ന്യൂദല്‍ഹി- എസ്.എന്‍.സി ലാവലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി വീണ്ടും മാറ്റി. 31 ാം തവണയാണ് കേസ് സുപ്രീം കോടതിയില്‍ ചൊവ്വാഴ്ചത്തേക്ക് ലിസ്റ്റ് ചെയ്തിരുന്നത്. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഇപ്പോള്‍ ലാവലിന്‍ കേസ് കേള്‍ക്കുന്നത്. ഇതിനുമുമ്പ് ഒക്ടോബര്‍ 31നാണ് അവസാനമായി കേസ് പരിഗണിച്ചത്.
കേസില്‍ മേയ് ഒന്നിന് സുപ്രീംകോടതി അന്തിമവാദം കേള്‍ക്കും. സുപ്രീംകോടതി നിശ്ചയിക്കുന്ന ദിവസം കേസില്‍ വാദമുന്നയിക്കാന്‍ തയാറെന്ന് സി.ബി.ഐ കോടതിയെ അറിയിച്ചു.
കേസ് അടിയന്തരമായി പരിഗണിക്കണമെന്ന് സി.ബി.ഐക്കുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജു സുപ്രീംകോടതിക്ക് മുമ്പാകെ ആവശ്യമുന്നയിച്ചു. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ കോടതി വാദം കേള്‍ക്കണമെന്നാണ് ആവശ്യം.
കേസില്‍ സി.ബി.ഐക്ക് താത്പര്യമില്ലെന്ന് വി.എം. സുധീരനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ദേവദത്ത് കാമത്ത് കോടതിയില്‍ പറഞ്ഞു. ഇതിന് മറുപടിയായാണ് കേസിനെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് എസ്.വി. രാജു അറിയിച്ചത്.
ജൂലൈയില്‍ അന്തിമവാദം കേള്‍ക്കലിന് മാറ്റിവെക്കാമെന്നായിരുന്നു സുപ്രീംകോടതി അറിയിച്ചത്. തുടര്‍ന്നാണ് മാര്‍ച്ചിലോ ഏപ്രിലോ കേസ് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടത്.