തൃശൂര്‍ -ചാലക്കുടിയില്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമയായ ഷീല സണ്ണിയെ വ്യാജ ലഹരികേസില്‍ കുടുക്കിയ സംഭവത്തില്‍ എക്‌സൈസ് പ്രതി ചേര്‍ത്ത നാരായണദാസ് എന്നയാള്‍ ഹൈക്കോടതിയെ സമീപിച്ചു. തനിക്ക് കേസുമായി യാതൊരു ബന്ധവുമില്ലെന്നും എക്‌സൈസ് തന്നെ വ്യാജമായി പ്രതി ചേര്‍ക്കുകയാണ് ചെയ്തതെന്നും ഇയാള്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.
ഷീലയുടെ മരുമകളുടെ സഹോദരിയുടെ സുഹൃത്തായ നാരായണദാസിനെ എക്‌സൈസ് ക്രൈംബ്രാഞ്ച് സംഭവത്തില്‍ പ്രതി ചേര്‍ത്തിരുന്നു. തൃപ്പുണിത്തുറ സ്വദേശി നാരായണദാസ് എന്നയാളാണ് ഷീല സണ്ണിയുടെ കൈവശം ലഹരി വസ്തുവുണ്ടെന്ന് വ്യാജ വിവരം കൈമാറിയതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇയാളെ വ്യാജ വിവരം നല്‍കിയ കേസില്‍ പ്രതി ചേര്‍ക്കുകയും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. കഴിഞ്ഞ കൊല്ലം ഫെബ്രുവരി 27 നാണ് സ്‌കൂട്ടറിലും ബാഗിലും എല്‍ എസ ്ഡി സ്റ്റാമ്പ് എന്ന ലഹരി കണ്ടെത്തിയെന്ന് പറഞ്ഞ് ഷീലാ സണ്ണിയെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. 72 ദിവസം അവര്‍ ജയിലില്‍ കഴിയുകയും ചെയ്തു. പിന്നീടാണ് ലാബില്‍ നടത്തിയ പരിശോധനയില്‍ ഇത് ലഹരി വസ്തുവല്ലെന്നും ഷീലാ സണ്ണിയെ ലഹരിക്കേസില്‍ കുടുക്കാനായി ആരോ ശ്രമം നടത്തിയതാണെന്ന് തെളിഞ്ഞതും.