌ഫോടനത്തില്‍ സമീപത്തെ അറുപതോളം വീടുകളും തകര്‍ന്നു. ഫാക്ടറിയിലെ തുടര്‍ച്ചയായ സ്‌ഫോടനങ്ങളെത്തുടര്‍ന്ന് 100 ഓളം വീടുകള്‍ അധികൃതര്‍ ഒഴിപ്പിച്ചു. നിരവധി ഇരുചക്രവാഹനങ്ങളും അഗ്‌നിക്കിരയായി.
മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ് അധികാരികളുമായി സംസാരിക്കുകയും മന്ത്രി ഉദയ് പ്രതാപ് സിംഗ്, അഡീഷണല്‍ ചീഫ് സെക്രട്ടറി അജിത് കേസരി, ഡയറക്ടര്‍ ജനറല്‍ ഹോം ഗാര്‍ഡ് അരവിന്ദ് കുമാര്‍ എന്നിവരുള്‍പ്പെടെയുള്ള പ്രധാന ഉദ്യോഗസ്ഥരോട് ഹെലികോപ്റ്ററില്‍ ഹര്‍ദയിലേക്ക് പോകാന്‍ നിര്‍ദേശിക്കുകയും ചെയ്തു.