ന്യൂദല്‍ഹി- തെരഞ്ഞെടുപ്പ് പ്രചരണങ്ങളിലോ അനുബന്ധ പരിപാടികളിലോ കുട്ടികളെ ഉപയോഗിച്ചാല്‍ കര്‍ശന നടപടി നേരിടേണ്ടി വരുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. മാര്‍ഗനിര്‍ദേശം ലംഘിച്ചാല്‍ പാര്‍ട്ടിയും സ്ഥാനാര്‍ഥിയും കര്‍ശന നടപടി നേരിടേണ്ടി വരും.
തെരഞ്ഞെടുപ്പ് പ്രചരണത്തിലോ പ്രവര്‍ത്തനത്തിലോ ജോലിയിലോ കുട്ടികളുടെ സാന്നിധ്യം ഉണ്ടാവരുത്. പ്രചരണ റാലികളിലും മറ്റും കുട്ടികളുടെ കൈപിടിച്ച് സ്ഥാനാര്‍ഥികള്‍ നടക്കുകയോ വാഹനത്തില്‍ കയറ്റുകയോ ചെയ്യരുത്. പാര്‍ട്ടിയുടെ അല്ലെങ്കില്‍ സ്ഥാനാര്‍ഥിയുടെ ചിഹ്നങ്ങള്‍ കുട്ടികളെകൊണ്ട് പ്രദര്‍ശിപ്പിക്കാന്‍ പാടില്ല. കുട്ടികളെ കൊണ്ട് രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രം പ്രകടിപ്പിക്കുക, പാര്‍ട്ടിയുടെ നേട്ടങ്ങള്‍ അവതരിപ്പിക്കുക, എതിര്‍ സ്ഥാനാര്‍ഥികളെയോ അവരുടെ പാര്‍ട്ടികളെയോ വിമര്‍ശിക്കുക, തെരഞ്ഞെടുപ്പ് കവിതകളും ഗാനങ്ങളും ആലപിക്കുക എന്നിവയും പൂര്‍ണമായും നിരോധിക്കുന്നതായും തെരഞ്ഞെടുപ്പു കമ്മിഷന്‍ അറിയിച്ചു.