റാഞ്ചി- മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന് അനധികൃതമായി ഭൂമി സമ്പാദിക്കാന്‍ സഹായിച്ചതിന് ഝാര്‍ഖണ്ഡ് പോലീസ് ഉദ്യോഗസ്ഥനെ ഇ. ഡി അറസ്റ്റ് ചെയ്തു.
ഝാര്‍ഖണ്ഡ് റവന്യൂ വകുപ്പിലെ സബ് ഇന്‍സ്പെക്ടര്‍ ഭാനു പ്രതാപ് പ്രസാദാണ് അറസ്റ്റിലായത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം സെക്ഷന്‍ 19 പ്രകാരമാണ് അന്വേഷണ ഏജന്‍സി ഇയാളെ അറസ്റ്റ് ചെയ്തത്.
ഭൂമി തട്ടിപ്പ് കേസില്‍ ഭാനു പ്രതാപ് നേരത്തെ അറസ്റ്റിലായിരുന്നു. നിലവില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലുള്ള ഹേമന്ത് സോറന്‍ ഝാര്‍ഖണ്ഡിലെ ഭൂമാഫിയയുമായി ബന്ധമുള്ള പ്രതാപിന്റെ സഹായത്തോടെ എട്ടര ഏക്കറോളം ഭൂമി അനധികൃതമായി സമ്പാദിക്കുകയും കൈവശം വയ്ക്കുകയും ചെയ്തുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.
കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് ഹേമന്ദ് സോറനെ അന്വേഷണ ഏജന്‍സി കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. പ്രസാദിന്റെ ഫോണില്‍ നിന്ന് കണ്ടെത്തിയ സംഭാഷണങ്ങളില്‍ നിന്നും അന്വേഷണം നടക്കുന്ന ഭൂമി കുംഭകോണത്തില്‍ ഹേമന്ത് സോറന് നേരിട്ടുള്ള പങ്കാളിത്തം വെളിപ്പെടുന്നതായി ഉദ്യോഗസ്ഥര്‍ പറയുന്നു.