ആരാധനാലയങ്ങളുടെ സംരക്ഷണത്തിനായി കൃതൃമായി ഒരു നിയമം രാജ്യത്തുണ്ട്. സ്വാതന്ത്ര്യം ലഭിക്കുന്ന സമയത്തുണ്ടായിരുന്ന ആരാധനാലയം രാജ്യത്തെ ഏത് മതവിഭാഗത്തിന്റെ ആരാധനാലയങ്ങളായാലും അവയുടെ സ്വഭാവം മാറ്റാൻ പാടില്ലെന്നും ആരാണോ അവിടെ ആരാധന നിർവഹിച്ചുവരുന്നത് അതനുസരിച്ചുള്ള സ്റ്റാറ്റസ്‌കോ നിലനിർത്തണമെന്നതുമാണ് 1991 ൽ പാസാക്കിയ ആരാധനാലയങ്ങളുടെ സ്വഭാവം മാറ്റുന്നത് സംബന്ധിച്ച നിയമത്തിൽ പറയുന്നത്.
ജനാധിപത്യ ഇന്ത്യയിൽ മതേതരത്വം പുലരണമെന്നും ഒരു മതത്തിന്റെ അവകാശത്തിൽ കൈകടത്താൻ മറ്റൊരു മതത്തിനും അവകാശമില്ലെന്നും വിശ്വസിക്കുന്നവരുടെ ഇടനെഞ്ചിൽ തീക്കോരിയിട്ടുകൊണ്ടാണ് കഴിഞ്ഞ ദിവസം വരാണസി ജില്ല കോടതിയുടെ വിധിയുണ്ടായത്. മുസ്‌ലിംകളുടെ വിശുദ്ധ പ്രാർത്ഥനാലയമായ ഉത്തർപ്രദേശിലെ ഗ്യാൻവാപി മസ്ജിദിൽ ഹിന്ദുക്കൾക്ക് പൂജ നടത്താൻ അനുവദിച്ചുകൊണ്ടുള്ള വിചിത്ര വിധി വരാണസി ജില്ലാ കോടതി പുറപ്പെടുവിച്ചതോടെ ഹിന്ദു വിഭാഗത്തിൽ പെട്ടവർ ഗ്യാൻവാപി പള്ളിയിൽ ആരാധന നടത്തുകയും ചെയ്തു. പൂജ നടത്താൻ അനുവദിച്ചുകൊണ്ടുള്ള ജില്ലാ കോടതി വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം അലഹബാദ് ഹൈക്കോടതി നിരസിക്കുകയും ചെയ്തിരിക്കുകയാണ്. മുസ്‌ലിംകളുടെ മനസ്സിൽ മാത്രമല്ല, രാജ്യത്തെ മതേതര വിശ്വാസികളുടെ മനസ്സിലും വലിയ പ്രഹരമാണ് ഈ വിധി ഉണ്ടാക്കിയത്.
നീതിന്യായ സംവിധാനങ്ങൾ പോലും ഹിന്ദുത്വത്തിന് അടിയറ പറയുമ്പോൾ നീതിയുടെ വെളിച്ചം എത്രയോ അകലെയാണെന്ന് ഇവിടുത്തെ മതേതര വിശ്വാസികൾ തിരിച്ചറിയുകയാണ്. ബാബ്‌രിയുടെ വഴിയേ ഗ്യാൻവാപി മസ്ജിദും നീങ്ങുകയാണ്. ഹൈന്ദവ തീവ്രവാദത്തിന്റെ വക്താക്കളായിരുന്നു ബാബ്‌രി മസ്ജിദിനെ തകർത്തതെങ്കിൽ ഗ്യാൻവാപിയെ തകർക്കാൻ രാജ്യത്തെ നീതിന്യായ സംവിധാനങ്ങളെയാണ് കൂട്ടുപിടിച്ചിരിക്കുന്നത്. എവിടേക്കാണ് ഇന്ത്യ രാജ്യം പോകുന്നത്. മറ്റു മതവിശ്വാസികളുടെ ഭരണഘടനാപരമായ അവകാശങ്ങളെയും അവരുടെ ആരാധന സ്വാതന്ത്ര്യത്തെയുമെല്ലാം തകർത്ത് ഹൈന്ദവതയുടെ ആഘോഷമാക്കി മാറ്റാൻ വേണ്ടി മാത്രം ഈ രാജ്യം പാകപ്പെട്ടു കഴിഞ്ഞിരിക്കുന്നു.
ബാബ്‌രി മസ്ജിദ് തകർത്ത് ശ്രീരാമക്ഷേത്രം നിർമിച്ചതിന്റെ ആഘോഷങ്ങൾ പ്രധാനമന്ത്രിയുടെ കാർമിതക്വത്തിൽ രാജ്യത്ത് നടന്നതിന് തൊട്ടു പിന്നാലെയാണ് മുസ്‌ലിംകളുടെ മറ്റൊരു പ്രമുഖ ആരാധനാലയം കൂടി അവരുടെ സ്വന്തമല്ലതായി മാറുന്നത്. ഇത് ആകസ്മികമായി സംഭവിച്ചതല്ല, മറിച്ച്, കൃത്യമായ ആസൂത്രണത്തോട് കൂടിയുള്ള വലിയ ഗൂഢാലോചനയാണ് ഇതിന് പിന്നിൽ നടന്നത്. ആ ഗൂഢാലോചനയ്ക്ക് നീതിപീഠങ്ങളെ പോലും മറയാക്കിയെന്നതാണ് യാഥാർത്ഥ്യം. നീതിയുടെ അളവുകോൽ പോലും ഹിന്ദുത്വത്തിന്റെ രാഷ്ട്രീയ അജണ്ടകൾക്കനുസരിച്ച് പാകപ്പെടുത്തിക്കഴിഞ്ഞിരിക്കുന്നു.
ഇവിടെ ചില ഓർമപ്പെടുത്തലുകൾ ആവശ്യമാണ്. ഹിന്ദുത്വ തീവ്രവാദികൾ ബാബ്‌രി മസ്ജിദ് തകർത്തതിനെതിരെയുള്ള നിയമ പോരാട്ടങ്ങൾ അവസാനിച്ചത് എവിടെയാണെന്ന് എല്ലാവർക്കുമറിയാം. ഹൈന്ദവ തീവ്രവാദത്തിന്റെ ആക്രമണോത്സുകത തന്നെയാണ് അവിടെയും വിജയിച്ചത്. 400 വർഷത്തിലേറെയായി മുസ്‌ലിംകൾ ആരാധന നടത്തിക്കൊണ്ടിരിക്കുന്ന അയോധ്യയിലെ ബാബ്‌രി മസ്ജിദിന്റെ 2.77 ഏക്കർ ഭൂമി രാമജന്മഭൂമിയാണെന്ന് പറഞ്ഞ് അത് രാമക്ഷേത്ര നിർമാണത്തിന് കൈമാറാൻ 2019 നവംബർ ഒൻപതിനാണ് സുപ്രീം കോടതി വിധിച്ചത്. രാജ്യത്ത് മതേതരത്വം പുലരണമെന്നും വിവിധ മതവിശ്വാസങ്ങൾ സംരക്ഷിക്കപ്പെടണമെന്നും ആഗ്രഹിക്കുന്നവരുടെ ഉള്ളുലഞ്ഞു പോയ ആ വിധിക്ക് പിന്നാലെ അടുത്ത ലക്ഷ്യം വരാണസിയിലെ ഗ്യാൻവാപി മസ്ജിദും മഥുരയിലെ ഷാഹി ഈദ്ഗാഹുമാണെന്ന് ഹിന്ദുത്വ ശക്തികൾ പ്രഖ്യാപിച്ചിരുന്നു. ആ പ്രഖ്യാപനം അവർ കൃത്യമായ അജണ്ടയോടെ നടപ്പാക്കിയതിന്റെ ഫലമാണ് മുസ്‌ലിംകളുടെ ഗ്യാൻവാപി മസ്ജിദിൽ കോടതി ഹൈന്ദവ പൂജക്ക് അനുമതി നൽകിയത്.
ബാബ്‌രി മസ്ജിദിന് പിന്നാലെ ഗ്യാൻവാപി മസ്ജിദിന്റെ അവകാശവും മുസ്‌ലിംകൾക്ക് നഷ്ടപ്പെട്ടിരിക്കുന്നു. ഇത് സംബന്ധിച്ചുള്ള നിയമ നടപടികൾ ഇനിയും ദീർഘകാലം നീണ്ടുപോയേക്കാം. പലതരത്തിലുള്ള അനുമാനങ്ങളും വിലയിരുത്തലുകളുമൊക്കെ നീതിപീഠം നടത്തിയേക്കാം. എന്നാൽ പോലും ഇപ്പോഴത്തെ കോടതി വിധി മുസ്‌ലിം മതവിശ്വാസികളുടെ മനസ്സിൽ വലിയ പോറലാണ് ഏൽപിച്ചിരിക്കുന്നത്. അത് മായ്ചുകളയുകയെന്നത് എളുപ്പമല്ല. ബാബ്‌രി മസ്ജിദ് തകർക്കപ്പെട്ടപ്പോഴുണ്ടായിരുന്ന അതേ വികാരമാണ് ഇപ്പോൾ രാജ്യത്തെ ഓരോ മുസ്‌ലിം മതവിശ്വാസിയുടെയും മനസ്സിലുള്ളത്. രാജ്യത്തെ നീതി നിർവഹണ സംവിധാനങ്ങളിലുണ്ടായിരുന്ന വിശ്വാസത്തിന് പോറലേറ്റു കഴിഞ്ഞിരിക്കുകയാണ്. എവിടെയാണ് നീതിയെന്ന ചോദ്യം ആവർത്തിക്കപ്പെടുകയാണ്.
കോടതി ഉത്തരവിനെ തുടർന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ നടത്തിയ സർവേയുടെ അടിസ്ഥാനത്തിൽ നിലവിലുള്ള പള്ളിക്ക് താഴെ ക്ഷേത്രമുണ്ടായിരുന്നുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്.
കഴിഞ്ഞ 600 വർഷത്തിലേറെക്കാലമായി മുസ്‌ലിംകൾ പ്രാർത്ഥന നടത്തിക്കൊണ്ടിരിക്കുന്ന പള്ളിയാണ് ഒരു സർവേ റിപ്പോർട്ടിന്റെ പേര് പറഞ്ഞ് നീതിന്യായ സംവിധാനം അതിന്റെ അന്തഃസത്തയെ തന്നെ തകർത്തുകളഞ്ഞത്. 600 വർഷങ്ങൾക്ക് മുൻപ് ജൗൻപൂരിലെ ഭൂവുടമയാണ് ഗ്യാൻവാപി പള്ളി നിർമിച്ചതെന്നതാണ് ചരിത്ര യാഥാർത്ഥ്യം. പിന്നീട് മുഗൾ ചക്രവർത്തിമാരായ അക്ബറിന്റെയും ഔറംഗസേബിന്റെയും കാലത്ത് പള്ളി വിപുലീകരിക്കുകയും പ്രാർത്ഥനകൾക്കായി കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. ഈ ചരിത്ര പശ്ചാത്തലത്തെയാണ് ഒരു ജില്ലാ കോടതി പാടെ നിഷേധിച്ചു കളഞ്ഞത്. അല്ലെങ്കിലും ചരിത്രം തിരുത്തുകയും തമസ്‌കരിക്കപ്പെടുകയും ചെയ്യുന്നത് മോഡി ഭരണകൂടത്തിന് കീഴിൽ പുതുമയുള്ള കാര്യമല്ലല്ലോ.
ആരാധനാലയങ്ങളുടെ സംരക്ഷണത്തിനായി കൃത്യമായി ഒരു നിയമം രാജ്യത്തുണ്ട്. സ്വാതന്ത്ര്യം ലഭിക്കുന്ന സമയത്തുണ്ടായിരുന്ന ആരാധനാലയം രാജ്യത്തെ ഏത് മതവിഭാഗത്തിന്റെ ആരാധനാലയങ്ങളായാലും അവയുടെ സ്വഭാവം മാറ്റാൻ പാടില്ലെന്നും ആരാണോ അവിടെ ആരാധന നിർവഹിച്ചുവരുന്നത് അതനുസരിച്ചുള്ള സ്റ്റാറ്റസ്‌കോ നിലനിർത്തണമെന്നതുമാണ് 1991 ൽ പാസാക്കിയ ആരാധനാലയങ്ങളുടെ സ്വഭാവം മാറ്റുന്നത് സംബന്ധിച്ച നിയമത്തിൽ പറയുന്നത്. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ ഓഗസ്റ്റ് 15 ന് എന്താണോ ആരാധനാലയങ്ങളുടെ മതസ്വഭാവം ആ സ്വഭാവത്തിൽ നിന്നും യാതൊരു മാറ്റവും വരുത്താൻ പാടില്ലെന്നും നിയമം അനുശാസിക്കുന്നു. വിവിധ മതവിഭാഗങ്ങളുടെ ആരാധന സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഇത്തരം ഒരു നിയമം കൊണ്ടുവന്നത്. എന്നാൽ ഗ്യാൻവാപി മസ്ജിദിന്റെ കാര്യത്തിൽ ഈ നിയമം പൂർണമായും നോക്കുകുത്തിയായി മാറിയിരിക്കുകയാണ്.
ഗ്യാൻവാപി മസ്ജിദിൽ ആരാധനയ്ക്കുള്ള സ്വാതന്ത്ര്യം ഹിന്ദു വിഭാഗത്തിന് നൽകിയതിലൂടെ ഗ്യാൻവാപി മസ്ജിദിന്റെ അവകാശത്തെപ്പറ്റി വലിയ തർക്കത്തിനും വാദപ്രതിവാദങ്ങൾക്കും സങ്കീർണമായ നിയമ പ്രശ്‌നങ്ങൾക്കുമെല്ലാം അത് വഴി വെച്ചിരിക്കുകയാണ്. അത് തന്നെയാണ് തീവ്ര ഹിന്ദുത്വ വാദികൾ ആഗ്രഹിക്കുന്നതും. പള്ളിയെ പൂർണമായും കീഴടക്കി നിയമത്തെ കൂട്ടുപിടിച്ച് അത് ഹിന്ദുക്ഷേത്രമാക്കി പൂർണ അവകാശം സ്ഥാപിക്കുകയെന്ന അജണ്ടയാണ് അവർക്ക് മുന്നിലുള്ളത്. ഹിന്ദു രാഷ്ട്രം സ്ഥാപിക്കുകയെന്ന പ്രഖ്യാപിത അജണ്ടയിലേക്ക് സംഘപരിവാർ ഭരണകൂടത്തിന് നടന്നടുക്കണമെങ്കിൽ മറ്റു മതവിഭാഗങ്ങളുടെ ആരാധനാലയങ്ങളെയും അവരുടെ ആരാധന സ്വാതന്ത്ര്യങ്ങളെയും ഇല്ലാതാക്കേണ്ടത് അത്യാവശ്യമാണെന്ന് അവർ കണക്ക് കൂട്ടുന്നു. അതിനുള്ള വളരെ ബോധപൂർവമായ ശ്രമങ്ങൾ ആരംഭിച്ചിട്ട് കുറച്ച് കാലങ്ങളായി. രാജ്യത്തെ ഭരണകൂടം ഹൈന്ദവ വർഗീയതയെ അതിന്റെ പാരമ്യതയിലേക്ക് അഴിച്ചുവിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഗ്യാൻവാപി മാത്രമല്ല, ഇനിയും മറ്റു പല മുസ്‌ലിം ആരാധനാലയങ്ങളുടെയും മേൽ അവർ അവകാശവാദം ഉന്നയിച്ച് രംഗത്തെത്തുകയും മനഃപൂർവം തർക്കപ്രശ്‌നങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. രാജ്യത്ത് മതേതരത്വത്തിനും വിവിധ മതവിശ്വാസങ്ങൾക്കുമെതിരെ എല്ലാ ഭരണ സംവിധാനങ്ങളെയും ഉപയോഗിച്ച് സംഘപരിവാർ നേതൃത്വം വലിയ ഭീഷണി ഉയർത്തുമ്പോൾ അതിനെ പ്രതിരോധിക്കേണ്ടത് ഓരോ ജനാധിപത്യ വിശ്വാസിയുടെയും ചുമതലയാണ്.