ന്യൂയോർക്ക്- വിമാനജോലിക്കാരെ ഏറെ ആദരവോടെയും കൗതുകത്തോടെയും വീക്ഷിക്കുന്നവരാണ് ഏറെയും. എന്നാൽ വിമാന ജോലിക്കാർ അനുഭവിക്കുന്നതിനെ പറ്റി പുറത്ത് അധികമാർക്കും അറിയാറില്ല. വിമാനജോലിക്കിടെ താൻ അനുഭവിച്ച ഏറ്റവും വെറുപ്പുളവാക്കുന്ന കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ് ഒരു ജീവനക്കാരൻ. കാൽ നൂറ്റാണ്ടു കാലത്തോളം അമേരിക്കയിലെ പ്രമുഖ വിമാനകമ്പനിയിൽ ഫ്‌ളൈറ്റ് അറ്റൻഡറായിരുന്ന, പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥനാണ് റെഡിറ്റിൽ ആസ്‌ക് മീ എനിതിംഗ് എന്ന സെഷനിൽ ഇക്കാര്യം പറഞ്ഞത്. ഉപയോഗിച്ച കോണ്ടവും ഉപേക്ഷിച്ച അടിവസ്ത്രവും കാണുന്നത് ഏറെ അറപ്പുളവാക്കുന്ന കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീകളുടെയും പുരുഷൻമാരുടെയും അടിവസ്ത്രങ്ങളാണ് ഉപേക്ഷിച്ച നിലയിൽ കാണാറുള്ളത്. ചിലർ സീറ്റിൽ തുപ്പിവെക്കുകയും ചെയ്യും. ജീവനക്കാരന്റെ വെളിപ്പെടുത്തൽ സമൂഹമാധ്യമങ്ങളിൽ വൻ തരംഗം സൃഷ്ടിച്ചു.
അനുസരണക്കേട് കാണിക്കുന്ന ചില യാത്രക്കാരാണ് വിമാന ജീവനക്കാരുടെ സമ്മർദ്ദത്തിന് ഉത്തരവാദികളെന്നും അദ്ദേഹം പറഞ്ഞു. ടോയ്‌ലറ്റിൽ പുകവലിക്കാൻ ശ്രമിക്കുന്ന യാത്രക്കാരെ ഓരോ ആഴ്ചതോറും താൻ പിടികൂടാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. മദ്യപാനികളുടെ എണ്ണം വിമാനത്തിന്റെ യാത്ര റൂട്ടുമായാണ് ബന്ധപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഫ്‌ളൈറ്റ് ജീവനക്കാരുടെ ശമ്പള സ്‌കെയിൽ തീരെ കുറവാണ്. അതേസമയം, വ്യത്യസ്ത നഗരങ്ങൾ കാണാനുള്ള ഭാഗ്യവും ആരോഗ്യ സംരക്ഷണ ആനുകൂല്യങ്ങളും തങ്ങൾക്ക് ലഭിക്കുന്നുണ്ട്. ഓരോ ദിവസവും വ്യത്യസ്ത അനുഭവിക്കാനും സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.