Sorry, you need to enable JavaScript to visit this website.

'കേരളത്തിലേത് ഏറ്റവും മോശം ധനകാര്യ മാനേജ്‌മെന്റ്;' കടമെടുപ്പ് പരിധി ഉയർത്താനാവില്ലെന്നും കേന്ദ്രം സുപ്രിം കോടതിയിൽ

ന്യൂഡൽഹി - രാജ്യത്തെ ഏറ്റവും മോശം ധനകാര്യമാനജ്‌മെൻറ് കേരളത്തിലാണെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. 
 കേരളത്തിന്റെ ധനകാര്യ മാനേജ്‌മെന്റിന്റെ പിടുപ്പുകേടാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണം. ധനകാര്യകമ്മിഷൻ നിർദേശിച്ചതിനേക്കാൾ കൂടുതൽ പണം നല്കിയിട്ടുണ്ടെന്നും കടമെടുപ്പ് പരിധി ഉയർത്താവില്ലെന്നും എ.ജി മുഖേന കേന്ദ്ര ധനകാര്യമന്ത്രാലയം 46 പേജുള്ള റിപോർട്ടിൽ സുപ്രിം കോടതിയെ അറിയിച്ചു. 
  സംസ്ഥാന ബജറ്റ് നാളെ അവതരിപ്പിക്കാനിരിക്കെയാണ് കേരളത്തെ പഴിചാരിയുള്ള കേന്ദ്രത്തിന്റെ കുറിപ്പ് സുപ്രിം കോടതിയുടെ മുമ്പിലെത്തിയത്. കേന്ദ്രം കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതിനെതിരെ കേരളം നേരത്തെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇതിനുള്ള മറുപടിയിലാണ് കേന്ദ്ര ധനമന്ത്രാലയം കേരളത്തെ കുറ്റപ്പെടുത്തിയത്. 
 പഞ്ചാബിനും ബംഗാളിനുമൊപ്പം രാജ്യത്തെ ഏറ്റവും മോശം ധനകാര്യമാനേജ്‌മെന്റുള്ള സംസ്ഥാനമാണ് കേരളം. ഏറ്റവും അധികം കടമുള്ള അഞ്ചു സംസ്ഥാനങ്ങളിലൊന്നാണ് കേരളം. 2018-2019ൽ കടമെടുപ്പ് ജി.ഡി.പിയുടെ 31 ശതമാനമായിരുന്നെങ്കിൽ 2021-22ൽ 39 ശതമാനമായി ഉയർന്നു. സംസ്ഥാനങ്ങളുടെ റവന്യൂ ചെലവ് 74 ശതമാനത്തിൽനിന്നും 82 ശതമാനമായി.
 കേന്ദ്രം നല്‌കേണ്ട നികുതി വരുമാനവും ജി.എസ്.ടി നഷ്ടപരിഹാരവും കേന്ദ്രാവിഷ്‌കൃത പദ്ധതികൾക്കുള്ള പണവും ഇതിനകം നല്കിയിട്ടുണ്ട്. ഇതിനെല്ലാം പുറമേ ഊർജമേഖലയിലേക്ക് നാലായിരം കോടി കഴിഞ്ഞ രണ്ടു സാമ്പത്തിക വർഷവും നല്കി. ഇതെല്ലാമായിട്ടും മോശം ധനകാര്യമാനേജ്‌മെന്റ് കാരണം കടത്തിൽനിന്ന് കടത്തിലേക്ക് നീങ്ങുന്നു. ഇതിന്റെ  ഉത്തരവാദിത്തം കേരളത്തിന് മാത്രമാണെന്നും കിഫ്ബിക്ക് സ്വന്തമായ വരുമാന സ്രോതസ്സ് ഇല്ലെന്നും ധനകാര്യമന്ത്രാലയം സുപ്രീംകോടതിയെ അറിയിച്ചു.

Latest News