കോഴിക്കോട് - സഞ്ജീവ് ഭട്ടിന് മാത്രമല്ല, രാജ്യത്ത് അന്യായമായി തടവിലാക്കപ്പെട്ട മുഴുവനാളുകൾക്കും നീതി ലഭ്യമാകുന്നത് വരെ പോരാട്ടം തുടരുമെന്ന് ശ്വേതാ ഭട്ട്. ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ഡിഗ്‌നിറ്റി കോൺഫറൻസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. സഞ്ജീവ് ഭട്ടിനെ തടവിലാക്കിയത് കൊണ്ട് അദ്ദേഹം പറഞ്ഞ സത്യം ഇല്ലാതാകില്ല. ഭരണകൂടം ആവശ്യപ്പെടുന്നത് അവർക്ക് വിധേയപ്പെടാനാണ്. നീതിക്ക് വേണ്ടിയുള്ള ശബ്ദങ്ങളെ ഭയപ്പെടുത്തി നിശബ്ദമാക്കാൻ കഴിയില്ല എന്നതാണ് സഞ്ജീവ് ഭട്ട് പകർന്ന പാഠം -അവർ കൂട്ടി ചേർത്തു.
സി.എ.എ യുമായി മുന്നോട്ട് പോയാൽ രാജ്യം രണ്ടാം പൗരത്വ സമരത്തിന് സാക്ഷ്യം വഹിക്കുമെന്ന് മുഖ്യപ്രഭാഷണം നിർവഹിച്ച ഫ്രറ്റേണിറ്റി ദേശീയ പ്രസിഡന്റ് ആസിം ഖാൻ പറഞ്ഞു.
വംശഹത്യാ രാഷ്ട്രീയത്തെ പാലൂട്ടി വളർത്തുന്നത് ഇന്ത്യയിലെ മുഖ്യധാരാ പ്രതിപക്ഷമാണ്. വിദ്യാർഥി പ്രതിപക്ഷത്തിലാണ് ഭാവിയുടെ പ്രതീക്ഷ എന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് കെ എം ഷെഫ്രിൻ അഭിപ്രായപ്പെട്ടു. കോഴിക്കോട് എൻ. ഐ. ടി യിലടക്കം ഹിന്ദുത്വ വംശീയ രാഷ്ട്രീയത്തിനെതിരെ പ്രതിഷേധിച്ച ദലിത് വിദ്യാർഥിക്കെതിരെ നടപടിയുണ്ടാകുന്നതും ഇവിടത്തെ മുഖ്യധാര പ്രതിപക്ഷ പാർട്ടികളിൽ നിന്നും തുടർച്ചയായി കൊണ്ടിരിക്കുന്ന നിശബ്ദ മനോഭാവവും ഇത്തരം ഒരു സാമൂഹിക മുന്നേത്തിന്റെ ആവശ്യകതയിലേക്ക് തന്നെയാണ് വിരൽ ചൂണ്ടുന്നത്.
ആത്മാഭിമാനത്തോടെയുള്ള ജീവിതം ഇന്ത്യയിലെ മുഴുവൻ ജനവിഭാഗങ്ങൾക്കും സാധ്യമാകുക എന്ന ആശയത്തെ മുൻനിർത്തി ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ഡിഗ്‌നിറ്റി കോൺഫറൻസ് സംഘടിപ്പിച്ചത്.
ഭരണകൂടവേട്ടക്കും ഹിന്ദുത്വ വംശീയതക്കും എതിരെ വ്യത്യസ്ത സമുദായങ്ങൾ ചേർന്ന് കൊണ്ടുള്ള സാഹോദര്യത്തിലധിഷ്ഠിതമായ ഒരു സാമൂഹിക ഐക്യത്തെ വിഭാവന ചെയ്യുന്ന കോൺഫറൻസ് വംശഹത്യാ രാഷ്ട്രീയത്തിന് ഇരകളായിക്കൊണ്ടിരിക്കുന്ന വ്യത്യസ്ത ജനവിഭാഗങ്ങളോടുള്ള ഐക്യദാർഢ്യ സമ്മേളനം കൂടിയായിരിക്കും.
ആഗോളാടിസ്ഥാനത്തിൽ ഗസ്സക്ക് നേരെ വംശഹത്യ തുടർന്ന് കൊണ്ടിരിക്കുന്ന സയണിസ്റ്റ് ശക്തികളും രാമജന്മഭൂമി മൂവ്‌മെന്റിലൂടെ രാജ്യത്തുടനീളം വംശീയ കലാപങ്ങൾ നടത്തി, ബാബരി മസിജിദ് തകർത്ത്, അതിന്റെ മേൽ രാമക്ഷേത്ര നിർമ്മാണമെന്ന വംശീയ രാഷ്ട്ര നിർമ്മിതിയുടെ അടുത്ത ഘട്ടത്തിലേക്ക് നടക്കുന്ന ഹിന്ദുത്വ ശക്തികളും ഒരുമിച്ച് കൈകോർക്കുന്ന സവിശേഷ സന്ദർഭത്തിലാണ് ഈ സമ്മേളനം നടക്കുന്നത്.
രണ്ടായിരത്തിലധികം വിദ്യാർത്ഥിയുവജനങ്ങൾ അണിനിരക്കുന്ന കോൺഫറൻസിൽ വിവിധ സെക്ഷനുകളിൽ ഉമർ ഖാലിദിന്റെ കുടുംബം, വിനായകന്റെ കുടുംബം, ഫ്രറ്റേണിറ്റി ദേശീയ പ്രസിഡന്റ് ആസിം ഖാൻ, വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി, വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. ഇർഷാദ്, സിനിമ സംവിധയകൻ അരുൺ രാജ്, ലീലാ സന്തോഷ്, കണ്ണൻ സിദ്ധാർത്ഥ്, ഹർഷദ്,മുൻ ദേശിയ പ്രസിഡന്റുമാരായ അൻസാർ അബൂബക്കർ, ഷംസീർ ഇബ്‌റാഹീം, തിരക്കഥ കൃത്തും സംവിധയാകനും മുഹ്‌സിൻ പരാരി, ഡോ. സാദിഖ് പി.കെ, അലൻ ശുഹൈബ്, അരുൺ രാജ്, സിദ്ധീഖ് കാപ്പൻ,സംവിധായകൻ ഷമൽ സുലൈമാൻ, വിമൻസ് ജസ്റ്റിസ് സംസ്ഥാന പ്രസിഡന്റ് ഫായിസ വി.എ, സ്റ്റുഡന്റ് ആക്റ്റിവിസ്റ്റ് വസീം ആർ.എസ്, നജ്ദ റൈഹാൻ, പ്രഥമ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് കെ.വി സഫീർഷാ , അഷ്‌റഫ് കെ.കെ, സ്റ്റുഡന്റ് ആക്റ്റിവിസ്റ്റും ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിനിയുമായ റാനിയ സുലൈഖ, എഫ് ഐ ടി യു സംസ്ഥാന പ്രസിഡന്റ് ജ്യോതിവാസ് പറവൂർ തുടങ്ങിയവർ പങ്കെടുക്കും.