പൂനെ- രാമായണത്തെ അധിക്ഷേപിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് സാവിത്രിഭായ് ഫുലെ പൂനെ സര്‍വകലാശാല അവതരിപ്പിച്ച നാടകത്തിനെതിരെ പരാതി. സര്‍വകലാശാല വിദ്യാര്‍ത്ഥികളാണ് നാടകം അവതരിപ്പിച്ചത്.പരാതിയുടെ അടിസ്ഥാനത്തില്‍ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ അടക്കം ആറു പേര്‍ അറസ്റ്റിലായി.
സംഭവത്തിന് പിന്നാലെ ലളിത കലാ കേന്ദ്രത്തിനെതിരെ യുവമോര്‍ച്ചയുടെ അക്രമമുണ്ടായി. ജയ് ശ്രീറാം വിളിച്ചെത്തിയ അക്രമികള്‍ ഫര്‍ണിച്ചറുകളും സാധനങ്ങളും അടിച്ചു തകര്‍ക്കുകയും കരിയോയില്‍ ഒഴിക്കുകകയും ചെയ്തു.
ലളിത കലാ കേന്ദ്ര ഡിപ്പാര്‍ട്‌മെന്റ് മേധാവി ഡോ. പ്രവീണ്‍ ഭോലെ, വിദ്യാര്‍ത്ഥികളായ ഭവേഷ് പാട്ടില്‍, ജയ് പട്‌നേക്കര്‍, പ്രഥമേഷ് സാവന്ത്, റിഷികേഷ് ഡാല്‍വി, യാഷ് ഛിക്ലെ എന്നിവരാണ് അറസ്റ്റിലായത്. ശിക്ഷാ നിയമത്തിലെ 295 (എ) വകുപ്പു പ്രകാരമാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
സിഗരറ്റ് വലിക്കുന്ന കഥാപാത്രമായാണ് സീത അരങ്ങിലെത്തിയത്. രാമന്‍ അതിനെ സഹായിക്കുന്ന കഥാപാത്രമായി വേഷമിട്ടു. ഇരിപ്പിടത്തിലിരുന്ന് കാല്‍ കയറ്റി വച്ചാണ് സീത പുക വലിക്കുന്നത്. നാടകം നടക്കുമ്പോള്‍ തന്നെ ആര്‍എസ്എസ് അനുകൂല വിദ്യാര്‍ത്ഥി സംഘടനകള്‍ സ്റ്റേജിലേക്ക് ഇരച്ചു കയറി പ്രദര്‍ശനം തടസ്സപ്പെടുത്തിയിരുന്നു.