Sorry, you need to enable JavaScript to visit this website.

100 രാമക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാന്‍ പണം തരണം, കര്‍ണാടക സര്‍ക്കാരിനോട് ക്ഷേത്ര വകുപ്പ്

ബംഗളൂരു- അയോധ്യയിലെ രാമക്ഷേത്രം പ്രതിഷ്ഠിക്കുന്നതുമായി ബന്ധപ്പെട്ട ബി.ജെ.പി പ്രചാരണത്തെ മറികടക്കാന്‍ സംസ്ഥാനത്തുടനീളമുള്ള 100 രാമക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാന്‍ കര്‍ണാടകയിലെ ഹിന്ദു മതസ്ഥാപന വകുപ്പ് സര്‍ക്കാരിനോട് പണം തേടി.
സംസ്ഥാനത്തുടനീളമുള്ള രാമക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിന് ഞങ്ങള്‍ പ്രത്യേക ഫണ്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു.
ഇതിനായി 100 കോടിയിലധികം രൂപ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഒരു പ്രത്യേക തുക ആവശ്യപ്പെട്ടിട്ടില്ലെന്ന് റെഡ്ഡി പറഞ്ഞു. 'സര്‍ക്കാരിന് അനുയോജ്യമെന്ന് തോന്നുന്ന പണം അനുവദിക്കാം- അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ ധനകാര്യ വകുപ്പ് മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് കൈകാര്യം ചെയ്യുന്നത്. അടുത്തിടെ നടന്ന വകുപ്പിന്റെ ബജറ്റിന് മുന്നോടിയായുള്ള യോഗത്തിലാണ് നിര്‍ദേശം വന്നത്. 2024-25 സാമ്പത്തിക വര്‍ഷത്തേക്കുള്ള കര്‍ണാടക ബജറ്റ് ഫെബ്രുവരി 16ന് അവതരിപ്പിക്കും.
ജനുവരി 22 ന് അയോധ്യയിലെ രാമക്ഷേത്രത്തിന്റെ സമര്‍പ്പണ വേളയില്‍, സംസ്ഥാനത്തിന്റെ ക്ഷേത്ര വകുപ്പിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ വ്യാപകമായി പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്താന്‍ നിര്‍ദ്ദേശിച്ചിരുന്നു. സംസ്ഥാനത്തെ എല്ലാ ഗ്രാമങ്ങളിലും ക്ഷേത്ര ഉദ്ഘാടനത്തിനായുള്ള പുണ്യധാന്യങ്ങളും ക്ഷണക്കത്തുകളും വിതരണം ചെയ്യുന്ന പരിപാടിയായ ബിജെപിയുടെ മന്ത്രക്ഷതേ പ്രചാരണത്തെ ചെറുക്കാനുള്ള ശ്രമമായിരുന്നു ഇത്.
2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഭരണകക്ഷിയായ കോണ്‍ഗ്രസ് പാര്‍ട്ടി കഴിഞ്ഞ കുറെ മാസങ്ങളായി 'ഹിന്ദു വിരുദ്ധ' നിലപാടിന്റെ പേരില്‍ ബിജെപിയുടെ ആക്രമണത്തിന് വിധേയമാകുന്നുണ്ട്.

 

Latest News