തൃശൂര്‍ - കാലു തെറ്റി കിണറ്റില്‍ വീണ വീട്ടമ്മയെ രക്ഷിച്ചു. മുരിങ്ങൂര്‍ മണ്ടിക്കുന്ന് ഓമംഗലത്ത് ആനന്ദവല്ലി (59) ആണ് ചൊവ്വാഴ്ച പുലര്‍ച്ചെ 35 അടി താഴ്ചയുള്ള കിണറില്‍ വീണത്. കിണറ്റില്‍ എട്ടടി വെള്ളവും ഉണ്ടായിരുന്നു. വിവരം അറിയിച്ചതിനെ തുടര്‍ന്ന് ചാലക്കുടി അഗ്‌നിരക്ഷാ സേന സ്ഥലത്തെത്തി. കയറില്‍ പിടിച്ച് നില്‍ക്കുകയായിരുന്ന വീട്ടമ്മയെ സേനാംഗമായ സി.ജയകൃഷ്ണന്‍ കിണറ്റിലിറങ്ങി വലയില്‍ കരയ്‌ക്കെത്തിച്ചു. വെട്ടുകല്ലും മണ്ണും ഉപയോഗിച്ചു നിര്‍മ്മിച്ച സംരക്ഷണഭിത്തി ഇടിഞ്ഞത് രക്ഷാപ്രവര്‍ത്തനം ദുഷ്‌ക്കരമാക്കി. സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ സി.രമേശ് കുമാറിന്റെ നേതൃത്വത്തില്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മാരായ പി.എം.മനു, കെ.അരുണ്‍, ഡ്രൈവര്‍ എ.വി. രാജു, ഹോംഗാര്‍ഡ് കെ.എസ്. അശോകന്‍ എന്നിവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.