ന്യൂദൽഹി/ബാലിയ- ഉത്തർപ്രദേശിൽ സർക്കാർ ഫണ്ട് കൈക്കലാക്കുന്നതിന് വേണ്ടി സമൂഹ വിവാഹ തട്ടിപ്പ് നടത്തിയതിന് രണ്ട് സർക്കാർ ഉദ്യോഗസ്ഥരടക്കം 15 പേരെ അറസ്റ്റ് ചെയ്തു. സമൂഹ വിവാഹ ചടങ്ങിൽ വധുക്കൾ തന്നെ പരസ്പരം മാലയിട്ടതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് തട്ടിപ്പ് പുറത്തായത്. വരന്റെ വേഷം ധരിച്ച ചില പുരുഷന്മാർ മുഖം മറയ്ക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ജനുവരി 25ന് ഉത്തർപ്രദേശിലെ ബാലിയ ജില്ലയിലാണ് സമൂഹ വിവാഹം നടന്നത്. ചടങ്ങിൽ ഏകദേശം 568 ദമ്പതികൾ വിവാഹിതരായെന്ന് സംഘാടകർ അവകാശപ്പെട്ടെങ്കിലും വധൂവരന്മാരായി വേഷമിടാൻ പലർക്കും പണം നൽകിയതായി കണ്ടെത്തി.
വധൂവരന്മാരായി വേഷമിടാൻ സ്ത്രീകൾക്കും പുരുഷന്മാർക്കും 500 രൂപ മുതൽ 2000 രൂപ വരെ പ്രതിഫലം ലഭിച്ചതായി ഒരു പ്രദേശവാസി ആരോപിച്ചു. ചില സ്ത്രീകൾക്ക് മാലയിടാൻ ആരുമില്ലായിരുന്നു. 500 മുതൽ 2000 രൂപ വരെ കൂലി നൽകിയാണ് ആളുകളെ മാലയിടാൻ എത്തിച്ചതെന്ന് പ്രദേശവാസിയായ വിമൽ കുമാർ പതക് പറഞ്ഞു.
In Balia, UP marriage of 568 women got conducted without any groom and this happened just to claim the Dowry of 51,000 given by Govt under CM Mass Marriage Scheme to these brides. This is how we can achieve the target of 3 crore Lakhpati Didi . #Budget2024 pic.twitter.com/FGA0SkBdkz
— NCMIndia Council For Men Affairs (@NCMIndiaa) February 1, 2024
വരനായി വേഷമിടാൻ പണം വാഗ്ദാനം ചെയ്തതായി 19 കാരൻ പറഞ്ഞു. കല്യാണം കാണാൻ ചെന്ന 19 കാരനെ പിടിച്ചിരുത്തി പണം നൽകുകയായിരുന്നു. ബി.ജെ.പി എം.എൽ.എ കേത്കി സിംഗ് ആയിരുന്നു സമൂഹ വിവാഹത്തിൽ മുഖ്യാതിഥി.
സമൂഹ വിവാഹത്തിൽ വിവാഹിതരാകുന്നവർക്ക് 51000 രൂപയാണ് സർക്കാർ സഹായം. ഇതിൽ 35000 പെൺകുട്ടിക്കും 10000 വിവാഹസാമഗ്രികൾ വാങ്ങുന്നതിനും 6000 രൂപ പരിപാടിക്കുമാണ്. സർക്കാർ ഉദ്യോഗസ്ഥരാണ് തട്ടിപ്പിന് പിന്നിൽ പ്രവർത്തിച്ചത്. പണം കൈമാറുന്നതിന് മുമ്പാണ് ഈ തട്ടിപ്പ് പുറത്തായതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വിഷയം അന്വേഷിക്കാനും എല്ലാ ഗുണഭോക്താക്കളെയും പരിശോധിക്കാനും മൂന്നംഗ സമിതി രൂപീകരിച്ചു. അന്വേഷണം തീരുന്നത് വരെ ഗുണഭോക്താക്കൾക്ക് ഒരു ആനുകൂല്യവും കൈമാറില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.