ബറേലി- കന്നുകാലിയെ മോഷ്ടിച്ചുവെന്നാരോപിച്ച് യു.പിയിൽ യുവാവിനെ അടിച്ചുകൊന്നു. ദുബായിൽനിന്ന് നാട്ടിലേക്ക് അവധിക്ക് വന്ന ഷാറൂഖ് ഖാൻ എന്ന 22-കാരനെയാണ് അടിച്ചുകൊന്നത്. ബറേലി ജില്ലയിലെ ബോലാപൂർ ഹിന്ദോലിയ ഗ്രാമത്തിലാണ് ക്രൂരത അരങ്ങേറിയത്. ചൊവ്വാഴ്ച്ച രാത്രിയാണ് ബറേലി ഗ്രാമത്തിൽ ക്രൂരതയുണ്ടായത്. ഷാറൂഖും ഇയാളുടെ നാലു കൂട്ടുകാരും ചേർന്ന് കന്നുകാലിയെ മോഷ്ടിക്കാൻ ശ്രമിച്ചുവെന്നാരോപിച്ചായിരുന്നു മർദ്ദനം. ഷാറൂഖും നാലുപേരും ചേർന്ന് പുലർച്ചെ കന്നുകാലിയെ മോഷ്ടിക്കാൻ ശ്രമിച്ചുവെന്നും നാട്ടുകാർ പിടികൂടുകയായിരുന്നുവെന്നുമാണ് പോലീസ് പറഞ്ഞു. കൂടെയുണ്ടായിരുന്ന മൂന്നു പേർ ഓടിരക്ഷപ്പെട്ടു. ഷാറൂഖിനെ പിടികൂടിയ നാട്ടുകാർ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ആന്തരികാവയവങ്ങൾക്ക് പറ്റിയ പരിക്കാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുള്ളത്. ദുബായിൽ എംബ്രോയിഡറി യൂണിറ്റിൽ ജോലി ചെയ്യുന്ന ഷാറൂഖ് ഒരു മാസം മുമ്പാണ് അവധിക്ക് നാട്ടിലെത്തിയത്. കൂട്ടുകാരിലൊരാൾ വിളിച്ചത് കൊണ്ടാണ് ഷാറൂഖ് വീട്ടിൽനിന്ന് പോയത്. രാത്രി കാണാതിരുന്നതിനെ തുടർന്ന് വീട്ടുകാർ ആശങ്കയിലായിരുന്നു. രാവിലെയാണ് മരണവിവരം അറിഞ്ഞത്.
കന്നുകാലിയെ മോഷ്ടിച്ചുവെന്ന ആരോപണം ഷാറൂഖിന്റെ കുടുംബം നിഷേധിച്ചു. ദുബായിൽ ജോലിയുള്ള ഷാറൂഖിന് നല്ല വരുമാനമുള്ള ജോലിയായിരുന്നു. സാമ്പത്തികമായ ഒരുതരത്തിലുള്ള പ്രശ്‌നങ്ങളുമില്ലെന്നും കുടുംബം പറഞ്ഞു. കൊലപാതകവുമായി ബന്ധപ്പെട്ട് 25 പേരുടെ പേരിൽ പോലീസ് കേസെടുത്തു. ആരെയും ഇതേവരെ അറസ്റ്റ് ചെയ്തിട്ടില്ല.