ന്യൂദൽഹി- റഫാൽ ഇടപാട് സംബന്ധിച്ച് കേന്ദ്രമന്ത്രി അരുൺ ജെയ്റ്റിലിയെ വീണ്ടും വെല്ലുവിളിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. കരാർ സംബന്ധിച്ച് അന്വേഷിക്കാൻ മുഴുവൻ പാർട്ടി അംഗങ്ങളെയും ഉൾപ്പെടുത്തിയുള്ള പാർലമെന്റ് സമിതി രൂപീകരിക്കാൻ ധൈര്യമുണ്ടോ എന്ന വെല്ലുവിളി രാഹുൽ വീണ്ടും ആവർത്തിച്ചു. ഇന്നലെ ഈ സമിതി രൂപീകരിക്കാൻ ഇരുപത്തിനാലു മണിക്കൂർ സമയത്തെ വെല്ലുവിളി രാഹുൽ കേന്ദ്രമന്ത്രി അരുൺ ജെയ്റ്റിലിക്ക് മുന്നിൽ വെച്ചിരുന്നു. തന്റെ വെല്ലുവിളി തീരാൻ ഇനി ആറു മണിക്കൂർ മാത്രമേയുള്ളൂവെന്നും ഇക്കാര്യത്തിൽ വല്ലതും പറയൂ എന്നുമാണ് ഇന്ന് രാഹുൽ വീണ്ടും ചലഞ്ച് ചെയ്തത്. യുവ ഇന്ത്യ അങ്ങയുടെ മറുപടിക്കായി കാത്തിരിക്കുയാണെന്നും മോഡിജിയെയും അനിൽ അംബാനിജിയെയും ഇക്കാര്യം ബോധ്യപ്പെടുത്താനുള്ള തിരക്കിലായിരിക്കും അങ്ങ് എന്ന് എനിക്കറിയാമെന്നും രാഹുൽ പരിഹസിച്ചു. റഫാൽ കൊള്ളയെ പറ്റി അന്വേഷിക്കാൻ അരുൺ ജെയ്റ്റിലി തയ്യാറുണ്ടോ എന്ന് ഇന്നലെ രാഹുൽ വെല്ലുവിളിച്ചിരുന്നു.
കോൺഗ്രസും പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിയും നുണകൾ പ്രചരിപ്പിക്കുകയാണെന്ന് അരുൺ ജയിറ്റ്‌ലി ആരോപിച്ചിരുന്നു. രാഹുൽ ഗാന്ധിയുടെ അബദ്ധങ്ങൾ രാജ്യസുരക്ഷയെ അപകടത്തിലാക്കുമെന്നും ജയിറ്റ്‌ലി ആരോപിച്ചു. ഫ്രഞ്ച് കമ്പനിയായ ദസോൾട്ട് ഏവിയേഷനിൽ നിന്ന് 36 വിമാനങ്ങൾ വാങ്ങാനുള്ള കരാറിൽ അഴിമതിയുണ്ടെന്ന് കോൺഗ്രസ് ബിജെപിക്കും നരേന്ദ്ര മോദിക്കും എതിരേ രൂക്ഷ വിമർശനങ്ങൾ ഉയർത്തുന്നതിനിടെയാണ് ജയിറ്റ്‌ലി തിരിച്ചടിക്കുന്നത്.
റഫാൽ ഇടപാടിൽ രാഹുലും കോൺഗ്രസും പ്രൈമറി സ്‌കൂൾ കുട്ടികളെപ്പോലെയാണ് കാര്യങ്ങൾ സംസാരിക്കുന്നത്. രാഹുൽ ഗാന്ധിക്ക് കാര്യങ്ങളെക്കുറിച്ചു ഒരു ധാരണയുമില്ലെന്നാണ് ഇതിൽ നിന്നു വ്യക്തമാകുന്നത്. ഈ വിഷയത്തിൽ കോൺഗ്രസ് ഉന്നയിക്കുന്ന ആരോപണങ്ങളെല്ലാം തന്നെ അടിസ്ഥാന രഹിതമാണെന്നും ജയിറ്റ്‌ലി പറഞ്ഞു.
2007ൽ കരാറിൽ ഏർപ്പെട്ടത് മോദി സർക്കാർ അല്ലെന്ന് രാഹുൽ ഓർമിക്കണം. നയങ്ങളിൽ വീഴ്ച വരുത്തിയത് വഴി കോൺഗ്രസ് രാജ്യസുരക്ഷയെ തന്നെ അപകടത്തിലാക്കിയിരുന്നു. ഇതു സംബന്ധിച്ചു താൻ ഉന്നയിക്കുന്ന ചോദ്യങ്ങൾക്കെല്ലാം തന്നെ രാഹുൽ ഗാന്ധി മറുപടി പറയാൻ ബാധ്യസ്ഥനാണെന്നും ജയിറ്റ്‌ലി ഇന്നലെ പറഞ്ഞു.