നിലമ്പൂർ- മാജിക്കിലെ നിലമ്പൂർ പെരുമ കേട്ടറിഞ്ഞ ഫ്രഞ്ച് വനിത ഫാബിയോല ദാലിന് നിലമ്പൂർ സന്ദർശനവേളയിൽ ആർ.കെ. മലയത്തിന്റെ മാജിക് കാണാൻ മോഹം. അവസരമൊരുക്കി കൊടുത്ത് ടൂറിസ്റ്റ് കൺസൾട്ടന്റ് രവിവർമ. ആർ.കെ. മലയത്തുമായുള്ള കൂടിക്കാഴ്ച അത്ഭുതവും അവിസ്മരണീയവുമെന്ന് ഫാബിയോല അഭിപ്രായപ്പെട്ടു.
മുഖത്തോടു മുഖം ഇരുന്നു മാജിക് കാണുന്നത് ആദ്യമാണെന്നും അത്തരം മാജിക്കുകളാണ് യഥാർഥത്തിൽ കാണികളെ വിസ്മയിപ്പിക്കുന്നതെന്നും അവർ പറഞ്ഞു. സ്വന്തം കൈവെള്ളയിൽ വച്ച നാണയം ഇരട്ടിച്ചതും മേശപ്പുറത്തുള്ള കശുവണ്ടിപരിപ്പ് അപ്രത്യക്ഷമായതും ശൂന്യതയിൽ നിന്ന് സൃഷ്ടിച്ച വിഭൂതിയും മറക്കാൻ പറ്റാത്ത അനുഭവമായതായി അവർ പറഞ്ഞു.
പാട്ടുകാരിയും ചിത്രകാരിയും അഭിനേത്രിയുമാണ് ഫാബിയോല. ഹിന്ദുസ്ഥാനി സംഗീതത്തിൽ തൽപരയായ അവർ ഋഷികേശിലുള്ള പണ്ഡിറ്റ് നിർമാല്യദേയുടെ ശിഷ്യയാണ്. നിലമ്പൂർ ശിവരഞ്ജിനി ഒരുക്കുന്ന സംഗീത സദസ് ആസ്വദിച്ച ശേഷം തിരിച്ചു പോകും. നിലമ്പൂരിലെ മൂന്നാമത്തെ സന്ദർശനമാണ്. നിലമ്പൂരിന്റെ മാജിക് പെരുമ ടൂറിസം മേഖലയ്ക്ക് ഗുണകരമാകുന്ന രീതിയിൽ സംയോജിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് തുടക്കം കുറിച്ചതായി ടൂറിസ്റ്റ് കൺസൾട്ടന്റ് രവിവർമ പറഞ്ഞു.