ന്യൂദല്‍ഹി- ഗ്യാന്‍വാപി മസ്ജിദിനോട് ചേര്‍ന്നുള്ള നിലവറകളില്‍ സര്‍വേ നടത്താന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യക്ക് (എഎസ്‌ഐ) നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് വാരാണസിയിലെ ജില്ലാ കോടതിയില്‍ ഹരജിയുമായി ഹിന്ദു പക്ഷം. നിലവില്‍ വാരാണസി കോടതിയുടെ പരിഗണനയിലുള്ള കേസിലെ കക്ഷിയായ രാഖി സിംഗാണ് എ എസ് ഐ സര്‍വേ വേണമെന്നാവശ്യപ്പെട്ട് അപേക്ഷ നല്‍കിയിരിക്കുന്നത്.
വിഷയത്തില്‍ മുസ്‌ലിം, ഹിന്ദു കക്ഷികള്‍ പരസ്പരവിരുദ്ധമായ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നതിനാല്‍ ഗ്യാന്‍വാപി മസ് ജിദിനോട്് ചേര്‍ന്നുള്ള നിലവറകളുടെ മതസ്വഭാവം സ്ഥാപിക്കാന്‍ ഈ നിലവറകളില്‍ സര്‍വേ നടത്തേണ്ടത് അനിവാര്യമാണെന്ന് രാഖി സിംഗ് അപേക്ഷയില്‍ വാദിക്കുന്നു. മസ്ജിദിനോട് ചേര്‍ന്ന് വടക്ക്ഭാഗത്തുള്ള എന്‍ ഒന്ന് നിലവറ മുതല്‍ എന്‍ അഞ്ച് വരെയുള്ള നിലവറകളും തെക്ക് ഭാഗത്തുള്ള എസ് ഒന്ന് മുതല്‍ എസ് മൂന്ന് വരെയുള്ള നിലവറകളും ഇനിയും സര്‍വേ നടത്തേണ്ടതായിട്ടുണ്ടെന്നും ഹരജിയില്‍ ആവശ്യപ്പെട്ടു. നിലവറകളിലേക്കുള്ള പ്രവേശനം തടസപ്പെട്ടിരിക്കുകയാണെന്നും അതിനാല്‍ അവ തുറക്കാന്‍ കഴിയുന്നില്ലെന്നും ഹരജിയില്‍ പറയുന്നു.
പ്രവേശന കവാടങ്ങള്‍ തടസപ്പെട്ടതിനാല്‍ എഎസ്‌ഐ നേരത്തെ നടത്തിയ സര്‍വേയില്‍ ഈ നിലവറകളില്‍ പരിശോധന നടത്തിയിരുന്നില്ലെന്നും രാഖി സിംഗ് അപേക്ഷയില്‍ കൂട്ടിച്ചേര്‍ത്തു. മസ്ജിദിന്റ കെട്ടിടത്തിന് കേടുപാടുകള്‍ വരുത്താതെ പ്രവേശന കവാടങ്ങള്‍ തുറക്കാനും നിലവറകള്‍ സര്‍വേ ചെയ്യാനും എഎസ്‌ഐക്ക് ആധുനിക സാങ്കേതികവിദ്യ ഉപയോഗിക്കാമെന്നും അപേക്ഷയില്‍ പറഞ്ഞു. പ്രസ്തുത നിലവറകളിലേക്കുള്ള പ്രവേശന കവാടങ്ങള്‍ ഇഷ്ടികളും കല്ലും ഉപയോഗിച്ച് അടച്ചിരിക്കുകയാണ്. നിലവറകളുടെ ഘടനക്ക് കേടുപാടുകള്‍ വരുത്താതെ ശാസ്ത്രീയ സര്‍വേ നടത്താന്‍ എഎസ്‌ഐയോട് നിര്‍ദ്ദേശിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടു.
17 ാം നൂറ്റാണ്ടില്‍ മുഗള്‍ ചക്രവര്‍ത്തിയായ ഔറംഗസീബ് ക്ഷേത്രം തകര്‍ത്താണ് ഗ്യാന്‍വാപി മസ്ജിദ് നിര്‍മിച്ചതെന്നാണ് ഹിന്ദു കക്ഷികളുടെ വാദം. എന്നാല്‍, ഗ്യാന്‍വാപി മസ്ജിദ് ഔറംഗസീബിന്റെ ഭരണത്തിനും മുമ്പുള്ളതാണെന്നാണ് ഗ്യാന്‍വാപി മസ്ജിദ് കമ്മിറ്റി അവകാശപ്പെടുന്നു. കഴിഞ്ഞ മാസം 31 ന് വാരണാസി ജില്ലാ കോടതി, ഗ്യാന്‍വാപി മസ്ജിദിന്റെ തെക്കേ നിലവറയില്‍ പ്രാര്‍ഥനയും പൂജയും നടത്താന്‍ ഹിന്ദു കക്ഷികള്‍ക്ക് അനുവദിച്ച് ഉത്തരവിട്ടിരുന്നു. ഈ മാസം രണ്ടിന് ഇതിനെതിരെ മസ്ജിദ് കമ്മിറ്റി നല്‍കിയ ഹരജി അലഹാബാദ് ഹൈക്കോടതി പരിഗണിച്ചെങ്കിലും സ്‌റ്റേ ചെയ്യാന്‍ വിസമ്മതിച്ചു. വിഷയം നാളെ വീണ്ടും അലഹാബാദ് ഹൈക്കോടതിയുടെ പരിഗണനക്ക് വരുന്നുണ്ട്.