കോട്ടയം - കേരള ജനപക്ഷം പാര്‍ട്ടി 13 ന് ബിജെപിയില്‍ ലയിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തില്‍ ആണ് ലയനം. 112 സംസ്ഥാന കമ്മറ്റി അംഗങ്ങള്‍ക്കും അന്ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ മെമ്പര്‍ഷിപ് നല്‍കുമെന്ന് ചെയര്മാന് പി.സി. ജോര്‍ജ്, വര്‍ക്കിംഗ് ചെയര്മാന് ഹസന് കുട്ടി എന്നിവര്‍ അറിയിച്ചു.
വരും ദിനങ്ങളില്‍ ബിജെപിയിലേക്ക് കേരളത്തിലെ ഇരു മുന്നണികളിലെയും പ്രവര്‍ത്തകരുടെ ഒഴുക്ക് ഉണ്ടാവും. പ്രമുഖരും കടന്നുവരും. പക്ഷേ ഇതെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്താനില്ല. ജനപക്ഷം പ്രവര്‍ത്തകര്‍ക്ക് പുതിയ സുരക്ഷിതത്വ ബോധം വന്നിരിക്കുകയാണ്. ലയന ശേഷം ജനപക്ഷം നിലവിലുണ്ടായിരിക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു കഴിഞ്ഞു.
പത്തനംതിട്ട ബിജെപിക്ക് സുരക്ഷിത മണ്ഡലമാണ്. 35000 വോട്ട് അധികമായി കിട്ടിയാല്‍ പത്തനംതിട്ടയില്‍ ജയിക്കും.പാര്‍ട്ടി പറഞ്ഞാല്‍ പത്തനംതിട്ടയില്‍ മത്സരിക്കും. മറ്റെങ്ങും മത്സരിക്കാന്‍ താത്പര്യമില്ലെന്ന് പി.സി പറഞ്ഞു.
നാണം കേട്ട കേരള കോണ്‍ഗ്രസ് ആണ് കേരളത്തിലെ ക്രിസ്ത്യാനിയെ നശിപ്പിച്ചത്. ഈ നശിച്ച സംവിധാനം പിരിച്ചു വിടണം. കള്ളന്മാരുടെ സംവിധാനം ആണ് കേരള കോണ്‍ഗ്രസ്.
ഈരാറ്റുപേട്ടയിലെ എസ് ഡി പി ഐ അണ്ടി പോയ അണ്ണാനെപോലെ നടക്കുകയാണ്.യുഡിഎഫ് ആയിരുന്ന കാലത്ത് ആണ് മോഡിക്കെതിരെ പറഞ്ഞത്. അന്ന് മോഡിയുടെ പോക്ക് ശരിയല്ല എന്ന് തോന്നി. ഇപ്പോള്‍ മോഡി ലോക നേതാവ് ആയി.
റബര്‍ സംഭരണവില 10 രൂപ മാത്രം കൂടിയതില്‍ ധനമന്ത്രിയുടെ പിതാവിനെതിരെ പറഞ്ഞതില്‍ ഉറച്ചു നില്ക്കുന്നു.പരാതി ഉണ്ടെങ്കില്‍ പോയി കേസ് കൊടുക്കട്ടെ. കര്‍ഷകരെ അപമാനിക്കുക ആണ് ധനമന്ത്രി ചെയ്തത്. രാമക്ഷേത്രത്തില്‍ മുസ്ലിം ലീഗ് അധ്യക്ഷന്റെ നിലപാട് സത്യമാണ്. ഇന്ത്യയുടെ സംസ്കാരത്തിന്റെ ഭാഗം ആണ് രാമക്ഷേത്രം. ആ സത്യമാണ് അദ്ദേഹം പറഞ്ഞത്.