Sorry, you need to enable JavaScript to visit this website.

ഏക സിവില്‍കോഡ് ബില്‍ അവതരിപ്പിച്ച് ഉത്തരാഖണ്ഡ്, ജയ്ശ്രീറാമിന്റെ അകമ്പടി

ഡെറാഡൂണ്‍- ഉത്തരാഖണ്ഡ് നിയമസഭയില്‍ ഏകീകൃത സിവില്‍ കോഡ് ബില്‍ അവതരിപ്പിച്ചു. ജയ്ശ്രീറാം വിളികള്‍ക്കിടയില്‍ മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിയാണ് ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചത്. തിങ്കളാഴ്ച ആരംഭിച്ച ഉത്തരാഖണ്ഡ് നിയമസഭയുടെ പ്രത്യേക സമ്മേളനത്തിലാണ് ബില്ലവതരണം. ബില്‍ പാസായാല്‍ രാജ്യത്ത് ഏകീകൃത സിവില്‍കോഡ് നടപ്പിലാക്കുന്ന ആദ്യസംസ്ഥാനമായി ഉത്തരാഖണ്ഡ് മാറും.

ദേവഭൂമിയായ ഉത്തരാഖണ്ഡിന് ഇന്ന് ഒരു പ്രത്യേക ദിനമാണെന്നും രാജ്യത്തെ ഭരണഘടനാ നിര്‍മാതാക്കളുടെ പ്രതീക്ഷകള്‍ക്കനുസൃതമായി, ഇന്ത്യന്‍ ഭരണഘടനയുടെ 44ാം അനുച്ഛേദത്തിന് അര്‍ത്ഥം നല്‍കുന്നതാണ് സര്‍ക്കാരിന്റെ നടപടിയെന്നും ബില്‍ അവതരണത്തിന് മുന്നോടിയായി പുഷ്‌കര്‍ സിംഗ് ധാമി എക്‌സില്‍ കുറിച്ചു.

അഞ്ചംഗ സമിതി കൈമാറിയ ഏകീകൃത സിവില്‍കോഡിന്റെ കരടിന് ഞായറാഴ്ചയാണ് ഉത്തരാഖണ്ഡ് മന്ത്രിസഭ അംഗീകാരം നല്‍കിയത്. സംസ്ഥാനത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുമെന്നത് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു.

റിട്ട. സുപ്രീംകോടതി ജഡ്ജി രഞ്ജന പ്രകാശ് ദേശായിയുടെ നേതൃത്വത്തിലുള്ള സമിതി നാലു വോള്യങ്ങളിലായി 749 പേജുള്ള കരട് റിപ്പോര്‍ട്ടില്‍ നിരവധി നിര്‍ദേശങ്ങളാണ് മുന്നോട്ടുവെച്ചിട്ടുള്ളത്.

ബഹുഭാര്യത്വത്തിനും ശൈശവവിവാഹത്തിനും പൂര്‍ണമായ നിരോധം, എല്ലാ മതങ്ങളിലുമുള്ള പെണ്‍കുട്ടികളുടെ വിവാഹപ്രായം ഏകീകരിക്കല്‍, വിവാഹമോചനത്തിനുള്ള ഏകീകൃത നടപടിക്രമം എന്നിവയടക്കം നിര്‍ദേശങ്ങളില്‍ ഉള്‍പ്പെടുന്നു.

നിര്‍ബന്ധിത വിവാഹ രജിസ്‌ട്രേഷന്‍, പെണ്‍കുട്ടികളുടെ വിവാഹപ്രായം വര്‍ധിപ്പിക്കല്‍, വിവാഹത്തിന് മുമ്പുള്ള വിദ്യാഭ്യാസം, വിവാഹം രജിസ്റ്റര്‍ ചെയ്യാത്ത ദമ്പതികള്‍ക്ക് സര്‍ക്കാര്‍ സൗകര്യങ്ങള്‍ക്ക് അര്‍ഹരല്ല തുടങ്ങിയ ശുപാര്‍ശകളും റിപ്പോര്‍ട്ടിലുണ്ട്.

 

Latest News