കാസർകോട്- നാലുമാസം മുമ്പ് 70 ലക്ഷം രൂപയുടെ ലോട്ടറി അടിച്ച യുവാവിന്റെ മരണ കാരണം മദ്യപാനത്തെ തുടർന്നുള്ള ആരോഗ്യപ്രശ്‌നങ്ങളെന്ന് സൂചന. നേരത്തെ നന്നായി മദ്യപിക്കുമായിരുന്ന യുവാവ് പിന്നീട് മദ്യപാനം നിർത്തിയിരുന്നു. ലോട്ടറി അടിച്ച ശേഷം വീണ്ടും മദ്യപാനം നന്നായി തുടങ്ങിയിരുന്നതായി പറയുന്നു. അതുമായി ബന്ധപ്പെട്ട് ഉണ്ടായ ആരോഗ്യപ്രശ്‌നങ്ങളിൽ ചികിത്സക്ക് വിധേയമാകുന്നുണ്ട്. നെല്ലിക്കുന്ന് ബീച്ച് റോഡിലെ രാംപണ്ണ ഷെട്ടി ഭവാനി ദമ്പതികളുടെ മകൻ വിവേക് ഷെട്ടിയെ (36) ആണ് സ്വന്തം ബേക്കറി കടയ്ക്കകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നെല്ലിക്കുന്ന് ഓവർബ്രഡ്ജിന് സമീപത്തെ ബേക്കറിക്കുള്ളിൽ ഇന്നലെ രാവിലെ 11 മണിയോടെ ആണ് യുവാവിനെ മരിച്ച നിലയിൽ കണ്ടത്. കുറെ ദിവസമായി പൂട്ടി കിടന്ന കടയുടെ താക്കോൽ തൊട്ടടുത്തു തന്നെയുള്ള ചേട്ടന്റെ കടയിൽ നിന്ന് വാങ്ങി പത്തര മണിക്കാണ് ബേക്കറി തുറന്നത്. വിവേകിനെ കൂട്ടി ആശുപത്രിയിൽ പോകാൻ വീട്ടിൽ നിന്ന് ആളുകൾ എത്തിയപ്പോൾ ആണ് മരിച്ച നിലയിൽ കണ്ടത്. കടയുടെ ഷട്ടർ പകുതി തുറന്നു വച്ച നിലയിൽ ആയിരുന്നു. വിവരമറിഞ്ഞ് കാസർകോട് ടൗൺ പോലീസ് സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടപടികൾ സ്വീകരിച്ച് മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ലോട്ടറി അടിച്ചതിൽ നികുതി കഴിച്ച് 44 ലക്ഷത്തോളം രൂപ വിവേക് ഷെട്ടിക്ക് ലഭിച്ചിരുന്നു.
കേരള ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം അടിച്ച ഉടനെ വിവേക് ഷെട്ടി ടിക്കറ്റുമായി കാസർകോട് ടൗൺ പോലീസ് സ്‌റ്റേഷനിൽ ആയിരുന്നു ഓടിയെത്തിയിരുന്നത്. സി.ഐ പി അജിത് കുമാർ ഇടപെട്ടാണ് ബാങ്ക് മാനേജരെ വിളിച്ചു വരുത്തി ടിക്കറ്റ് കൈമാറാൻ നടപടി സ്വീകരിച്ചിരുന്നത്. ലോട്ടറി അടിച്ചതിനാൽ യുവാവിന് സാമ്പത്തിക പ്രയാസമൊന്നും ഉണ്ടായിരുന്നില്ലെന്ന് പറയുന്നു. ലോട്ടറി അടിച്ചു കിട്ടിയ തുകയിൽ ഒരു വിഹിതം മകന്റെ പേരിൽ ബേങ്കിൽ നിക്ഷേപിച്ചിരുന്നു. മരണ കാരണം കണ്ടെത്താൻ പോലീസ് അന്വേഷണം നടത്തുകയാണ്. ഭാര്യ : ആരതി. ഏകമകൻ: ആൽവി. സഹോദരങ്ങൾ: പുനീത് ഷെട്ടി, വിദ്യ.