മദ്യലഹരിയില്‍ അധ്യാപകന്‍ സ്‌കൂളില്‍, വിദ്യാര്‍ഥികള്‍ വീഡിയോ പകര്‍ത്തി; സസ്‌പെന്‍ഷനിലായി

ഭോപാല്‍-മധ്യപ്രദേശിലെ ജബല്‍പൂരില്‍ അമിതമായി മദ്യപിച്ച് സ്‌കൂളിലെത്തിയ അധ്യാപകന് സസ്‌പെന്‍ഷന്‍. രാജേന്ദ്ര നേതം എന്ന അധ്യാപകനെയാണ് വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും പരാതിയില്‍ സസ്‌പെന്‍ഡ് ചെയ്തത്. നേരത്തെയും ഇയാള്‍ സ്‌കൂളില്‍ മദ്യപിച്ചെത്തിയിരുന്നുവെന്ന് പരാതികള്‍ ഉയര്‍ന്നിരുന്നു.
കഴിഞ്ഞദിവസം മദ്യലഹരിയില്‍ സ്‌കൂളിലെത്തിയ രാജേന്ദ്ര, എഴുന്നേറ്റ് നില്‍ക്കാന്‍ പോലും സാധിക്കാതെ സ്‌കൂള്‍ പരിസരത്ത് ഇരിക്കുന്നത് വിദ്യാര്‍ഥികളിലൊരാള്‍ മൊബൈില്‍ പകര്‍ത്തിയിരുന്നു. ഈ വീഡിയോ പുറത്തു വന്നതിന് പിന്നാലെയാണ് അധ്യാപകനെതിരെ നടപടി സ്വീകരിച്ചത്. അമിത മദ്യലഹരിയിലാണ് അധ്യാപകന്‍ സ്‌കൂളിലെത്തിയതെന്ന് വീഡിയോയില്‍ വ്യക്തമാണ്.
വീഡിയോ സോഷ്യല്‍മീഡിയകളില്‍ വൈറലായതോടെ വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ അധ്യാപകനെതിരെ പരാതിയുമായി സ്‌കൂളിലെത്തി. എന്നാല്‍ തുടക്കത്തില്‍ ഇയാള്‍ക്കെതിരെ നടപടി സ്വീകരിച്ചില്ല. ഇതോടെ ചില വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ വരുന്നത് നിര്‍ത്തിയിരുന്നു. ഇതിനിടെ വീഡിയോ ശ്രദ്ധയില്‍പ്പെട്ട വിദ്യാഭ്യാസ വകുപ്പ് അധ്യാപകനെതിരെ നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. അധ്യാപികനെ സസ്‌പെന്‍ഡ് ചെയ്തതായി ജബല്‍പൂര്‍ കലക്ടറും മാധ്യമങ്ങളോട് പറഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് മാതൃകയാകേണ്ട അധ്യാപകന്‍ ഇത്തരത്തില്‍ പെരുമാറുന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും നടപടി സമാനസ്വഭാവമുള്ള മറ്റ് അധ്യാപകര്‍ക്കും സ്‌കൂള്‍ ജീവനക്കാര്‍ക്കുമുള്ള മുന്നറിയിപ്പാണെന്നും അധികൃതര്‍ അറിയിച്ചു.

Latest News