ഇന്ത്യ ഏകാധിപത്യ രാജ്യമായി, കേന്ദ്ര സർക്കാറിന് ലജ്ജയില്ല- ആഞ്ഞടിച്ച് ശശി തരൂർ

ജയ്പൂർ- ഇന്ത്യയുടെ ജനാധിപത്യ സംവിധാനങ്ങളെ കേന്ദ്രസർക്കാർ തകർക്കുകയാണെന്നും തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറുന്ന ഏകാധിപത്യ രാജ്യമായി ഇന്ത്യ മാറുകയാണെന്നും കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി. കഴിഞ്ഞ പത്തുവർഷമായി ഒരാളെക്കുറിച്ച് മാത്രമാണ് രാജ്യം സംസാരിക്കുന്നതെന്നും ശശി തരൂർ പറഞ്ഞു. ജനങ്ങളുടെ ആവശ്യങ്ങൾ മനസിലാക്കുകയും അവരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുകയും ചെയ്യുന്ന ഒരു ബദൽ നേതൃത്വത്തെയാണ് രാജ്യത്തിന് ഇപ്പോൾ ആവശ്യം. പതിനേഴാമത് ജയ്പൂർ ലിറ്ററേച്ചർ ഫെസ്റ്റിവലിൽ ഇന്ദ്രജിത് റോയിയുടെ 'അഡാഷ്യസ് ഹോപ്പ്: ഹൗ ടു സേവ് എ ഡെമോക്രസി' എന്ന പുസ്തകത്തെക്കുറിച്ചുള്ള ചർച്ചയിലാണ് മോഡിക്കെതിരെ കടുത്ത വിമർശനം ശശി തരൂർ ഉയർത്തിയത്. 

ഇന്ത്യക്ക് രാഷ്ട്രപതി നയിക്കുന്ന ഒരു പാർലമെന്ററി സംവിധാനമുണ്ട്. 2014 ലെ കോൺഗ്രസിന്റെ മുദ്രാവാക്യം ഞങ്ങൾ ഓർക്കണം. ഞാനല്ല, ഞങ്ങൾ എന്നായിരുന്നു അത്. എന്നാൽ, കഴിഞ്ഞ പത്തു വർഷത്തിനിടയിൽ ഞാൻ, എന്റെ, ഞാൻ എന്നൊക്കെ നമ്മൾ ഒരുപാട് കേൾക്കുന്നു. ഇപ്പോൾ ഒരാളെക്കുറിച്ച് മാത്രമേ സംസാരിക്കുന്നുള്ളൂ. 
ഈ ഞാൻ എന്നതിന് ഒരു മറുമരുന്നുണ്ട്. വ്യത്യസ്തമായ ഒരു നേതൃത്വത്തെ സൃഷ്ടിക്കുക എന്നതാണത്. പൂർണ്ണ വിനയത്തോടെ നിങ്ങളെ ശ്രദ്ധിക്കുകയും നിങ്ങളെക്കുറിച്ച് സംസാരിക്കുകയും ആവശ്യങ്ങൾ മനസ്സിലാക്കുകയും ചെയ്യണം. ജനാധിപത്യം ഇന്ന് യഥാർത്ഥ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തങ്ങളുടെ വോട്ടവകാശം ഫലപ്രദമായി ഉപയോഗിക്കാൻ ശശി തരൂർ യുവാക്കളോട് അഭ്യർത്ഥിച്ചു. ആത്യന്തികമായി നിങ്ങളുടെ വോട്ട് മാത്രമാണ് പ്രധാനം. നിങ്ങളുടെ ഭാവി നിങ്ങളുടെ കൈകളിലാണ്. ഇന്ത്യ ശക്തവും പക്വതയുള്ളതുമായ ജനാധിപത്യ രാജ്യമാണെന്നും അദ്ദേഹം പറഞ്ഞു.

പാർലമെന്റ് തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി മോഡിയെ നേരിടാൻ ഇന്ത്യാ സംഘത്തിന് ഒരൊറ്റ പേരുപോലും നിർദ്ദേശിക്കാൻ കഴിയുന്നില്ലെന്ന ചോദ്യത്തിന്, പ്രതിപക്ഷ സഖ്യത്തിന് വോട്ട് ചെയ്യുക, അതിനുശേഷം ഞങ്ങൾ ഈ ചോദ്യത്തിന് ഉത്തരം നൽകാം എന്നായിരുന്നു തരൂരിന്റെ മറുപടി. പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന തൃണമൂൽ കോൺഗ്രസിന്റെ പ്രഖ്യാപനത്തെക്കുറിച്ചുള്ള ചോദ്യത്തിന് എല്ലാവർക്കുമായി ഒരൊറ്റ ഫോർമുലയും ബാധകമല്ലെന്നും ഓരോ സംസ്ഥാനത്തിനും അതിന്റേതായ രാഷ്ട്രീയമുണ്ടെന്നും തരൂർ പറഞ്ഞു. നമ്മൾ പരസ്പരം യോജിക്കുന്ന ചില സംസ്ഥാനങ്ങളുണ്ട്.  മറ്റു ചില സംസ്ഥാനങ്ങളിൽ പരസ്പരം യോജിക്കുന്നില്ല. കഴിഞ്ഞ ആറേഴു പതിറ്റാണ്ടുകളായി ജനാധിപത്യത്തിന്റെ സുഗമമായ പ്രവർത്തനത്തിനായി മുൻ സർക്കാരുകൾ വിവിധ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തിയിരുന്നു. എന്നാൽ ഇന്ന് ഈ സ്ഥാപനങ്ങളുടെ സ്വയംഭരണാവകാശം നശിപ്പിക്കപ്പെടുകയാണെന്നും തരൂർ പറഞ്ഞു. ഭൂരിപക്ഷത്തിന്റെ മറവിൽ രാജ്യം തിരഞ്ഞെടുപ്പ് ജനാധിപത്യത്തിൽ നിന്ന് തെരഞ്ഞെടുപ്പ് ഏകാധിപത്യമായി മാറുകയാണ്. 
എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സി.ബി.ഐ തുടങ്ങിയ അന്വേഷണ ഏജൻസികളെ കേന്ദ്രസർക്കാർ നിക്ഷിപ്ത താൽപര്യങ്ങൾക്കായി ലജ്ജയില്ലാതെ ഉപയോഗിക്കുകയാണെന്നും തരൂർ പറഞ്ഞു.
 

Latest News