Sorry, you need to enable JavaScript to visit this website.

ഗാസയിലെ മാധ്യമ പ്രവർത്തകൻ വെയ്ൽ ദഹ്ദൂഹിന്റെ ഉമ്മ മരിച്ചു

ഗാസ- ഗാസയിൽ അൽ ജസീറ ബ്യൂറോ ചീഫ് വെയ്ൽ ദഹ്ദൂഹിന്റെ മാതാവ് മരണപ്പെട്ടു. ഞായറാഴ്ച വൈകുന്നേരമാണ് വെയ്ൽ ദഹ്ദൂഹിന്റെ ഉമ്മയുടെ മരണം സ്ഥിരീകരിച്ചത്. ഇസ്രായിൽ സൈന്യത്തിന്റെ വ്യോമാക്രമണത്തിൽ പരിക്കേറ്റ വെയ്ൽ ദഹ്ദൂഹ് ഖത്തറിൽ സർജറിക്ക് വിധേയനായി ആശുപത്രിയിൽ ചികിത്സയിലാണ്. ഗാസയിൽ ഇസ്രായിൽ സൈന്യത്തിന്റെ ക്രൂരമായ ആക്രമണത്തിൽ വെയ്ൽ ദ്ഹ്ദൂഹിന് മക്കളെയും ഭാര്യയെയും കൊച്ചുമക്കളെയും നഷ്ടമായിരുന്നു. പരിക്കേറ്റ ദഹ്ദൂഹിനെ വിദഗ്ധ ചികിത്സക്കായാണ് ഖത്തറിലേക്ക് കൊണ്ടുവന്നത്. കഴിഞ്ഞ മാസം അവസാനമാണ് സർജറി നടന്നത്. വെയ്ൽ ദഹ്ദൂഹും തന്റെ മാതാവും തമ്മിലുള്ള നിരവധി രംഗങ്ങൾ നേരത്തെ തന്നെ സമൂഹമാധ്യമങ്ങളിലുണ്ട്. 
ഗാസ നഗരത്തിൽ ജനിച്ച ദഹ്ദൂഹ് വിദ്യാഭ്യാസം നേടിയതും ഗാസയിലായിരുന്നു. ഇസ്രായിൽ ജയിലിൽ ഏഴു വർഷം തടവിലും അദ്ദേഹം കഴിഞ്ഞിരുന്നു. നേരത്തെ ഫലസ്തീൻ പ്രസിദ്ധീകരണമായ അൽ-ഖുദ്സിന്റെ ലേഖകനായിരുന്നു. വെയ്ൽ ദഹ്ദൂഹിനെ ലക്ഷ്യമിട്ട് ഇസ്രായിൽ സൈന്യം ഗാസയിൽ വ്യോമാക്രമണം നടത്തിയിരുന്നു. അക്രമണത്തിൽ അദ്ദേഹത്തിന്റെ മകൻ കൊല്ലപ്പെടുകയും ചെയ്തു. കേരള മീഡിയ അക്കാദമിയുടെ മാധ്യമ പുരസ്‌കാരത്തിന് ദഹ്ദൂഹിനെ തെരഞ്ഞെടുത്തിരുന്നു.

ദഹ്ദൂഹ്; വേദന പെയ്യുന്ന ഗാസയില്‍ നൊമ്പരം ചേര്‍ത്തുവെച്ച മാധ്യമ പ്രവര്‍ത്തകന്‍

2023 നവംബര്‍ 30ന് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയോടൊപ്പം  ദഹ്ദൂഹ് എഴുതി: 'ഓ, എന്റെ ജന്മനാടേ, ഞാനതില്‍ ജീവിച്ചു. അതിനെ ആശ്രയിച്ചു, എന്റെ ആത്മാവ് പുഞ്ചിരിച്ചു, നീ എന്റെ മാതൃരാജ്യമാണ്.' ആ ഫോട്ടോയില്‍  ദഹ്ദൂഹ് മാത്രമല്ല, അദ്ദേഹത്തിന്റെ ഭാര്യയുമുണ്ടായിരുന്നു. പുഞ്ചിരി തൂകി സെല്‍ഫിയെടുത്ത ദമ്പതികള്‍.

അല്‍ ജസീറയുടെ ഗാസ ബ്യൂറോ ചീഫാണ്  ദഹ്ദൂഹ്. വലതുകൈയില്‍ ബാന്‍ഡേജിട്ട് ഇടതുകൈയിലെ രണ്ടിടങ്ങളില്‍ പ്ലാസ്റ്ററുകളിട്ട് അല്‍ജസീറയുടെ മൈക്ക് പിടിച്ച് പ്രസ്സെന്ന് രേഖപ്പെടുത്തിയ കോട്ട് ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്ന ദഹ്ദൂഹിന്റെ ചിത്രം ഇതിനകം നിരവധി തവണ കണ്ടുകഴിഞ്ഞിട്ടുണ്ടാകും. 

ദഹ്ദൂഹിനെ കണ്ടില്ലേ- ഇസ്രായില്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ ആദ്യം അദ്ദേഹത്തിന് നഷ്ടമായത് ഭാര്യ ഉമ്മു ഹംസയേയും 15കാരന്‍ മകന്‍ മഹമ്മൂദിനേയും ഏഴുവയസ്സുകാരി മകള്‍ ഷാമിനേയും പേരക്കുട്ടി ആദമിനേയുമായിരുന്നു. കഴിഞ്ഞ ദിവസം ഒരു മകന്‍ കൂടി കൊല്ലപ്പെട്ടു- ഹംസ അല്‍ദഹ്ദൂം.

പതിറ്റാണ്ടുകളായി പരിചിതമാണ് ഗാസയ്ക്ക് ആ കാഴ്ചകള്‍. മൃതദേഹങ്ങള്‍ അടങ്ങിയ പെട്ടിയില്‍ വെള്ളപുതച്ച് കിടക്കുന്നത് തങ്ങളുടെ ഏറ്റവും അടുത്ത ആരോ ആണെന്ന് അവര്‍ക്കറിയാം. തങ്ങളും ഇങ്ങനെ തന്നെയായിരിക്കും കിടക്കുകയെന്നും അവര്‍ പണ്ടേ തിരിച്ചറിഞ്ഞിട്ടുണ്ട്. സമയത്തിന്റെ മാത്രം ദൂരമാണ് ആ കാഴ്ചയ്ക്കെന്ന് ഗാസയിലെ ഓരോ മനുഷ്യനും അറിയാവുന്ന കാര്യമാണ്.
 
നിങ്ങള്‍ക്കെല്ലാവര്‍ക്കും പ്രതിദിനം അഞ്ച് നമസ്‌ക്കാരമാണെങ്കില്‍ ഞങ്ങള്‍ക്കത് ആറാണെന്ന് അവര്‍ പറയുന്നത് വെറുതെയല്ല. മയ്യത്ത് നമസ്‌ക്കാരം അവര്‍ക്ക് പ്രതിദിന കര്‍മങ്ങളില്‍ ഒന്നുമാത്രമാണ്. 

അല്‍ ജസീറ ചാനലിന്റെ ഗാസ ബ്യൂറോ ചീഫായ ദഹ്ദൂഹ് മയ്യിത്ത് നമസ്‌ക്കാരത്തിന് നേതൃത്വം നല്‍കുന്ന ആ ഒറ്റ ചിത്രം കണ്ടാല്‍ മതി, എത്ര ക്രൂരമായാണ് ഇസ്രായില്‍ ഫലസ്തീനികളോട് പെരുമാറുന്നതെന്ന് തിരിച്ചറിയാന്‍!

സമയവും കാലവുമില്ലാതെ ജോലി ചെയ്യുന്നതുകൊണ്ടാകണം മയ്യിത്ത് നമസ്‌ക്കാരത്തിന് നേതൃത്വം നല്‍കുമ്പോഴും പ്രസ് എന്നു പതിച്ചുവെച്ച നീലക്കുപ്പായം അദ്ദേഹത്തിന്റെ ദേഹത്തുണ്ട്. തൊട്ടു വലതുഭാഗത്ത് നിന്ന് നമസ്‌ക്കരിക്കുന്ന കുടിയുടെ തല പൊട്ടി താടിയുമായി ചേര്‍ത്ത് ബാന്റജിട്ടിട്ടുണ്ട്. പിന്നില്‍ നില്‍ക്കുന്നവരിലുമുണ്ട് ഇതുപോലെ തല പൊട്ടിപ്പൊളിഞ്ഞ് ബാന്‍ജേഡിട്ട എത്രയോ പേര്‍. 

ദുഃഖം താങ്ങാനാവാതെ ഹൃദയത്തോട് ചേര്‍ത്തുകെട്ടിയ കൈകളും കുനിഞ്ഞ ശിരസ്സും പൊട്ടിക്കരഞ്ഞേക്കുമെന്നു തോന്നിപ്പിക്കുന്ന മുഖവുമായി ഏതാനും പേരേയും ഫോട്ടോയില്‍ തിരിച്ചറിയാന്‍ സാധിക്കും. 

ഒക്ടോബര്‍ ഏഴു മുതല്‍ കഴിഞ്ഞു പോയ മൂന്നു മാസത്തിനുള്ളില്‍ എത്ര മയ്യിത്ത് നമസ്‌ക്കാരം നടത്തിയിട്ടുണ്ടാവും ഗാസയിലെ ജനങ്ങള്‍. മറ്റു പലര്‍ക്കും വേണ്ടി മയ്യിത്ത് നമസ്‌ക്കാരം നിര്‍വഹിച്ച പലരും ഇപ്പോള്‍ ഖബറുകളിലെത്തിക്കഴിഞ്ഞു. അവര്‍ക്കു വേണ്ടിയും ആരൊക്കെയോ മയ്യിത്ത് നമസ്‌ക്കാരം നിര്‍വഹിച്ചു. ഇങ്ങനെ കൊന്നൊടുക്കപ്പെടാന്‍ മാത്രം ഫലസ്തീനികള്‍ എന്തു തെറ്റാണ് ചെയ്തതെന്ന് പറയാന്‍ ഇസ്രായിലിന് സാധിക്കുന്നില്ല. കാരണം പറയാനില്ലാതെ ഒരു ജനസമൂഹത്തിലേക്ക് ബോംബുകള്‍ വര്‍ഷിക്കുകയാണവര്‍. 

അഞ്ച് പതിറ്റാണ്ടിന്റെ ജീവിതത്തിനിടയില്‍ അഞ്ച് നൂറ്റാണ്ടിന്റെ അനുഭവം നേടിയ  ദഹ്ദൂഹിന്റെ മകന്‍ കഴിഞ്ഞ ദിവസം രക്തസാക്ഷിയായ ഹംസ ദഹ്ദൂഹ് ഫോട്ടോ ജേര്‍ണലിസ്റ്റായിരുന്നു. ഖാന്‍ യൂനിസിനെ റഫയുമായി ബന്ധിപ്പിക്കുന്ന റോഡിന് സമീപമുള്ള ഒരു റെസിഡന്‍ഷ്യല്‍ സോണിനെ ലക്ഷ്യമിട്ട് ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തിന്റെ ചിത്രമെടുക്കാന്‍ പോകവെയാണ് ഹംസയും സഹപ്രവര്‍ത്തകനും സഞ്ചരിച്ച വാഹനത്തിന് നേരെ ഇസ്രായില്‍ സൈന്യം ആക്രമണം നടത്തിയത്.

കൊല്ലപ്പെടുന്നതിന് മുമ്പ് അവസാനമായി ഹംസ തന്റെ എക്‌സ് അക്കൗണ്ടില്‍ എഴുതിയത് പിതാവിനെ കുറിച്ചു തന്നെയായിരുന്നു: 'നിങ്ങളാണ് ക്ഷമയും പ്രതിഫലം ആഗ്രഹിക്കുന്നവനും. എന്റെ പിതാവേ, അതിനാല്‍ നിരാശപ്പെടരുത്, ദൈവത്തിന്റെ കരുണയില്‍ നിരാശപ്പെടരുത്. നി്ങ്ങള്‍ ക്ഷമയോടെ പ്രവര്‍ത്തിച്ചതിന് ദൈവം നിങ്ങള്‍ക്ക് മികച്ച പ്രതിഫലം നല്‍കും.'

ഹംസയോടൊപ്പം ഇസ്രായില്‍ ആക്രമണത്തില്‍ എ. എഫ്. പി റിപ്പോര്‍ട്ടര്‍ മുസ്തഫ തുറായയും കൊല്ലപ്പെട്ടിരുന്നു. ഇതോടെ ഒക്ടോബര്‍ ഏഴിന് ശേഷം ഗാസയില്‍ കൊല്ലപ്പെട്ട മാധ്യമ പ്രവര്‍ത്തകരുടെ എണ്ണം 109 ആയി.

ദഹ്ദൂഹിന്റേയും മകന്‍ ഹംസയുടേയും സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ തുറന്നുനോക്കിയാല്‍ കാണാം ഗാസയുടെ നൊമ്പരവും ഇസ്രായേലിന്റെ ക്രൂരതയും തിരിച്ചറിയുന്ന എത്രയെങ്കിലും പോസ്റ്റുകള്‍. മനഃസാക്ഷി മരവിച്ചു പോകുന്ന അനുഭവങ്ങളിലും കര്‍മനിരതരായ ഒരായിരം മനുഷ്യരുടെ പ്രതീകമാണ് ദഹ്ദൂഹ്.

 ദഹ്ദൂഹിന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റിന് താഴെ സംഗീതജ്ഞയായ ജെന്‍ക്ലോഹറെഴുതി: 'നിങ്ങളും നിങ്ങളുടെ കുടുംബവും കടന്നുപോകുന്ന നഷ്ടത്തേയും ദുഃഖത്തേയും ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. നിങ്ങളുടെ സ്‌നേഹത്തിന്റേയും ധൈര്യത്തിന്റേയും പ്രവര്‍ത്തനങ്ങളിലൂടെ ഏറ്റവും മികച്ച മനുഷ്യത്വത്തെ കാണിച്ചു തന്നതിന് നന്ദി.' 

Latest News