കൊച്ചി- അന്തര്‍ സംസ്ഥാന മോഷണ സംഘത്തിലെ പ്രധാനി പിടിയില്‍. തമിഴ്നാട് സ്വദേശി വിനായകാണ് പിടിയിലായത്.
ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും കറങ്ങി നടന്ന് ലാപ്ടോപ്പുകളും ബൈക്കുകളും മോഷ്ടിക്കുകയും കെ. എസ്. ഇ. ബി, വാട്ടര്‍ അതോറിറ്റി ജീവനക്കാര്‍ ചമഞ്ഞു വീട്ടുകാരുടെ ശ്രദ്ധ മാറ്റിയ ശേഷം മോഷണം നടത്തുകയാണ് ഇയാളുടെ രീതി.
തമിഴ്നാട് അമ്പൂരില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളുടെ അമ്മ മലപ്പുറം സ്വദേശിയാണ്. അന്യസംസ്ഥാനത്തു നിന്ന് വിമാന മാര്‍ഗ്ഗം വന്ന് മോഷണം നടത്തി തിരിച്ചു പോകുന്നതാണ് രീതി. തമിഴ്നാട്ടില്‍ നിന്നു തന്നെയുള്ള പ്രതികളായ വന്‍ സംഘത്തെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. മോഷണം നടത്താന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തിന് കുറച്ചകലെ നിന്നും ബൈക്ക് മോഷ്ടിച്ച ശേഷം അതില്‍ കറങ്ങിനടന്ന് വീടുകളും സ്ഥാപനങ്ങളും കണ്ടുവച്ച ശേഷമാണ് മോഷണം നടത്തുന്നത്. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നും എറണാകുളം സൗത്ത് പോലീസ് സ്റ്റേഷന് പരിധിയില്‍ നിന്നും രണ്ട് ലാപ്ടോപ്പ് മോഷണവും സെന്‍ട്രല്‍ പരിധിയില്‍ നിന്നും ഏഴ് ലാപ്ടോപ്പ് മോഷണവും ഏലൂര്‍, അങ്കമാലി പരിധിയില്‍ നിന്നും രണ്ട് ബൈക്കുകള്‍ മോഷ്ടിച്ചതും സമ്മതിച്ചിട്ടുണ്ട്. പാലാരിവട്ടം, നോര്‍ത്ത് പരിധിയിലെ രണ്ടു വീടുകളില്‍ മോഷണം നടത്തിയ കാര്യവും സമ്മതിച്ചിട്ടുണ്ട്. ബൈക്കുകള്‍ രണ്ടും കിട്ടിയിട്ടുണ്ട്.
എറണാകുളം ടൗണ്‍ സൗത്ത് പോലീസ് ഇന്‍സ്പെക്ടര്‍ പ്രേമാനന്തന്‍, സൗത്ത് എസ്. ഐ മനോജ് സി, എസ്. സി. പി. ഒ നിഖില്‍, സുമേഷ്, എറണാകുളം എ. സി. പി സ്ക്വാഡ് അംഗങ്ങളായ എസ്. ഐ ജോസി സി. എം, എ. എസ്. ഐ അനില്‍കുമാര്‍ പി, എസ്. സി. പി. ഒ സനീപ് കുമാര്‍, മഹേഷ് എം എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.