തിരുവനന്തപുരം- സംസ്ഥാന ബജറ്റ് ഇന്ന്. രാവിലെ ഒമ്പതു മണിക്ക് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കും. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്നു എന്നിരിക്കെ തന്റെ പക്കല്‍ മാന്ത്രിക വടിയില്ലെന്ന് കഴിഞ്ഞ ദിവസം തന്നെ കെഎന്‍ ബാലഗോപാല്‍ പറഞ്ഞിരുന്നു. ക്ഷേമ പെന്ഷന് അടക്കം പൊതുജനങ്ങളെ നേരിട്ട് ബാധിക്കുന്ന സേവനങ്ങള്‍ക്ക് പണം വകയിരുത്തിയും, പ്രതിസന്ധികാലത്ത് അധിക വിഭവ സമാഹരണത്തിനുള്ള പ്രഖ്യാപനങ്ങളുമാണ് ബജറ്റില്‍ പ്രതീക്ഷിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന് ബജറ്റില്‍ നടപടികളുണ്ടായേക്കും. മദ്യത്തിനടക്കം നികുതി നിരക്കുകള്‍ വലിയ രീതിയില്‍ കൂടാനിടയില്ല. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കെ ജനകീയ പ്രഖ്യാപനങ്ങള്‍ എന്തൊക്കെയുണ്ടാകുമെന്ന് അറിയാനാണ് ആകാംക്ഷ.