കൊച്ചി- അയാള്‍ വരികയാണെങ്കില്‍ തല്ലിക്കൊല്ലാന്‍ ഞാനൊരു വടി പണ്ടേ എടുത്തുവെച്ചിട്ടുണ്ടായിരുന്നു- ആക്ടിവിസ്റ്റ് ശ്രീദേവി അറക്കലാണ് തന്റെ അച്ഛനെ കുറിച്ച് ഒരു ഓണ്‍ലൈന്‍ മീഡിയയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞത്.
തന്റെ അച്ഛനെന്ന് പറയുന്നയാള്‍ തന്റെ അമ്മ ഉള്‍പ്പെടെ പന്ത്രണ്ടോ ഇരുപതോ സ്ത്രീകളെ വിവാഹം കഴിക്കുകയും വഞ്ചിക്കുകയും ചെയ്തയാളാണെന്നും ശ്രീദേവി അറക്കല്‍ പറഞ്ഞു. വിവാഹത്തട്ടിപ്പുകാരനായ ആളെ സംഗതി തിരിച്ചറിഞ്ഞപ്പോള്‍ അമ്മ പോലീസില്‍ പരാതി നല്കി അറസ്റ്റ് ചെയ്യിക്കുകയായിരുന്നുവെന്നും ശ്രീദേവി പറഞ്ഞു.
ചെറുപ്പ കാലത്തു പോലും തന്റെ അച്ഛനില്ലാത്ത ഒരു ഫീലിംഗോ സ്നേഹമോ തനിക്ക് തോന്നിയിട്ടില്ലെന്നും അയാള്‍ ആരാണെന്ന് തനിക്ക് അറിയേണ്ട ആവശ്യമില്ലെന്നും ആഗ്രഹമില്ലെന്നും ശ്രീദേവി അറക്കല്‍ പറഞ്ഞു.
തന്റെയൊരു ഫേസ്ബുക്ക് പോസ്റ്റിനു കീഴെ അജ്ഞാതനായ ഒരാള്‍ പഴയകാല കാര്യങ്ങളൊക്കെ എഴുതിവന്നത് കണ്ടപ്പോള്‍ പേരോ ഫോട്ടോയോ നോക്കാതെ താന്‍ ബ്ലോക്ക് ചെയ്തെന്നും തന്റെ അച്ഛനോ മറ്റോ ആണ് അയാളെങ്കില്‍ കാണേണ്ടതില്ലെന്നും ശ്രീലക്ഷ്മി വിശദീകരിച്ചു.
അമ്മ അച്ഛനെ കുറിച്ച് ഒരു കാര്യവും പറഞ്ഞിരുന്നില്ല. അമ്മയ്ക്ക് അച്ഛനോട് വെറുപ്പുണ്ടായിരിക്കാം. പക്ഷേ, തന്റെ അച്ഛനാണ് അയാളെന്നതിനാല് തന്നോട് മോശമായി ഒരു കാര്യവും പറഞ്ഞിരുന്നില്ലെന്നും ശ്രീദേവി പറഞ്ഞു. എന്നാല്‍ അമ്മൂമ്മ തന്നോട് എല്ലാ കാര്യങ്ങളും പറയാറുണ്ടായിരുന്നു. ചെറുപ്പത്തില്‍ താനും അമ്മൂമ്മയും കൂടി ആടിനെ മേയ്ക്കാന്‍ പോകുമ്പോഴാണ് എല്ലാ കഥയും പറഞ്ഞു തന്നിരുന്നത്.
തന്റെ ഒരു ബന്ധുവിന്റെ കല്യാണ ആല്‍ബത്തില്‍ ഭക്ഷണം വിളമ്പുന്ന അച്ഛന്റെ ഫോട്ടോയുണ്ടെന്ന് അറിഞ്ഞെങ്കിലും തനിക്കത് കാണാനുള്ള യാതൊരു ആഗ്രഹവും ഉണ്ടായിരുന്നില്ല. മരിക്കുവോളം കാണരുതെന്നാണ് ആഗ്രഹമെന്നും ശ്രീലക്ഷ്മി പറഞ്ഞു. താന്‍ അഭിമുഖങ്ങളിലും മറ്റുമൊക്കെ അച്ഛനെന്ന് പറയാറുണ്ടെങ്കിലും ജീവിതത്തില്‍ ഒരിക്കല്‍ പോലും അങ്ങനെ പറഞ്ഞിട്ടില്ലെന്നും 'അയാള്‍' എന്നു മാത്രമാണ് പറഞ്ഞിരുന്നതെന്നും ശ്രീലക്ഷ്മി പറഞ്ഞു.
ചെറുപ്പത്തില്‍ മറ്റു കുട്ടികളുടെ അച്ഛന്മാരെയൊക്കെ കാണുമ്പോഴും തനിക്കൊന്നും തോന്നിയിരുന്നില്ല. കാരണം അച്ഛനെന്ന വികാരം തനിക്കുണ്ടായിരുന്നില്ല. അമ്മ കാലത്ത് ജോലിക്കു പോകുന്നു, വൈകിട്ട് തിരികെയെത്തുമ്പോള്‍ ബാഗില്‍ തിന്നാനെന്തെങ്കിലുമുണ്ടോ എന്ന് താന്‍ നോക്കുന്നു, അച്ഛനും അമ്മയുമെല്ലാം തന്റെ അമ്മയും അമ്മൂമ്മയും മാത്രമായിരുന്നുവെന്നും ശ്രീലക്ഷ്മി പറഞ്ഞു.