ജിദ്ദ-സൗദി അറേബ്യയിൽ സൗദി ഡ്രഗ് ആന്റ് ഫുഡ് അഥോറിറ്റി അംഗീകരിക്കാത്ത മരുന്ന് കൈവശം വെക്കുന്നവർ പിടിയിലാകുകയും നിയമനടപടികൾ നേരിടേണ്ടി വരികയും ചെയ്യുന്ന സഹചര്യത്തിൽ നാട്ടിൽനിന്ന് വരുന്നവരും ജാഗ്രത പുലർത്തണമെന്ന് സാമൂഹ്യപ്രവർത്തകർ അഭിപ്രായപ്പെടുന്നു. നിലവിൽ സ്വന്തം ഉപയോഗത്തിനുള്ളതും കൂട്ടുകാരുടെയും ബന്ധുക്കളുടെയും ഉപയോഗത്തിന് വേണ്ടിയും കെട്ടുകണക്കിന് മരുന്നുകളാണ് ഓരോ പ്രവാസിയുടെയും പെട്ടിയിലുണ്ടാകാറുള്ളത്. അപൂർവ്വമായി മാത്രമേ ഇത്തരത്തിൽ മരുന്നുകളുമായി വരുന്നവരെ വിമാനതാവളങ്ങളിൽ ചോദ്യം ചെയ്യാറുള്ളൂ. എന്നാൽ നിലവിലെ സഹചര്യത്തിൽ ഇതിന് മാറ്റമുണ്ടായേക്കാം. അതിനാൽ, വളരെ അത്യാവശ്യമുള്ള മരുന്നുകൾ മാത്രം കൂടെക്കരുതുവാൻ എല്ലാവരും ശ്രദ്ധിക്കണം. ഈ മരുന്നുകൾക്ക് ഡോക്ടർമാരുടെ കൃത്യമായ കുറിപ്പടികളും കൈവശം വെക്കണം. ഇതിനു പുറമ, മെഡിക്കൽ രേഖകളും കയ്യിൽ കരുതുന്നത് നല്ലതാണ്. നിയമപ്രശ്‌നങ്ങളിലേക്ക് കടന്നുകഴിഞ്ഞാൽ പിന്നീട് അതിൽനിന്ന് മോചിതരാകാൻ ഏറെ സമയമെടുക്കും. മാത്രമല്ല, ശക്തമായ നടപടികളും നേരിടേണ്ടി വരും.
പ്രവാസികൾക്കിടയിൽ ഇതുസംബന്ധിച്ച അവബോധം വർധിപ്പിക്കുന്നതിനായി നേരത്തെ മലയാളം ന്യൂസിന്‍റെ ജിദ്ദ ലേഖകൻ പി.എം മായിൻ കുട്ടി എഴുതിയ രണ്ടു വാർത്തകൾ ഞങ്ങൾ വീണ്ടും പ്രസിദ്ധീകരിക്കുന്നു.
മരുന്നുമായി പിടിയിലായ തിരൂർ സ്വദേശിയുടെ മോചനം ഇനിയും അകലെ
ജിദ്ദ- വേദന സംഹാരത്തിനുള്ള മരുന്ന് കൈവശം വെച്ചതിന്റെ പേരിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന തിരൂർ സ്വദേശിയുടെ മോചനം ഇനിയും അകലെ. മുപ്പതു വർഷത്തോളം ദുബായിൽ പ്രവാസിയായിരുന്ന ഇദ്ദേഹം കുടുംബ സമേതം ഉംറ നിർവഹിക്കാൻ പോകുമ്പോഴാണ് അൽബാഹയിൽ പിടിയിലായത്. അബഹയിൽ ജോലി ചെയ്യുന്ന മകന്റെ അടുത്ത് സന്ദർശനത്തിനെത്തിയ ഇദ്ദേഹം ഭാര്യക്കും മകൾക്കും മകളുടെ ഭർത്താവിനുമൊപ്പം ഉംറ ഗ്രൂപ്പിന്റെ ബസിൽ പോകുമ്പോഴാണ് നാർകോട്ടിക്‌സ് വിഭാഗത്തിന്റെ പരിശോധനയിൽ പിടിക്കപ്പെട്ടത്. ഭാര്യക്ക് നടുവേദനക്കായി നാട്ടിൽനിന്ന് ഡോക്ടറുടെ നിർദേശാനുസരണം വാങ്ങിയ മരുന്നാണ് ഇദ്ദേഹത്തിന്റെ കൈവശം ഉണ്ടായിരുന്നത്. യാത്രക്കിടെ കഴിക്കുന്നതിനായി കരുതിതായിരുന്നു. മറ്റു മരുന്നുകളും ഉണ്ടായിരുന്നുവെങ്കിലും ഈ മരുന്നിന്റെ സ്ട്രിപ്പിലെ പേരും മറ്റു വിശദാംശങ്ങളും വ്യക്തമല്ലായിരുന്നു. ഇതാണ് വിനയായത്. മരുന്ന് സ്ട്രിപ്പിലെ പേരും മറ്റും കൃത്യമായി മനസിലാക്കാൻ സാധിക്കാത്ത വിധത്തിലായതിനാൽ പരിശോധകർക്ക് അതു തിരിച്ചറിയാൻ കഴിയാത്തതിനാൽ സംശയത്തിന്റെ പേരിൽ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പരിശോധനയിൽ മരുന്ന് സൗദിയിലെ നിയന്ത്രിത വിഭാഗം മരുന്നുകളുടെ കൂട്ടത്തിൽ പെട്ടതാണെന്ന് തിരിച്ചറിഞ്ഞതോടെ ഇദ്ദേഹത്തെ പ്രോസിക്യൂഷന് കൈമാറുകയുമായിരുന്നു. ഈ സംഭവത്തിനു ഏതാനും ദിവസം മുമ്പ് അബഹയിൽനിന്നു തന്നെ ഉംറക്കു പോയ മറ്റൊരു മലയാളിയും മരുന്ന് കൈവശം വച്ചതിന് പിടിക്കപ്പെട്ട് അൽബാഹ ജയിലിലുണ്ട്. ഇദ്ദേഹം അബഹയിൽ ജോലി ചെയ്യുന്നയാളാണ്.
കേസ് പ്രോസിക്യൂഷന് കൈമാറിയാൽ ഇത്തരക്കാരുടെ മോചനം ശ്രമകരമാണെന്ന് ഇവരുടെ മോചനവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സാമൂഹ്യ പ്രവർത്തകനും കെ.എം.സി.സി സൗദി സെൻട്രൽ കമ്മിറ്റി സെക്രട്ടറിയും അൽബാഹ കമ്മിറ്റി പ്രസിഡന്റുമായ സയ്യിദ് അലി അരീക്കര മലയാളം ന്യൂസിനോട് പറഞ്ഞു. ഇത്തരം കേസിൽ അകപ്പെട്ട് നേരത്തെ ജയിലിയായിരുന്ന മറ്റൊരു മലയാളിയുടെ മോചനത്തിനാവശ്യമായ രേഖകൾ സംഘടിപ്പിച്ച് ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ ഹാജരാക്കിയപ്പോഴേക്കും അദ്ദേഹത്തിന്റെ ആറുമാസത്തെ ശിക്ഷാ കാലാവധി കഴിഞ്ഞിരുന്നു. ഇങ്ങനെ ശിക്ഷിക്കപ്പെടുന്നവരെ സൗദിയിൽ നിന്ന് കയറ്റി അയക്കുകയാണ് പതിവെന്ന് സയ്യിദ് അലി പറഞ്ഞു.
നാട്ടിൽനിന്നുള്ള ഡോക്ടറുടെ കുറിപ്പടി മാത്രംകൊണ്ട് മോചനം സാധ്യമാവില്ല. ഡോക്ടറുടെ കുറിപ്പടി ജില്ലാ മെഡിക്കൽ ഓഫീസർ അറ്റസ്റ്റ് ചെയ്യുകയും അതു ജില്ലാ കലക്ടറും, ആഭ്യന്തര മന്ത്രാലയവും സാക്ഷ്യപ്പെടുത്തുകയും വേണം. ഇങ്ങനെ സാക്ഷ്യപ്പെടുത്തിയ രേഖ വിദേശ മന്ത്രാലയത്തിൽ നിന്ന് അറ്റസ്റ്റ് ചെയ്യിക്കണം. അതിനുശേഷം സൗദിയിലെ ഇന്ത്യൻ എംബസിയുടെയോ കോൺസുലേറ്റിന്റെയോ അറ്റസ്‌റ്റേഷൻ കൂടി ലഭ്യമാക്കി സൗദി വിദേശ മന്ത്രാലയത്തിന്റെ സാക്ഷ്യപ്പെടുത്തൽ കൂടി വാങ്ങി വേണം കോടതിയിൽ ഹാജരാക്കാൻ. തിരൂരുകാരന്റെ മോചനത്തിനായി ഈ രേഖകൾ സംഘടിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ് നാട്ടിലെ അദ്ദേഹത്തിന്റെ ബന്ധുക്കളെന്ന് സയ്യിദ് അലി പറഞ്ഞു. ഇതേ കേസിൽ ജയിലിൽ കഴിയുന്ന പ്രവാസി മലയാളിക്കു വേണ്ടിയും ഈ രേഖകൾ സംഘടിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്.
ആംഗ്‌സൈറ്റി, മുട്ട്, നടുവേദന, അപസ്മാരം തുടങ്ങിയവക്കുള്ള മരുന്നുകളാണ് അധികവും പിടിക്കപ്പെടുന്നത്. ചില നേരങ്ങളിൽ ഗ്യാസിനുപയോഗിക്കുന്ന മരുന്നുവരെ പിടിക്കപ്പെടാറുണ്ടെന്ന് സയ്യിദ് അലി പറഞ്ഞു. അതിനാൽ ഇത്തരം മരുന്നുകൾ നാട്ടിൽനിന്നു കൊണ്ടു വരുന്നവരും അതു കൈയിൽവെച്ച് യാത്രചെയ്യുന്നവരും സൂക്ഷ്മത പുലർത്തണമെന്ന് അദ്ദേഹം ഉണർത്തി. ഇത്തരം മരുന്നുകളുമായി നാട്ടിൽനിന്നു വരുന്നവർ നിരവധിയാണെങ്കിലും വിമാനത്താവളങ്ങളിൽ അധികം പിടിക്കപ്പെടാതെ രക്ഷപ്പെടുകയാണ് പതിവ്. എന്നാൽ പ്രത്യേക പരിശോധനാ സംഘത്തിന്റെ പിടിയിലകപ്പെടുകയാണെങ്കിൽ ജയിലിലാകാനുള്ള സാധ്യത ഏറെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പിതാവിന്റെ മോചനത്തിനായുള്ള പരിശ്രമം നടത്തി വരികയാണെന്നും ഡോക്ടറുടെ സീലോടു കൂടിയ കുറിപ്പടി കൈവശം ഉണ്ടായിരുന്നുവെങ്കിൽ ഒരു പക്ഷേ പിതാവിനെ പിടികൂടില്ലായിരുന്നുവെന്നും അബഹയിലുള്ള മകൻ പറഞ്ഞു. ഉപയോഗിച്ചുകൊണ്ടിരുന്ന സ്ട്രിപ്പ് ആയതിനാൽ മരുന്നിന്റെ പേരു വിവരം കൃത്യമായി മനസിലാക്കാൻ പരിശോധന നടത്തിയ നാർകോട്ടിക് സംഘത്തിന് സാധിക്കാതെ വന്നതാണ് പിതാവിനെ പിടികൂടാൻ ഇടയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
വിലക്കപ്പെട്ട മരുന്നുകൾ നിങ്ങളെ ജയിലിലേക്ക് നയിച്ചേക്കാം
ജിദ്ദ - സൗദിയിൽ വിലക്കപ്പെട്ടതും നിയന്ത്രിതവുമായ മരുന്നുകൾ ചികിത്സാർഥം നാട്ടിൽനിന്നു കൊണ്ടുവന്ന് ഉപയോഗിക്കുന്നവർ ഡോക്ടറുടെ കുറിപ്പടിയില്ലാതെ കൈവശം വെച്ചാൽ പിടിക്കപ്പെടാനും ജയിലിലാകാനും സാധ്യതയേറെ. അന്താരാഷ്ട്രവിമാന യാത്രാ വേളകളിൽ മാത്രമല്ല, സൗദിയിൽ ഏതു മാർഗത്തിലൂടെ യാത്ര ചെയ്താലും മരുന്നുകളുടെ കുറിപ്പടി കൈവശമില്ലെങ്കിൽ പരിശോധനയിൽ പിടിക്കപ്പെട്ടാൽ നടപടി നേരിടേണ്ടി വരും. മതിയായ രേഖകളില്ലാതെ നിയന്ത്രിത മരുന്നു കൈവശം വെച്ചതിന് ബസിൽ ഉംറ യാത്ര ചെയ്യുന്നതിനിടെ കഴിഞ്ഞ ദിവസം ഒരു മലയാളി യുവാവ് പിടിയിലായി. ഇദ്ദേഹത്തെ നിയമനടപടികൾക്കായി ജയിലിലേക്ക് മാറ്റി. ഖമീസ് മുഷൈത്തിൽനിന്ന് ബസിൽ ഉംറക്ക് പുറപ്പെട്ടതായിരുന്നു യുവാവ്. അൽ ബാഹയിൽ വെച്ച് നാർക്കോട്ടിക് വിഭാഗം പോലീസ് മുഴുവൻ യാത്രക്കാരെയും പരിശോധിച്ചു. പരിശോധനയിൽ തിരൂർ സ്വദേശിയിൽനിന്ന് സൗദിയിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ള മരുന്നുകളുടെ പട്ടികയിൽ വരുന്ന മരുന്ന് കണ്ടെടുത്തു. നടുവേദനക്കായി നാട്ടിൽ നിന്ന് ഡോക്ടർ കുറിച്ച് കൊടുത്ത ഗാബാപെന്റിൻ എന്ന വേദന സംഹാരിയാണ് ഇദ്ദേഹത്തിൽനിന്നു പിടിച്ചെടുത്തത്. ഈ മരുന്ന് ഡോക്ടറുടെ പ്രത്യേക കുറിപ്പടിയോടെ ഹോസ്പിറ്റൽ ഫാർമസികളിൽ കർശന നിയന്ത്രണങ്ങളോടെ മാത്രമാണ് നൽകാറുള്ളത്.
ഏതാനും ദിവസം മുമ്പാണ് ഇദ്ദേഹം നാട്ടിൽനിന്നു വന്നത്. അപ്പോൾ കൊണ്ടുവന്നതായിരുന്നു ഈ മരുന്ന്. വിമാനത്താവളത്തിൽ പരിശോധനാ വേളയിൽ കാണിക്കാൻ ആവശ്യമായ രേഖകൾ ഇദ്ദഹം കരുതിയിരുന്നെങ്കിലും മക്കത്തേക്കുള്ള ഉംറ യാത്രയിൽ അതു കരുതിയില്ല. ഇതാണ് യുവാവിന് വിനയായത്. ഡോക്ടർ നൽകിയ പ്രിസ്‌ക്രിപ്ഷൻ കൈവശം ഉണ്ടായിരുന്നുവെങ്കിൽ പരിശോധനയിൽ അതു കാണിച്ചാൽ നടപടികൾക്കു വിധേയനാകേണ്ടി വരില്ലായിരുന്നു. ഇപ്പോൾ ജയിലിൽ കഴിയുന്ന ഇദ്ദേഹത്തെ മതിയായ രേഖകൾ ഹാജരാക്കി അധികൃതരെ കാര്യങ്ങൾ ബോധ്യപ്പെടുത്തി മോചിപ്പിക്കുന്നതിനുള്ള നടപടികൾ ബന്ധുക്കളും സുഹൃത്തുക്കളും ചേർന്നു നടത്തി വരികയാണ്.
ഏതാനും ദിവസം മുമ്പ് ജിദ്ദയിൽ വെച്ച് മറ്റൊരാൾക്കും ഇതേ അനുഭവമുണ്ടായി. രാവിലെ ജോലിക്കായി കമ്പനി ബസിൽ പോകുന്നതിനിടെ ഉച്ചക്ക് കഴിക്കാനുള്ള രണ്ട് ഗുളിക ടിഷ്യു പേപ്പറിൽ പൊതിഞ്ഞ് ഇദ്ദേഹം പോക്കറ്റിലിട്ടിരുന്നു. പോലീസ് പരിശോധനയിൽ ഇദ്ദേഹവും പിടിക്കപ്പെട്ടു. ഡോക്ടറുടെ കുറിപ്പടി കാണിക്കാനാവാത്തതിനാൽ പോലീസ് വണ്ടിയിൽ കയറ്റി ഇദ്ദേഹത്ത കൊണ്ടു പോയി. നാട്ടിൽ ഡോക്ടർമാരെ കണ്ട് വാങ്ങുന്ന മരുന്നിൽ പലതും ഇവിടെ നിരോധിക്കപ്പെട്ടതും നിയന്ത്രണങ്ങൾക്കു വിധേയമായി മാത്രം നൽകുന്നതുമാണ്. ചികിത്സാ രേഖകളും ഡോക്ടറുടെ കുറിപ്പടിയും ഉൾപ്പടെയുള്ള മതിയായ രേഖകൾ ഉണ്ടെങ്കിൽ ഇത്തരം മരുന്നുകൾ ആവശ്യത്തിനു കൈവശം വെക്കുന്നത് അനുവദിക്കപ്പെടും.
അതേസമയം പരിശോധനാ വേളയിൽ രേഖകൾ ഹാജരാക്കാൻ കഴിയാതെ പോയാൽ പിടിക്കപ്പെടാനും നിയമ നടപടികൾക്കു വിധേയരാവാനും ഇടയാവും. ഇത്തരം മരുന്നു കഴിക്കുന്നവർ വിമാന യാത്രകളിൽ മാത്രമല്ല, സൗദിക്കകത്തെ യാത്ര വേളകളിലും രേഖകൾ കൈവശം കരുതണം. ഇവ മൊബൈലിൽ സൂക്ഷിച്ചാലും മതി. എന്നാൽ ഇത്തരം നടപടികളിൽനിന്നു ഒഴിവാകാനാവും.
മയക്കു മരുന്നിനെതിരെ സൗദി അധികൃതർ അതിശക്തമായ നടപടികളാണ് സ്വീകരിച്ചു വരുന്നത്. അതിന്റെ ഭാഗമായാണ് ബസുകളും ടാക്‌സികളും ഉൾപ്പടെയുള്ള വാഹനങ്ങളിൽ പരിശോധന കർക്കശമാക്കിയിട്ടുള്ളത്. പരിശോധനയിൽ മലയാളികളടക്കമുള്ള നിരവധി പേർ പിടിക്കപ്പെടുകയും ജലിലിൽ ആവുകയും ചെയ്തിട്ടുണ്ട്. മയക്കു മരുന്ന് ഉപയോഗത്തിനും വ്യാപനത്തിനുമെതിരെ അതിശക്തമായ നടപടികൾ സ്വീകരിക്കാൻ തുടങ്ങിയതോടെ ഇതിന്റെ ലഭ്യതയും ഉപയോഗവും കുറയാൻ തുടങ്ങിയിട്ടുണ്ട്. ചില വേദന സംഹാരികൾ മയക്കുമരുന്നിന്റെ ഗണത്തിൽ പെടുന്നവയായതിനാലാണ് ഇത്തരം മരുന്നുകൾ മതിയായ രേഖകളില്ലാതെ കൈവശം വെക്കുന്നവർ പിടിക്കപ്പെടാൻ ഇടയാക്കുന്നത്. നാട്ടിൽനിന്ന് മറ്റുള്ളവരുടെ മരുന്നുകൾ കൊണ്ടു വരുന്നവരും സൂക്ഷ്മത പുലർത്തുന്നത് നല്ലതാണ്.