തെരഞ്ഞെടുപ്പ് വരുന്നു, രാഷ്ട്രീയ പാര്‍ട്ടികള്‍ ഇതുവരെ സമാഹരിച്ചത് 570 കോടി

ന്യൂദല്‍ഹി- ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് സാമ്പത്തിക സമാഹരണം ശക്തമാക്കി രാഷ്ട്രീയ പാര്‍ട്ടികള്‍. ജനുവരിയിലെ  ഇലക്ടറല്‍ ബോണ്ടുകള്‍ വഴി രാഷ്ട്രീയ പാര്‍ട്ടികള്‍ 570.05 കോടി രൂപ ശേഖരിച്ചതായി എസ് ബി ഐ വൃത്തങ്ങള്‍ വ്യക്തമാക്കി. ജനുവരി 2 മുതല്‍ 11 വരെയാണ് ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങാന്‍ അവസരം നല്‍കിയിരുന്നത്. ഉറവിടം വ്യക്തമാക്കാതെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഫണ്ട് സമാഹരിക്കാനുള്ള മാര്‍ഗമാണ് ഇലക്ടറല്‍ ബോണ്ട് സംവിധാനം.
571.80 കോടി രൂപ മുഖവിലയുള്ള ഇലക്ടറല്‍ ബോണ്ടുകള്‍ ഈ ഘട്ടത്തില്‍ വിറ്റഴിച്ചെങ്കിലും 1.75 കോടി രൂപയുടെ ബോണ്ടുകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇതുവരെ എന്‍ക്യാഷ് ചെയ്തിട്ടില്ലെന്ന് എസ് ബി ഐ വൃത്തങ്ങള്‍ വ്യക്തമാക്കി.  ഇലക്ട്രല്‍ ബോണ്ടുകള്‍ വഴിയുള്ള തുക ന്യൂദല്‍ഹി, കൊല്‍ക്കത്ത, ഹൈദരാബാദ് എന്നിവിടങ്ങളിലെ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ശാഖകള്‍ വഴിയാണ് പാര്‍ട്ടികള്‍ പ്രധാനമായും പണമാക്കിയത്. ഈ മാസമോ അടുത്ത മാസം ആദ്യത്തിലോ ഇലക്ട്രല്‍ ബോണ്ടുകളുടെ വില്‍പ്പനക്ക് വീണ്ടും അവസരം തുറന്നേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണം ഉള്‍പ്പെടെയുള്ളവക്കുള്ള പ്രചാരണത്തിന് കൂടുതല്‍ പണം ഉറവിടം വ്യക്തമാക്കാതെ ശേഖരിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇതുവഴി കഴിയും. ഇലക്ടറല്‍ ബോണ്ട് പദ്ധതി പ്രകാരം, സംഭാവന നല്‍കുന്നവരുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാവുകയില്ല.  പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്നും തന്നെ ഇലക്ടറല്‍ ബോണ്ടുകള്‍ വഴി ലഭിച്ച തുക ഔദ്യോഗികമായി വെളിപ്പെടുത്താറുമില്ല. അതേസമയം,  ബോണ്ടുകള്‍ പൊതുമേഖലാ ബേങ്കായ എസ് ബി ഐ വഴി വില്‍ക്കുന്നതിനാല്‍, ആരാണ് നല്‍കുന്നതെന്നും ഏത് രാഷ്ട്രീയ പാര്‍ട്ടിക്ക് ധനസഹായം നല്‍കുന്നതെന്ന് സര്‍ക്കാരിന് കൃത്യമായ വിവരം ലഭിക്കും. ഇലക്ടറല്‍ ബോണ്ട് സംവിധാനം ചോദ്യം ചെയ്ത് സി പി എം ഉള്‍പ്പെടെയുള്ളവരുടെ ഹരജി സുപ്രീംകോടതിക്ക് മുന്നിലുണ്ട്.

 

Latest News