Sorry, you need to enable JavaScript to visit this website.

സാംസ്‌കാരിക നായകന്മാരുടെ ചൊറിയല്‍ മുഖ്യമന്ത്രിക്ക് ഇഷ്ടപ്പെടുന്നില്ല, അതൃപ്തി അറിയിക്കും

തിരുവനന്തപുരം- സാഹിത്യ അക്കാദമിയുടെ കേരള ഗാന വിവാദ പരിധി വിടുന്നതില്‍ മുഖ്യമന്ത്രി പിണറായി വിജയന് അതൃപ്തി. ഇക്കാര്യം മന്ത്രി സജി ചെറിയാന്‍ അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദനെ അറിയിക്കും. ശ്രീകുമാരന്‍ തമ്പിയുടെ 'കേരള ഗാന' വിവാദം ആളിക്കത്തിച്ചത് സച്ചിദാനന്ദനാണെന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍.
ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത സമയത്ത് ഇത്തരം വിവാദങ്ങള്‍ സാംസ്‌കാരിക നായകരെയും സര്‍ക്കാരിനെയും തമ്മില്‍ അകറ്റും. കേരള ഗാനം നിരാകരിച്ച സമിതി യോഗത്തില്‍ താന്‍ പങ്കെടുത്തില്ലെന്ന ലീലാവതി ടീച്ചറിന്റെ പ്രസ്താവനയും സച്ചിദാനന്ദന് പ്രതിസന്ധിയാകും. സച്ചിദാനന്ദനോട് സര്‍ക്കാര്‍ രാജി ആവശ്യപ്പെടില്ല. എന്നാല്‍ വിവാദങ്ങളില്‍ നിന്ന് അകലം പാലിക്കണമെന്ന് ആവശ്യപ്പെടും. രാജിവച്ച് സച്ചിദാനന്ദന്‍ വിമര്‍ശനങ്ങള്‍ക്ക് പുതിയ തലം നല്‍കുമോ എന്ന ചര്‍ച്ചയും സജീവമാണ്.

തുടര്‍ഭരണവുമായി ബന്ധപ്പെട്ട് സച്ചിദാനന്ദന്‍ നടത്തിയ പരാമര്‍ശങ്ങളില്‍ നേരത്തെ തന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍ അതൃപ്തിയിലാണ്. ഇതിന് പിന്നാലെയാണ് പുതിയ പ്രശ്‌നങ്ങള്‍. ബാലചന്ദ്രന്‍ ചുള്ളിക്കാട് തനിക്ക് നല്‍കിയ യാത്രാക്കൂലി കുറഞ്ഞുവെന്ന വിമര്‍ശം ഉയര്‍ത്തിയിരുന്നു. ഇത് സര്‍ക്കാര്‍ ഗൗരവത്തോടെ എടുത്തു. ഇതിന് പിന്നാലെയാണ് ശ്രീകുമാരന്‍ തമ്പിയും പ്രതികരണവുമായി എത്തിയത്. വേണ്ടത്ര കരുതലോടെ ഈ വിഷയത്തില്‍ ഇടപെടല്‍ നടത്തണമായിരുന്നു. അത് അക്കാദമിയെ നയിക്കുന്ന സച്ചിദാനന്ദന്റെ ഭാഗത്തുണ്ടായില്ലെന്ന വിമര്‍ശനമാണ് മുഖ്യമന്ത്രിക്കുള്ളത്. ഇക്കാര്യം സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ അക്കാദമിയെ അറിയിക്കുമെന്നാണ് സൂചന.

 

 

Latest News