Sorry, you need to enable JavaScript to visit this website.

VIDEO - കശ്മീരില്‍ മഞ്ഞുവീഴ്ച; മഞ്ഞുപുതച്ച് 'ഭൂമിയിലെ സ്വര്‍ഗ്ഗം'

ശ്രീനഗര്‍- കാലം തെറ്റിയെത്തിയ മഞ്ഞുവീഴ്ച ആസ്വദിച്ച് കശ്മീര്‍. ഡിസംബര്‍, ജനുവരി മാസങ്ങളിലുണ്ടാകേണ്ട മഞ്ഞു വീഴ്ച കശ്മീരില്‍ ഫെബ്രുവരി ആദ്യ വാരത്തിലാണ് ആരംഭിച്ചത്. ശ്രീനഗര്‍ നഗരം ഉള്‍പ്പെടെ കശ്മീരിന്റെ പല ഭാഗങ്ങളിലും ശനിയാഴ്ച രാവിലെ ശക്തമായ മഞ്ഞുവീഴ്ചയാണുണ്ടായത്. അടുത്ത രണ്ടു ദിവസത്തേക്ക് കൂടി മഞ്ഞുവീഴ്ച തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കശ്മീരിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ ശനിയാഴ്ച അതിരാവിലെ മഞ്ഞുവീഴ്ച തുടങ്ങിയപ്പോള്‍ താഴ്വരയുടെ സമതലങ്ങളില്‍ ഉച്ചയോടടുപ്പിച്ചാണ് മഞ്ഞു പെയ്തത്. കശ്മീരിലെ മിക്ക സ്ഥലങ്ങളിലും പകല്‍ താപനില പൂജ്യത്തിനും മൂന്ന് ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാണു തുടരുകയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.കശ്മീരിലെ മലയോര, പര്‍വതപ്രദേശങ്ങളില്‍ അധികൃതര്‍ ഹിമപാത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. റോഡില്‍ തെന്നുന്നത് കണക്കിലെടുത്ത് ശ്രദ്ധാപൂര്‍വ്വം വാഹനമോടിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു. 

വടക്കന്‍ കശ്മീരിലെ ഗുല്‍മാര്‍ഗ് സ്‌കീയിംഗ് റിസോര്‍ട്ടില്‍ മൈനസ് 10.6 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്.വാര്‍ഷിക അമര്‍നാഥ് യാത്രയുടെ ബേസ് ക്യാമ്പായി പ്രവര്‍ത്തിക്കുന്ന തെക്കന്‍ കശ്മീരിലെ പഹല്‍ഗാം ടൂറിസ്റ്റ് റിസോര്‍ട്ടില്‍ മൈനസ് 8.3 ഡിഗ്രി സെല്‍ഷ്യസും തെക്കന്‍ കശ്മീരിലെ കോക്കര്‍നാഗ്, ഖാസിഗുണ്ട് പട്ടണങ്ങളില്‍ മൈനസ് 5.4 ഡിഗ്രി സെല്‍ഷ്യസും രേഖപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു.

ജമ്മു കശ്മീരിന്റെ വേനല്‍ക്കാല തലസ്ഥാനമായ ശ്രീനഗറില്‍ മൈനസ് 1.7 ഡിഗ്രി സെല്‍ഷ്യസും തെക്കന്‍ കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ ലാര്‍നൂ നഗരത്തില്‍ മൈനസ് 17.1 ഡിഗ്രി സെല്‍ഷ്യസും ശ്രീനഗര്‍- ലേ ഹൈവേയിലെ സോനാമാര്‍ഗ് റിസോര്‍ട്ടില്‍ മൈനസ് 15.1 ഡിഗ്രി സെല്‍ഷ്യസും രേഖപ്പെടുത്തിയതായി അനൗദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നു.നാല്‍പ്പത് ദിവസത്തെ കഠിന ശൈത്യകാലമായ 'ചില്ല-ഇ-കലന്‍' ഈ ആഴ്ച ആദ്യം അവസാനിച്ചെങ്കിലും കശ്മീരില്‍ തണുപ്പ് തുടരുകയാണ്.താഴ്വര നിലവില്‍ 20 ദിവസം നീണ്ടുനില്‍ക്കുന്ന 'ചില്ല-ഇ-ഖുര്‍ദ്' (ചെറിയ തണുപ്പ്) യിലൂടെയാണ് കടന്നുപോകുന്നത്. തുടര്‍ന്ന് 10 ദിവസത്തെ 'ചില്ല-ഇ-ബച്ച' (നേരിയ തണുപ്പ്) ഉണ്ടാകും.

 

Latest News