കൊല്‍ക്കത്ത- കൊല്‍ക്കത്തയില്‍ നിന്ന് ബാഗ്‌ഡോഗ്രയിലേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനത്തില്‍ സഹയാത്രികന്‍ തന്നെ പീഡിപ്പിച്ചെന്നും പരാതി നല്‍കരുതെന്ന് എയര്‍ലൈന്‍ ആവശ്യപ്പെട്ടതായും 26 കാരിയായ യുവതി ആരോപിച്ചു. രേഖാമൂലമുള്ള പരാതി നല്‍കാതെ യുവതി ബാഗ്‌ഡോഗ്ര വിമാനത്താവളം വിട്ടു, സ്‌പൈസ്‌ജെറ്റിന്റെ തുടര്‍ അന്വേഷണത്തെ തടസ്സപ്പെടുത്തിയതായി സ്‌പൈസ് ജെറ്റ് വക്താവ് പറഞ്ഞു.
ജനുവരി 31 ന് മൂന്ന് കുടുംബാംഗങ്ങള്‍ക്കൊപ്പം ബാഗ്‌ഡോഗ്രയിലേക്ക് പോകുമ്പോഴാണ് സംഭവം നടന്നതെന്ന് യുവതി പറയുന്നു. കുടുംബം മുന്‍ സീറ്റിലായിരുന്നു. ഇവരുമായി സംസാരിക്കാന്‍ ഒഴിഞ്ഞുകിടന്ന സീറ്റിലേക്ക് താന്‍ മാറി. ഈ നിരയിലെ നടുവിലെ സീറ്റില്‍ ഒരാള്‍ ഇരിക്കുന്നുണ്ടായിരുന്നു.
ടേക്ക് ഓഫ് ചെയ്ത് 15 മിനിറ്റ് കഴിഞ്ഞപ്പോള്‍, എന്നെ കുത്തുന്നതായി എനിക്ക് തോന്നി. ആംറെസ്റ്റ് ക്രമീകരിക്കുകയാണെന്നാണ് താന്‍ കരുതിയത്. എന്നാല്‍ അയാള്‍ എന്റെ തുടകളില്‍ തലോടാന്‍ ശ്രമിച്ചു. എന്നാല്‍, കാബിന്‍ക്രൂ വന്നപ്പോള്‍ ിയാള്‍ കൈകൊണ്ട് തന്റെ ലിംഗം മറയ്ക്കാന്‍ ശ്രമിച്ചു. ഞാന്‍ എഴുന്നേല്‍ക്കുകയും അയാളെ തല്ലുകയും ചെയ്തു.
ഉടന്‍ ക്രൂ എത്തി. എന്താണ് സംഭവിച്ചതെന്ന് ഞാന്‍ വിശദീകരിച്ചിട്ടും അവര്‍ എന്നോട് തണുത്ത മട്ടിലാണ് പെരുമാറിയത്. അയാളെ 'സര്‍' എന്ന് അഭിസംബോധന ചെയ്യുകയും ചെയ്തു. അത് എന്നെ ദേഷ്യം പിടിപ്പിച്ചു, കാരണം ഞാനാണ് ഇര, അയാളല്ല.
ബാഗ്‌ഡോഗ്ര വിമാനത്താവളത്തില്‍ ഇറങ്ങിയപ്പോള്‍ തനിക്ക് പരാതി നല്‍കാന്‍ ആഗ്രഹമുണ്ടെന്നു പറഞ്ഞെങ്കിലും അത് ഒരു നീണ്ട പ്രക്രിയയാണെന്നും ഇത് വളരെയധികം പ്രശ്‌നമുണ്ടാക്കുമെന്നും എയര്‍ലൈന്‍ ജീവനക്കാരും മറ്റുള്ളവരും തന്നോട് പറഞ്ഞതായി ഇര പറഞ്ഞു.
'അയാള്‍ ചെറിയ കുട്ടിയായിരുന്നില്ല. ചെയ്യുന്നതിന്റെ പരിണിതഫലങ്ങളും അയാള്‍ നേരിടണം. എന്നാല്‍ പരാതി നല്‍കുന്നതില്‍ നിന്ന് എന്നെ പിന്തിരിപ്പിച്ചത് എയര്‍ലൈന്‍ ജീവനക്കാരാണ്. വാസ്തവത്തില്‍, എയര്‍പോര്‍ട്ട് അധികൃതരും സുരക്ഷാ ഉദ്യോഗസ്ഥരും ക്ഷമാപണത്തിലൊതുക്കിയെന്നും അവര്‍ പറഞ്ഞു.