Sorry, you need to enable JavaScript to visit this website.

'അഡ്വാനിയുടെ ഭാരത രത്‌ന രഥയാത്രയിൽ കൊല്ലപ്പെട്ടവരുടെ ശവക്കല്ലറയിൽ ചവിട്ടി നേടിയത്' - അസദുദ്ദീൻ ഉവൈസി

ഹൈദരാബാദ് - രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്‌ന മുതിർന്ന ബി.ജെ.പി നേതാവ് എൽ.കെ അഡ്വാനിക്ക് നൽകിയതിൽ രൂക്ഷ വിമർശനവുമായി എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി എം.പി. രഥയാത്രയ്ക്കിടെ കൊല്ലപ്പെട്ടവരുടെ ശവക്കല്ലറയിൽ ചവിട്ടിയാണ് അദ്വാനി ഭാരതരത്‌ന നേടിയതെന്ന് അദ്ദേഹം എക്‌സിൽ കുറിച്ചു. 
 മനുഷ്യർക്കിടയിൽ വിഭാഗീയതയുടെ വിത്ത് വിതച്ചുള്ള രഥയാത്രയ്ക്കിടെ ഓരോ സ്ഥലത്തും കൊല്ലപ്പെട്ടവരുടെ എണ്ണം അടക്കം രേഖപ്പെടുത്തിയുള്ള മാപ്പ് സഹിതമാണ് അസദുദ്ദീൻ ഉവൈസിയുടെ കുറിപ്പ്.
 ഗുജറാത്തിലെ സോമനാഥിൽ നിന്ന് 1990 സെപ്തംബർ 23ന് തുടങ്ങിയ രഥയാത്ര ഒക്ടോബർ 23ന് ബിഹാറിലെ ദൻബാദിൽ വച്ച് അന്നത്തെ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവ് തടയുകയായിരുന്നു. ഭീകരമായ കാലുഷ്യങ്ങളും രക്തച്ചൊരിച്ചിലിനും ഇടയാക്കിയ രഥയാത്രയിൽ ഒട്ടേറെ വിലപ്പെട്ട ജീവനുകളാണ് പൊലിഞ്ഞത്. മുസഫർനഗർ -മൂന്ന്, ബിജ്‌നോർ - 58, മീററ്റ് - എഴ്, രാംപൂർ - മൂന്ന്, അലിഗഢ് - മൂന്ന്, ജയ്പൂർ - 47, വഡോദര - രണ്ട്, ബറൂച്ച് - ഒന്ന്, രാമനഗരം - രണ്ട്, കർണാടക - 30, ദേവാംഗരെ- ഒന്ന്, ബിദാർ - ഏഴ്, ഹൈദരാബാദ് - 30, റാഞ്ചി - 12, ഹൗറ - 12, ഇൻഡോർ - 12, കേണൽഗഞ്ച് - 37, ലഖ്‌നോ - മൂന്ന്3, ഝാൻസി -ഒന്ന്1, പറ്റ്‌ന - നാല് എന്നിങ്ങനെയാണ് രഥയാത്രയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം. 
 അഡ്വാനിക്ക് ഭാരതരത്‌ന നൽകുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും നമ്മുടെ കാലത്തെ ഏറ്റവും ആദരണീയനായ രാഷ്ട്രതന്ത്രജ്ഞരിൽ ഒരാളാണ് അഡ്വാനിയെന്നും ഇന്ത്യയുടെ വികസനത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ വലുതാണെന്നും ട്വീറ്റ് ചെയ്താണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഭാരത രത്‌ന വിവരം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. വി.പി സിംഗ് സർക്കാർ രാജ്യം ഭരിച്ചപ്പോഴാണ് എൽ.കെ അഡ്വാനിയുടെ നേതൃത്വത്തിൽ ബാബരി മസ്ജിദ് രാമജൻമഭൂമിയാണെന്നും ഹിന്ദുക്കൾക്കു വിട്ടുകിട്ടണമെന്നുമുള്ള ഹിന്ദുത്വശക്തികളുടെ ഏകോപനത്തിന് അഡ്വാനിയുടെ ശ്രമമുണ്ടായത്. എന്നാൽ, ബാബരി മസ്ജിദ് സംരക്ഷണത്തിനും അഡ്വാനിയുടെ രഥയാത്രയ്‌ക്കെതിരെയും കടുത്ത നിലപാട് സ്വീകരിച്ചതുമൂലം വി.പി സിംഗ് സർക്കാർ നിലം പതിക്കുകയായിരുന്നു.

Latest News