മുംബൈ- സ്വന്തം മരണത്തിന്റെ വ്യാജ വാർത്ത പ്രചരിപ്പിച്ചതിന് മോഡലും നടിയുമായ പൂനം പാണ്ഡെക്ക് എതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര നിയമസഭാംഗം സത്യജീത് താംബെ മുംബൈ പോലീസിൽ പരാതി നൽകി. സ്വയം പ്രമോട്ട് ചെയ്യുന്നതിനായി ഇത്തരം കള്ളങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയെടുക്കണമെന്ന് താംബെ ആവശ്യപ്പെട്ടു. വെള്ളിയാഴ്ചയാണ് പൂനെ പാണ്ഡെ മരിച്ചതായി അവരുടെ തന്നെ സോഷ്യൽ മീഡിയ എക്കൗണ്ടിൽ വന്നത്. എന്നാൽ താൻ മരിച്ചിട്ടില്ലെന്നും സെർവിക്കൽ കാൻസറിനെ പറ്റി അവബോധമുണ്ടാക്കാനായി മരണം പ്രഖ്യാപിക്കുകയായിരുന്നുവെന്നുമാണ് പൂനം പാണ്ഡെ പ്രതികരിച്ചത്.
തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വിവരങ്ങൾ ഉണ്ടാക്കുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്തതിന് പൂനം പാണ്ഡെക്ക് എതിരെ കേസെടുക്കണമെന്നും താംബെ ആവശ്യപ്പെട്ടു. ബോധവൽക്കരണം നടത്തുന്നതിനുപകരം ക്യാൻസറിനെ അതിജീവിച്ചവരോട് തമാശ പറയുകയാണ് താരം ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.