മാനന്തവാടി- തണ്ണീര്‍ക്കൊമ്പന്റെ ജഡത്തിനു മുന്നില്‍ ഫോട്ടോയെടുത്ത വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി. മാനന്തവാടി നഗരത്തില്‍നിന്നു വെള്ളിയാഴ്ച മയക്കുവെടി വച്ചു പിടികൂടിയ ശേഷം കര്‍ണാടകയിലെ ബന്ദിപ്പൂര്‍ കടുവ റിസര്‍വിലേക്കുള്ള മാര്‍ഗമധ്യേയാണ് തണ്ണീര്‍ക്കൊമ്പന്‍ ചരിഞ്ഞത്. ആനയുടെ ജഡത്തിനു മുന്നില്‍നിന്ന് ഫോട്ടോ എടുത്ത കേരള വനം വകുപ്പിലെ 14 ജോലിക്കാരെ വന്യജീവി സംരക്ഷണ നിയമപ്രകാരം അറസ്റ്റ് ചെയ്ത് വിചാരണ ചെയ്യണമെന്നാണ് അനിമല്‍ ലീഗല്‍ ഫോഴ്‌സ് എന്ന സംഘടന പരാതി നല്‍കിയത്.
വൈല്‍ഡ് ലൈഫ് െ്രെകം കണ്‍ട്രോള്‍ ബ്യൂറോയ്ക്കാണ് ആനിമല്‍ ലീഗല്‍ ഫോഴ്‌സ് ജനറല്‍ സെക്രട്ടറി എയ്ഞ്ചല്‍സ് നായര്‍ പരാതി നല്‍കിയത്. വന്യജീവി സംരക്ഷണ നിയമപ്രകാരം ഇത്തരത്തില്‍ ഫോട്ടോ എടുക്കുന്നത് കുറ്റകരമാണ്. സംരക്ഷിക്കേണ്ടവര്‍ തന്നെ നിയമം ലംഘിക്കുന്നത് വളരെ ഹീനമായ പ്രവൃത്തിയാണെന്നും ഗുരുതരമായ കുറ്റമാണെന്നും എയ്ഞ്ചല്‍സ് നായര്‍ പറഞ്ഞു.
തികച്ചും പ്രാകൃതവും കിരാതവുമായ പ്രവൃത്തി തങ്ങളുടെ ധീരതയും ധൈര്യവും വെളിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്. ഈ കാടത്തരം ജഡത്തിനോടുള്ള അവഹേളനവും അനാദരവും കേന്ദ്ര വനമന്ത്രാലയം 2014 ല്‍ പുറപ്പെടുവിച്ച ഉത്തരവിനെ തകിടം മറിക്കുന്നതും ആണെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.