Sorry, you need to enable JavaScript to visit this website.

വി.ഐ.പികളും ജഡ്ജിമാരും ടോൾബൂത്തുകളിൽ കാത്തുനിൽക്കുന്നത് ഹൃദയവേദനയുണ്ടാക്കുന്നു; പ്രത്യേക ലൈൻ വേണമെന്ന് ഹൈക്കോടതി

ചെന്നൈ- രാജ്യത്തെ മുഴുവൻ ടോൾ പ്ലാസകളിലും വി.ഐ.പികൾക്കും സിറ്റിംഗ് ജഡ്ജിമാർക്കും പ്രത്യേക ലൈൻ ഏർപ്പെടുത്താൻ നാഷണൽ ഹൈവേ അഥോറിറ്റിക്ക് മദ്രാസ് ഹൈക്കോടതിയുടെ നിർദ്ദേശം. വി.ഐ.പികളും സിറ്റിംഗ് ജഡ്ജിമാരും ടോൾ പ്ലാസകളിൽ പത്തും പതിനഞ്ചും മിനിറ്റ് കാത്തുകെട്ടിക്കിടക്കുന്നത് ഹൃദയവേദനയുണ്ടാക്കുന്നതാണെന്നും ദൗർഭാഗ്യകരമാണെന്നും ഹുലുവാഡി ജി രമേശ്, എം.വി മുരളീധരൻ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. തുടർന്നാണ് പ്രത്യേക ലൈൻ ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ടുള്ള ഇടക്കാല ഉത്തരവ് കോടതി പുറപ്പെടുവിച്ചത്. ഒരു തടസവുമില്ലാതെ വി.ഐ.പികൾക്കും ജഡ്ജിമാർക്കും ഇതുവഴി പോകാനാകണമെന്നും കോടതി വ്യക്തമാക്കി. ഇത് സംബന്ധിച്ച് മുഴുവൻ ടോൾ പ്ലാസകൾക്കും നോട്ടീസ് അയക്കാൻ നാഷണൽ ഹൈവേ അതോറിറ്റിയോട് നിർദ്ദേശിക്കുകയും ചെയ്തു. ഇക്കാര്യം പാലിച്ചില്ലെങ്കിൽ കർശനമായ നടപടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും കോടതി നൽകിയിട്ടുണ്ട്. വില്ലുപുരം, സേലം ഡിവിഷനുകളിലെ തമിഴ്‌നാട് സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് കോർപ്പറേഷനോട് യൂസേഴ്‌സ് ഫീ ഈടാക്കണമെന്നാവശ്യപ്പെട്ട് എൽ ആന്റ് ടി കൃഷ്ണഗിരി വല്ലാജ്‌പേട്ട് ടോൾവേ ലിമിറ്റഡ് നൽകിയ കേസ് പരിഗണിക്കുന്നതിനിടെയാണ് ടോൾ ബൂത്തുകളിൽ വി.ഐ.പികൾക്ക് പ്രത്യേക പരിഗണന നൽകണമെന്ന ഇടക്കാല ഉത്തരവ് കോടതി നൽകിയത്.  
 

Latest News