ലഖ്‌നൗ- ഉത്തര്‍പ്രദേശിലെ ലഖ്‌നൗ ജില്ലാ ജയിലില്‍ എയിഡ്‌സ് പടര്‍ന്നുപിടിക്കുന്നു. 37 തടവുകാര്‍ക്ക് കൂടി എച്ച്.ഐ.വി ബാധ സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 63 ആയി ഉയര്‍ന്നു. ഇവരെല്ലാം ലഖ്‌നൗവിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഉത്തര്‍പ്രദേശ് ഗവണ്‍മെന്റ് ഡിസംബറില്‍ നടത്തിയ പരിശോധനയിലാണ് ഇത്രയധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.
എച്ച്.ഐ.വി പോസിറ്റീവ് ആയവരില്‍ ഭൂരിഭാഗത്തിനും മയക്കുമരുന്ന് ഉപയോഗത്തിന്റെ ചരിത്രമുള്ളതായി ജയില്‍ അധികൃതര്‍ അറിയിച്ചു. ജയിലില്‍ എത്തിയതിന് ശേഷം ആര്‍ക്കും എച്ച്.ഐ.വി ബാധിച്ചിട്ടില്ലെന്നും ഉപക്ഷേിക്കപ്പെട്ടതും അണുബാധിതമായ സിറിഞ്ചുകളില്‍നിന്നുമാണ് വൈറസ് ബാധ ഉണ്ടായതെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. ജയിലില്‍ എച്ച്.ഐ.വി രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്നത് ജയിലിലെ മൊത്തത്തിലുള്ള ആരോഗ്യ, സുരക്ഷാ നടപടികളെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.