തൃശൂര്‍- കേരളത്തിലെ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് തൃശൂരില്‍ തുടക്കമാവും. ദേശീയ അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ന് തൃശൂരിലെത്തും. വൈകിട്ട് മൂന്നിന് തേക്കിന്‍കാട് മൈതാനിയില്‍ നടക്കുന്ന മഹാജനസഭ എഐസിസി അദ്ധ്യക്ഷന്‍ ഉദ്ഘാടനം ചെയ്യും. അതേസമയം, കേരളത്തില്‍ ഇന്ത്യ സഖ്യമില്ലെന്നും സിപിഎമ്മുമായി നേരിട്ടുള്ള പോരാട്ടമാണെന്നും കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി പറഞ്ഞു.
രാവിലെ പതിനൊന്നിന് തിരഞ്ഞെടുപ്പ് സമിതി യോഗം ചേരും. കെപിസിസി ഭാരവാഹികളും എഐസിസി അംഗങ്ങളും യോഗത്തില്‍ പങ്കെടുക്കും. സംസ്ഥാനത്തെ 25,177 ബൂത്തുകളില്‍ നിന്ന് ബൂത്ത് പ്രസിഡന്റ്, വനിതാ വൈസ് പ്രസിഡന്റ്, അടക്കം 75,000പരം പ്രവര്‍ത്തകരും മണ്ഡലം മുതല്‍ എഐസിസിതലംവരെയുള്ള ഭാരവാഹികളും മഹാജനസഭയില്‍ പങ്കെടുക്കുമെന്ന് കോണ്‍ഗ്രസ് വക്താക്കള്‍ വ്യക്തമാക്കി. കെപിസിസിയുടെ സമരാഗ്‌നി ജാഥ കാസര്‍കോടുനിന്നും അടുത്ത വെള്ളിയാഴ്ച ആരംഭിക്കും. ബൂത്ത് ശാക്തീകരണത്തിലൂടെ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനത്തിന് അടിമുടി മാറ്റം കൊണ്ടുവരാന്‍ സമ്മേളനം കരുത്തുപകരുമെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി പി സജീന്ദ്രന്‍, ജനറല്‍ സെകട്ടറി അഡ്വ. കെ. ജയന്ത്, ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ബൂത്ത് തലം വരെയുള്ള ഭാരവാഹികളെ എഐസിസി അദ്ധ്യക്ഷന്‍ അഭിസംബോധന ചെയ്യും. ബൂത്ത് പ്രസിഡന്റുമാര്‍ക്ക് ഫോട്ടോ പതിപ്പിച്ച സ്ഥിരം തിരിച്ചറിയല്‍ കാര്‍ഡിന്റെ വിതരണോദ്ഘാടനവും ഖാര്‍ഗെ നിര്‍വഹിക്കും. കെപിസിസി പ്രസിഡന്റ് കെ സുധാകരനാണ് ചടങ്ങില്‍ അദ്ധ്യക്ഷനാവുന്നത്.
എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, ദീപ ദാസ് മുന്‍ഷി, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങളായ രമേശ് ചെന്നിത്തല, ഡോ. ശശി തരൂര്‍ എം പി, കൊടിക്കുന്നില്‍ സുരേഷ് എം പി, കെപിസിസി പ്രചാരണ സമിതി ചെയര്‍മാന്‍ കെ. മുരളീധരന്‍ എം പി, മുന്‍ കെപിസിസി അദ്ധ്യക്ഷന്മാരായ വി എം സുധീരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, എം എം. ഹസ്സന്‍, എം പിമാരായ ടി എന്‍ പ്രതാപന്‍, ബെന്നി ബഹനാന്‍, രമ്യ ഹരിദാസ് എന്നിവര്‍ പങ്കെടുക്കും.