സൻആ/ ഗാസ- ചെങ്കടലിൽ ഇസ്രായിലി ബന്ധമുള്ള ചരക്കുകപ്പലുകളുടെ നീക്കത്തിന് തടസ്സം സൃഷ്ടിക്കുന്ന ഹൂത്തികളുടെ താവളങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണത്തിന് ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഹൂത്തികൾ മുന്നറിയിപ്പ് നൽകി. യെമനിലെ കേന്ദ്രങ്ങളിലടക്കം വീണ്ടും യു.എസ്, യു.കെ സംയുക്ത സൈന്യം ആക്രമണം നടത്തിയിരുന്നു. തലസ്ഥാനമായ സൻആയിലടക്കം 13 സ്ഥലങ്ങളിലായി 36 കേന്ദ്രങ്ങളിലേക്കാണ് ആക്രമണം നടത്തിയതെന്ന് അമേരിക്ക അറിയിച്ചു. ആക്രമണത്തിൽ ആളപായത്തിന്റെ വിവരങ്ങളൊന്നും പുറത്തു വന്നിട്ടില്ല. 48 കേന്ദ്രങ്ങളിലാണ് ആക്രമണങ്ങൾ ഉണ്ടായതെന്നും ഇതിന് ഉറപ്പായും തിരിച്ചടിയുണ്ടാവുമെന്നും ഹൂത്തികൾ പറഞ്ഞു. ഇത്തരം ആക്രമണങ്ങൾ കൊണ്ടൊന്നും ഗാസയിൽ ഇസ്രായിലിന്റെ ആക്രമണം നേരിടുന്ന ഫലസ്തീനി ജനതക്ക് ഞങ്ങൾ നൽകിവരുന്ന ഐക്യദാർഢ്യത്തിന് ഒരു മാറ്റവും വരില്ലെന്നും ഹൂത്തി വക്താവ് യഹിയ സാരീ പറഞ്ഞു.
കഴിഞ്ഞ ദിവസം ഇറാഖിലെയും സിറിയയിലെയും ഇറാൻ അനുകൂല സംഘങ്ങളുടെ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അമേരിക്ക നടത്തിയ ആക്രമണങ്ങൾക്ക് പിന്നാലെയാണ് യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂത്തി കേന്ദ്രങ്ങളിൽ അമേരിക്കയും ബ്രിട്ടനും സംയുക്ത വ്യോമാക്രമണം നടത്തിയത്. യെമനിൽ ഇത് മൂന്നാമത്തെ യു.എസ് - ബ്രിട്ടീഷ് സംയുക്ത ആക്രമണമാണ്. കഴിഞ്ഞ ആക്രമണങ്ങൾക്കു ശേഷവും ചെങ്കടലുകളിലൂടെ നീങ്ങുന്ന ചരക്കു കപ്പലുകൾക്കു നേരെ ഹൂത്തികൾ നടത്തുന്ന ആക്രമണങ്ങൾക്ക് ഒരു കുറവും വന്നിരുന്നില്ല.
ഹൂത്തികളുടെ ആക്രമണ ശേഷി ഇല്ലാതാക്കാൻ ലക്ഷ്യമിട്ടാണ് ആക്രമണങ്ങൾ നടത്തിയതെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ പറഞ്ഞു. ഹൂത്തികൾ ഭൂമിക്കടിയിൽ ആയുധങ്ങൾ ഒളിപ്പിച്ചുവെച്ച സ്ഥലങ്ങളിലും റഡാറുകൾ, വ്യോമ പ്രതിരോധ സംവിധാനങ്ങൾ, റോക്കറ്റ് ലോഞ്ചറുകൾ എന്നിവ സൂക്ഷിച്ചിരിക്കുന്ന സ്ഥലങ്ങളിലുമാണ് ആക്രമണങ്ങൾ നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. യു.എസ് ബ്രിട്ടീഷ് പോർവിമാനങ്ങളാണ് ആക്രമണങ്ങൾ നടത്തിയതെന്നും മറ്റു രാജ്യങ്ങൾ വേണ്ട സഹായങ്ങൾ നൽകുകയായിരുന്നുവെന്നും അമേരിക്ക പ്രസ്താവനയിൽ അറിയിച്ചു. എന്നാൽ ഈ ആക്രമണങ്ങൾ ശിക്ഷിക്കപ്പെടാതെ പോവില്ലെന്നായിരുന്നു ഹമാസ് വക്താവിന്റെ പ്രതികരണം. സനായിലും ബോംബുകൾ പതിച്ചുവെന്ന് തദ്ദേശവാസികൾ പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)