ഭരണകക്ഷിയടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഒരു പരിശോധനയുടെയും ഭയമില്ലാതെ വിദേശ ഫണ്ട് സ്വീകരിക്കാമെന്ന ഭേദഗതി പാര്‍ലമെന്റ് അംഗീകരിച്ചത് കഴിഞ്ഞ മാര്‍ച്ചിലാണ്. ഒരു ചര്‍ച്ചയും കൂടാതെയാണ് ബില്‍ പാസാക്കിയത്.
1976 മുതല്‍ മുന്‍കാല പ്രാബല്യവും നല്‍കി. അതായത് 1976 മുതലുള്ള വിദേശ ഫണ്ടിന് കണക്ക് ബോധിപ്പിക്കേണ്ടതില്ല. 50 ശതമാനത്തില്‍ കുറവ് വിദേശ ഓഹരികളുള്ള കമ്പനികളെയൊക്കെ വിദേശ ഫണ്ടിന്റെ പരിഗണനയില്‍നിന്ന് ഒഴിവാക്കുകയും ചെയ്തു.
പാര്‍ട്ടി പ്രവര്‍ത്തനത്തിന് വിദേശ ഫണ്ട് സ്വീകരിക്കാന്‍ മടിയില്ലാത്ത കേന്ദ്ര സര്‍ക്കാരിന് ദുരിതാശ്വാസത്തിന്റെ കാര്യത്തില്‍ ഇരട്ടത്താപ്പ് എന്തിനാണെന്നാണ് മുന്‍ ലോക്സഭാ സെക്രട്ടറി ജനറല്‍ പി.ഡി.ടി. ആചാരി ചോദിക്കുന്നത്.
കേന്ദ്ര സര്‍ക്കാര്‍ സഹായിച്ചില്ലെങ്കില്‍ ദുരിതാശ്വാസ പ്രവര്‍ത്തനം തകിടം മറിയുമെന്ന അവസ്ഥയിലാണ് കേരളമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 2016 മേയില്‍ ഭേദഗതി വരുത്തിയ ദുരിതാശ്വാസ പ്രവര്‍ത്തന ബില്‍ അനുസരിച്ചു പോലും വിദേശ സഹായം സ്വീകരിക്കുന്നതിന് തടസ്സമില്ലെന്നിരിക്കെ കേരളത്തെ തഴയുന്നത് എന്തടിസ്ഥാനത്തിലാണെന്ന് അദ്ദേഹം ചോദിക്കുന്നു.
ലോകത്തിന്റെ ഏത് ഭാഗത്തും പ്രകൃതിദുരന്തമനുഭവിക്കുന്നവരെ സഹായിക്കണമെന്ന തത്വത്തില്‍ 2015 ല്‍ യു.എന്‍ അംഗീകരിച്ച തത്വത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യ 2016 ല്‍ നിയമം ഭേദഗതി ചെയ്തതെന്നും ആചാരി വിശദീകരിച്ചു.