മുംബൈ- ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ വീണ്ടും ചികിത്സക്ക് വേണ്ടി അമേരിക്കയിലേക്ക് പോകുന്നു. ഇന്ന് ഉച്ചക്ക് ഒന്നരക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ മുംബൈയിൽനിന്നാണ് പരീക്കർ അമേരിക്കയിലേക്ക് പോകുന്നത്. നേരത്തെ മൂന്നുമാസത്തെ ചികിത്സ പൂർത്തിയാക്കി ജൂണിലാണ് പരീക്കർ ഗോവയിൽ തിരിച്ചെത്തിയത്. എട്ടു ദിവസത്തെ പരിശോധനക്ക് വേണ്ടിയാണ് അമേരിക്കയിലേക്ക് പോകുന്നതെന്ന് ഗോവ മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കഴിഞ്ഞ വ്യാഴാഴ്ച്ച മുംബൈ ലീലാവതി ആശുപത്രിയിൽ പരീക്കറിനെ പ്രവേശിപ്പിച്ചിരുന്നു.
അതേസമയം, പരീക്കറിന് പകരം മറ്റൊരാൾക്ക് ചുമതല ഏൽപ്പിക്കാനുള്ള നിർദ്ദേശം ആരും നൽകിയിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഗോവയിലെ ബി.ജെ.പിയുടെ മുതിർന്ന നേതാക്കളുമായി ഇന്ന് രാവിലെ പാർട്ടി ദേശീയ പ്രസിഡന്റ് അമിത് ഷാ കൂടിക്കാഴ്ച്ച നടത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ അത് ഇന്ന് രാവിലെ റദ്ദാക്കി. മുഖ്യമന്ത്രിയുടെ ചുമതല തൽക്കാലം മറ്റാർക്കെങ്കിലും നൽകുന്നത് സംബന്ധിച്ച് ആലോചിക്കാനായിരുന്നു ഈ യോഗം. എന്നാൽ ഇത് പരീക്കറടക്കം അംഗീകരിക്കാത്തതിനെ തുടർന്നാണ് യോഗം മാറ്റിവെച്ചത്. മുഖ്യമന്ത്രിയുടെ ചുമതല മറ്റാർക്കും നൽകാതെ പ്രധാനപ്പെട്ട ഫയലുകളിൽ പരീക്കർ അമേരിക്കയിൽനിന്ന് തന്നെ തീരുമാനമെടുക്കുമെന്നാണ് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചത്.